| Tuesday, 11th February 2020, 5:24 pm

ബി.ജെ.പിയുടെ പരാജയം ഡല്‍ഹിയില്‍ ആഘോഷമാകുമ്പോഴും വായ്മൂടിക്കെട്ടി നിശബ്ദരായി ഷാഹീന്‍ ബാഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി തെരഞ്ഞെടുപ്പിലെ ആംആദ്മി പാര്‍ട്ടിയുടെ വിജയവും ബി.ജെ.പിയുടെ പരാജയവും രാജ്യത്ത് മുഴുവന്‍ ചര്‍ച്ചയാകുമ്പോള്‍ ഷാഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ മൗനസമരത്തിലാണ്. തങ്ങള്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയെയും പിന്തുണക്കുന്നില്ലെന്ന പോസ്റ്ററുകളുമായി വായ്മൂടിക്കെട്ടിയാണ് പ്രതിഷേധക്കാര്‍ സമരപ്പന്തലില്‍ ഇരിക്കുന്നത്. മഹാത്മ ഗാന്ധിയുടെ ചിത്രമുള്ള ‘മൗന്‍ വ്രത്’ എന്ന് ബാനറാണ് ഇവര്‍ ഉയര്‍ത്തിയിരിക്കുന്നത്.

ദല്‍ഹി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രധാന ആയുധമാക്കിയത് ഷാഹീന്‍ ബാഗായിരുന്നു. അതുകൊണ്ടു തന്നെ ബി.ജെ.പിക്കേറ്റ പരാജയം ഷാഹീന്‍ ബാഗിലുണ്ടാക്കിയ പ്രതികരണം അറിയാന്‍ നിരവധി മാധ്യമപ്രവര്‍ത്തകരാണ് സ്ഥലത്തെത്തിയത്. എന്നാല്‍ ആംഗ്യഭാഷയില്‍ തങ്ങള്‍ മൗനസമരത്തിലാണെന്നാണ് പ്രതിഷേധക്കാര്‍ മറുപടി നല്‍കിയത്.

രാഷ്ട്രീയപ്പാര്‍ട്ടികളെ പിന്തുണക്കുന്നില്ല എന്ന പോസ്റ്ററുകള്‍ക്കൊപ്പം, ജാമിഅ കോഡിനേഷന്‍ കമ്മിറ്റി നടത്തിയ പൗരത്വ നിയമ പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ അക്രമത്തിനെതിരെയും പോസ്റ്ററുകള്‍ നിരത്തിയിട്ടുണ്ട്. പൊലിസ് അതിക്രമം അവസാനിപ്പിക്കണമെന്നും തങ്ങള്‍ ജാമിഅയെ പിന്തുണക്കുന്നുവെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പുകളിലെ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെ വിജയം കൊണ്ട് തീരുന്നതല്ല പൗരത്വ ഭേദഗതി നിയമത്തെ തുടര്‍ന്ന് ജനങ്ങള്‍ അനുഭവിക്കുന്ന പ്രതിസന്ധിയെന്നും അതിനാലാണ് പ്രതീകാത്മകമായി മൗനവ്രതം അനുഷ്ഠിക്കുന്നതെന്നും സമരപ്പന്തലിന് പുറത്തുള്ള സമരാനുകൂലികള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘കേവലം ഡല്‍ഹി എന്ന ഒരു സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് വിജയ പരാജയവും ഷഹീന്‍ ബാഗ് സമരത്തിന്റെ ലക്ഷ്യവും തമ്മില്‍ ഒരു ബന്ധവുമില്ല. ഇന്ത്യയിലെ മുഴുവന്‍ മുസ്ലിങ്ങളും അനുഭവിക്കുന്ന വിവേചനങ്ങള്‍ക്കെതിരെയാണ് ഷഹീന്‍ ബാഗ് സമരം. ആ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ ഷാഹീന്‍ ബാഗിന് സന്തോഷിക്കാനാവില്ല.’ പ്രദേശവാസിയായ മുഹമ്മദ് അബ്ദുള്ള പറഞ്ഞു.

ഷാഹീന്‍ ബാഗ് പ്രതിഷേധം രാഷ്ട്രീയക്കളിയാണെന്നായിരുന്നു ബി.ജെ.പി നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണറാലിക്കിടെ പ്രധാനമായും പറഞ്ഞിരുന്നത്. അരവിന്ദ് കെജ്‌രിവാള്‍ പ്രതിഷേധക്കാര്‍ക്ക് ബിരിയാണി വെച്ചു നല്‍കുകയാണെന്നടക്കമുള്ള പ്രസ്താവനകള്‍ ബി.ജെ.പി നേതാക്കള്‍ നടത്തിയിരുന്നു.

ദല്‍ഹി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ആംആദ്മി പാര്‍ട്ടിയും അരവിന്ദ് കെജ്‌രിവാളും മൂന്നാം തവണയും അധികാരത്തിലെത്തിയിരിക്കുകയാണ്. എഴുപതില്‍ 63 സീറ്റുകള്‍ ആംആദ്മി നേടിയപ്പോള്‍ ബി.ജെ.പിക്ക് ഏഴ് സീറ്റുകളാണ് നേടാനായത്. കോണ്‍ഗ്രസിന് സീറ്റൊന്നും തന്നെ ലഭിച്ചില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more