| Friday, 22nd July 2022, 4:34 pm

എട്ടിന്റെയല്ല, പാകിസ്ഥാന് കിട്ടിയത് പതിനാറിന്റെ പണി

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി പാകിസ്ഥാന് വമ്പന്‍ തിരിച്ചടി. പാകിസ്ഥാന്റെ സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രിദിക്ക് പരിക്കേറ്റതാണ് സന്ദര്‍ശകരെ ആശങ്കയിലാഴ്ത്തുന്നത്.

കാല്‍മുട്ടിനേറ്റ പരിക്ക് സാരമുള്ളതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എന്നിരുന്നാലും ഷഹീനിന് രണ്ടാം ടെസ്റ്റ് കളിക്കാന്‍ സാധിക്കില്ല എന്ന കാര്യം ഏകദേശം ഉറപ്പായിരിക്കുകയാണ്.

‘ഷഹീന്‍ അഫ്രിദി ടെസ്റ്റ് സ്‌ക്വാഡിനൊപ്പം ശ്രീലങ്കയില്‍ തന്നെ തുടരും. ടീമിലെ മെഡിക്കല്‍ സ്റ്റാഫിന്റെയും ഒഫീഷ്യല്‍സിന്റെയും നേതൃത്വത്തില്‍ അദ്ദേഹത്തെ പരിചരിക്കുകയാണ്,’ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

രണ്ടാം ടെസ്റ്റും ജയിച്ച് പരമ്പര സ്വന്തമാക്കാന്‍ കുതിക്കുന്ന പാകിസ്ഥാനെ സംബന്ധിച്ച് ഷഹീന്‍ അഫ്രിദിയുടെ പരിക്ക് വമ്പന്‍ തിരിച്ചടിയാണ്. ഗല്ലെയില്‍ നടന്ന ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഷഹീനായിരുന്നു പാകിസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായ ഒരു ഘടകം.

ആദ്യ ഇന്നിങ്‌സില്‍ 14.1 ഓവര്‍ എറിഞ്ഞ താരം മൂന്ന് മെയ്ഡനുള്‍പ്പടെ 58 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ രണ്ട് മെയ്ഡനുള്‍പ്പടെ ഏഴ് ഓവര്‍ പന്തെറിഞ്ഞ താരം 21 റണ്‍സായിരുന്നു വഴങ്ങിയത്. വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും അഫ്രിദിയുടെ അഭാവം പാകിസ്ഥാനെ ബാധിക്കുമെന്നുറപ്പാണ്.

ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ നേരിയ ലീഡ് സ്വന്തമാക്കിയതിന് ശേഷമായിരുന്നു ശ്രീലങ്കയുടെ പരാജയം.

മൂന്നാം ദിനം അവസാനിക്കുന്നത് വരെ ലങ്ക വിജയിക്കും എന്ന് കരുതിയ മത്സരം മികച്ച ബാറ്റിങ് പോരാട്ടത്തിലൂടെ പാകിസ്ഥാന്‍ കൈക്കലാക്കുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 342 റണ്‍സ് ചെയ്‌സ് ചെയ്യാനിറങ്ങിയ പാകിസ്ഥാന്‍ നാല് വിക്കറ്റിനായിരുന്നു വിജയിച്ചത്.

ഓപ്പണര്‍ അബ്ദുള്ള ഷെഫീഖായിരുന്നു പാകിസ്ഥാന്റെ വിജയശില്‍പി. 408 പന്തില്‍ നിന്നും ആറ് ബൗണ്ടറിയും ഒരു സിക്സറുമടക്കം 160 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ആദ്യ ഇന്നിങ്‌സില്‍ നാല് റണ്‍സിന്റെ നേരിയ ലീഡുമായിട്ടായിരുന്നു ശ്രീലങ്ക രണ്ടാം ഇന്നിങ്‌സിനിറങ്ങിയത്. പിന്നീട് രണ്ടാം ഇന്നിങ്‌സില്‍ 337 റണ്‍സാണ് ശ്രീലങ്ക സ്വന്തമാക്കിയത്. 94 റണ്‍സുമായി പുറത്താകാതെ നിന്ന ദിനേശ് ചണ്ഡിമലാണ് ശ്രീലങ്കയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.

എന്നാല്‍ പാകിസ്ഥാന്‍ ഓപ്പണര്‍ ഷഫീഖിന്റെ ബാറ്റിങ് മികവില്‍ പാക് ജയിക്കുകയായിരുന്നു. ക്യാപ്റ്റന്‍ ബാബര്‍ അസം 55 റണ്‍സ് നേടിയിരുന്നു.

ജൂലൈ 24നാണ് പരമ്പരയിലെ രണ്ടാമത്തേതും അവസാനത്തേതുമായ മത്സരം. രണ്ടാം ടെസ്റ്റിലും വിജയിച്ച് പരമ്പര സ്വന്തമാക്കാന്‍ പാകിസ്ഥാന്‍ ഇറങ്ങുമ്പോള്‍ സീരീസ് സമനിലയിലാക്കാനാണ് ലങ്കയുടെ ശ്രമം.

ഗല്ലെയില്‍ വെച്ചുതന്നെയാണ് രണ്ടാം ടെസ്റ്റും അരങ്ങേറുന്നത്.

Content highlight:  Shaheen Afridi Will Miss The Second Test Due To A Knee Injury

Latest Stories

We use cookies to give you the best possible experience. Learn more