| Wednesday, 27th July 2022, 9:40 pm

ഈ കാലത്തെ ഏറ്റവും മികച്ച ബൗളര്‍ ബുംറയല്ല; താരത്തെ മറികടന്ന് പാകിസ്ഥാന്‍ ബൗളര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റില്‍ പേസ് ബൗളര്‍മാര്‍ക്ക് ഒരുപാട് ആരാധന പിന്തുണയാണ് എല്ലാ കാലത്തും കിട്ടാറുള്ളത്. പ്രത്യേകിച്ച എക്‌സ്പ്രസ് പേസ് ബൗളര്‍മാര്‍. നിലവില്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറക്ക് അത്തരത്തില്‍ ഒരുപാട് ആരാധകരുണ്ട്. അദ്ദേഹത്തിന്റെ പേസ് ബൗളിങ് ആക്ഷനും കുറ്റി തെറിപ്പിക്കുന്ന ബോളുകള്‍ക്കും ഒരുപാട് ആരാധകരുണ്ട്.

അതുപോലെ തന്നെയാണ് പാകിസ്ഥാന്‍ ബൗളര്‍ ഷഹീന്‍ അഫ്രീദിയുടെ കാര്യവും. ബുംറയുടെ അത്ര ഇല്ലങ്കിലും അദ്ദേഹത്തിന്റെ ബൗളിങ്ങിനും ഒരുപാട് ഫാന്‍സുണ്ട്. നിലവില്‍ പാകിസ്ഥാന്റെ ഏറ്റവും മികച്ച പേസ് ബൗളര്‍ ഷഹീനാണ്.

ഇന്ത്യന്‍ നിരയില്‍ പാകിസ്ഥാനില്‍ ഷഹീനും തന്നെയാണ് മികച്ച പേസ് ബൗളര്‍മാരെന്ന് നമുക്ക് പറയാന്‍ സാധിക്കും. എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനം നടത്താന്‍ ഇരുവര്‍ക്കും സാധിക്കാറുണ്ട്. നിലവില്‍ ഇവരില്‍ ആരാണ് മികച്ചതെന്ന വാക്ക് തര്‍ക്കങ്ങളും സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നുണ്ട്.

ഇപ്പോഴിതാ ക്രിക്കറ്റിന്റെ ഏറ്റവും വലിയ ഫോര്‍മാറ്റായ ടെസ്റ്റ് ക്രിക്കറ്റില്‍ ബുംറയെ മറികടന്ന് മുന്നിലെത്തിയിരിക്കുകയാണ് ഷഹീന്‍. ഐ.സി.സി പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ്ങിലാണ് ഷഹീന്‍ ബുംറയെ മറികടന്നത്.

മൂന്നാം സ്ഥാനത്തായിരുന്നു ബുംറയെ പിന്തള്ളിയാണ് ഷഹീന്‍ ആ സ്ഥാനം കരസ്ഥമാക്കിയത്. നാലാം സ്ഥാനത്താണ് ബുംറയിപ്പോള്‍. ശ്രീലങ്കക്കെതിരെയുള്ള ആദ്യ ടെസ്റ്റിലെ നാല് വിക്കറ്റ് പ്രകടനമാണ് ഷഹീനെ മുന്നേറാന്‍ സഹായിച്ചത്. ലങ്കക്കെതിരെയുള്ള രണ്ടാം മത്സരത്തില്‍ അദ്ദേഹത്തിന് കളിക്കാന്‍ സാധിച്ചില്ലായിരുന്നു. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ടെസ്റ്റ് റാങ്കിങ്ങാണിത്.

ടെസ്റ്റിലും ഏകദിനത്തിലും അദ്ദേഹം മൂന്നാം റാങ്കിലാണ്. ട്വന്റി-20യില്‍ 12ാം സ്ഥാനത്താണ് ഷഹീന്‍.

നാലാം സ്ഥാനത്തുള്ള ബുറക്ക് 828 പോയിന്റാണുള്ളത്. ഇന്ത്യന്‍ ഇതിഹാസ സ്പിന്നര്‍ ആര്‍. അശ്വിന്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. ഒന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സാണ്. അതേസമയം ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ കരിയര്‍ ബെസ്റ്റ് റാങ്കിങ്ങുമായി പാക് നായകന്‍ ബാബര്‍ അസം മൂന്നാം സ്ഥാനത്തെത്തി.

Content Highlights: Shaheen Afridi surpasses Jasprit Bumrah in test Rankings

We use cookies to give you the best possible experience. Learn more