| Wednesday, 1st November 2023, 1:22 pm

അദ്ദേഹമാണെന്റെ ഹീറോ, ഈ മിന്നും ഫോമിന്റെ ക്രെഡിറ്റ് അദ്ദേഹത്തിനുളളതാണ്; തുറന്ന് പറഞ്ഞ് ഷഹീന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏകദിന ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഏഴ് വിക്കറ്റിന്റെ ഉജ്ജ്വലവിജയം പാകിസ്ഥാന്‍ സ്വന്തമാക്കിയിരുന്നു. തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം പാക്കിസ്ഥാന്‍ ടീമിന്റെ വിജയമായിരുന്നു ഇത്.

മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനമാണ് ഷഹീന്‍ കാഴ്ചവെച്ചത്. മത്സരശേഷം ഈ മികച്ച പ്രകടനത്തിന് പിന്നില്‍ ആരാണെന്ന് ഷഹീന്‍ അഫ്രീദി വെളിപ്പെടുത്തി. ഈ മികച്ച പ്രകടനത്തിന്റെ ക്രെഡിറ്റ് മുന്‍ പാക് ബൗളര്‍ ഷാഹിദ് അഫ്രീദിക്ക് കൈമാറുകയായിരുന്നു ഷഹീന്‍.

‘ക്രിക്കറ്റില്‍ ഉള്ള റെക്കോഡുകള്‍ എല്ലാം തകര്‍ക്കാന്‍ ഉള്ളതാണ്. ഞങ്ങള്‍ പാകിസ്ഥാന് വേണ്ടി പുതിയ റെക്കോഡുകള്‍ സൃഷ്ടിച്ചതില്‍ സന്തോഷമുണ്ട്. ഷാഹിദ് അഫ്രീദി എപ്പോഴും നിര്‍ദശങ്ങള്‍ തരുന്നു. അദ്ദേഹത്തെപ്പോലെ ക്രിക്കറ്റ് കളിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അദ്ദേഹമാണ് എന്റെ ഹീറോ,’ ഷഹീനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

മത്സരത്തില്‍ ഒന്‍പത് ഓവറില്‍ വെറും 23 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റുകളാണ് ഷഹീന്‍ സ്വന്തമാക്കിയത്. ഇതോടെ 51 മത്സരങ്ങളില്‍ നിന്നും ഏറ്റവും വേഗത്തില്‍ 100 വിക്കറ്റുകള്‍ നേടുന്ന ബൗളര്‍ എന്ന റെക്കോഡ് നേടാനും ഷഹീന് സാധിച്ചു. ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ സ്റ്റാര്‍ക്കിന്റെ റെക്കോഡാണ് ഷഹീന്‍ മറികടന്നത്. ലോകകപ്പില്‍ 16 വിക്കറ്റുകള്‍ നേടി വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് പാക് പേസര്‍.

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പാകിസ്ഥാന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ ബംഗ്ലാദേശ് 45.1 ഓവറില്‍ 204 റണ്‍സിന് പുറത്താവുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 32.3 ഓവറില്‍ ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. പാക് ബാറ്റിങ് നിരയില്‍ ഫക്കര്‍ സമാന്‍ 81 റണ്‍സും അബ്ദുള്ള ഷഫീക് 68 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

ജയത്തോടെ വീണ്ടും സെമിഫൈനല്‍ സാധ്യതകള്‍ സജീവമായി നിലനിര്‍ത്താനും പാകിസ്ഥാന് സാധിച്ചു. ന്യൂസിലാഡിനെതിരെയും ഇംഗ്ലണ്ടിനെതിരെയുമാണ് പാകിസ്ഥാന്റെ അടുത്ത മത്സരങ്ങള്‍. ഈ മത്സരങ്ങള്‍ പാകിസ്ഥാന്റെ സെമിഫൈനല്‍ പ്രവേശനത്തിന് വിധിയെഴുതും.

Content Highlight: Shaheen Afridi talks about Shaheen Afridi coaching for him.

We use cookies to give you the best possible experience. Learn more