| Saturday, 3rd June 2023, 3:32 pm

ഒറ്റ ഓവറില്‍ നാല് സിക്‌സര്‍; വിരാടിന്റെ പോരാളിയെ അടിച്ചു പറത്തി ഷഹീന്‍; തോറ്റ മത്സരത്തിലും തലയുയര്‍ത്തി പാക് താരം

സ്പോര്‍ട്സ് ഡെസ്‌ക്

വൈറ്റാലിറ്റി ബ്ലാസ്റ്റില്‍ തകര്‍ത്തടിച്ച് പാകിസ്ഥാന്‍ സൂപ്പര്‍ താരം ഷഹീന്‍ ഷാ അഫ്രിദി. ഒമ്പതാമനായി ഇറങ്ങി വെടിക്കെട്ട് തീര്‍ത്താണ് അഫ്രിദി തോറ്റ മത്സരത്തിലും തലയുയര്‍ത്തി നിന്നത്.

വൈറ്റാലിറ്റി ടി-20 ബ്ലാസ്റ്റിലെ വോസ്റ്റര്‍ഷെയര്‍ – നോട്ടിങ്ഹാംഷെയര്‍ മത്സരത്തിലാണ് ഷഹീന്‍ തിളങ്ങിയത്. 11 പന്തില്‍ നിന്നും നാല് സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 29 റണ്‍സാണ് ഷഹീന്‍ നേടിയത്.

ട്രെന്റ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ നോട്ടിങ്ഹാംഷെയര്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വോസ്റ്റര്‍ഷെയറിനായി ടോപ് ഓര്‍ഡര്‍ കളമറിഞ്ഞ് കളിച്ചപ്പോള്‍ സ്‌കോര്‍ ഉയര്‍ന്നു.

98 റണ്‍സിന്റെ കൂട്ടുകെട്ടാണ് ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാര്‍ ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 21 പന്തില്‍ നിന്നും ആറ് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 44 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ബ്രെറ്റ് ഡി ഒലിവേറിയയുടെ വിക്കറ്റാണ് വോസ്റ്റര്‍ഷെയറിന് ആദ്യം നഷ്ടമായത്.

വണ്‍ ഡൗണായെത്തിയ ജാക്ക് ഹെയ്ന്‍സിനെ കൂട്ടുപിടിച്ച് ഓപ്പണര്‍ മൈക്കല്‍ ബ്രേസ്വെല്‍ റണ്ണടിച്ചുകൂട്ടി. 27 പന്തില്‍ നിന്നും 55 റണ്‍സുമായി ബ്രേസ്വെല്‍ തിളങ്ങിയപ്പോള്‍ 25 പന്തില്‍ നിന്നും 42 റണ്‍സ് നേടി ഹെയ്ന്‍സും സ്‌കോറിങ്ങിന് വേഗം കൂട്ടി.

മധ്യനിരയില്‍ ആദം ഹോസെയും അര്‍ധ സെഞ്ച്വറി തികച്ചതോടെ വോസ്റ്റര്‍ഷെയര്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സിലേക്കുയര്‍ന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നോട്ടിങ്ഹാംഷെയറിനും തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാര്‍ ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പുടുത്തുയര്‍ത്തിയെങ്കിലും ശേഷമെത്തിയവര്‍ക്ക് ഒന്നും ചെയ്യാനില്ലാതെ പോയി.

16 പന്തില്‍ നിന്നും 25 റണ്‍സ് നേടിയ ജോ ക്ലാര്‍ക്കിന്റെ വിക്കറ്റാണ് നോട്ടിങ്ഹാംഷെയറിന് ആദ്യം നഷ്ടമായത്. അതോടെ ടീമിന്റെ പതനവും ആരംഭിക്കുകയായിരുന്നു.

ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ വിക്കറ്റുകള്‍ വീണുകൊണ്ടേയിരുന്നു. ഒറ്റയക്കത്തിനായിരുന്നു ടോപ് ഓര്‍ഡറും മിഡില്‍ ഓര്‍ഡറും മടങ്ങിയത്.

ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മറുവശത്ത് നിന്ന് ഓപ്പണര്‍ അലക്‌സ് ഹേല്‍സ് റണ്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. 35 പന്തില്‍ നിന്നും 71 റണ്‍സാണ് താരം നേടിയത്.

അലക്‌സ് ഹെയ്ല്‍സിന് അല്‍പമെങ്കിലും സപ്പോര്‍ട്ട് നല്‍കിയത് ഒമ്പതാമനായി ഇറങ്ങിയ ഷഹീന്‍ അഫ്രിദിയാണ്. 11 പന്തില്‍ നിന്നും 29 റണ്‍സാണ് താരം ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ത്തത്.

മത്സരത്തിന്റെ 16ാം ഓവറിലായിരുന്നു ഹീന്‍ തന്റെ ഹാര്‍ഡ് ഹിറ്റിങ് കപ്പാസിറ്റി പുറത്തെടുത്തത്. ആര്‍.സി.ബി താരം കൂടിയായ മൈക്കല്‍ ബ്രേസ്വെല്ലെറിഞ്ഞ ഓവറില്‍ നാല് സിക്‌സറാണ് ഷഹീന്‍ അടിച്ചെടുത്തത്.

ഓവറിലെ ആദ്യ പന്തില്‍ മിഡ്‌വിക്കറ്റിലൂടെ സിക്‌സര്‍ നേടിയ ഷഹീന്‍ മൂന്നാം പന്ത് മിഡ്‌വിക്കറ്റിലൂടെയും തൊട്ടടുത്ത പന്ത് മിഡ് ഓണിലൂടെയും സിക്‌സറിന് പറത്തി. ഓവറിലെ അഞ്ചാം പന്ത് വീണ്ടും മിഡ് ഓണിലൂടെ അതിര്‍ത്തി കടത്തിയാണ് ഷഹീന്‍ കരുത്ത് കാട്ടിയത്.

t

എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ഷഹീനും വീണതോടെ നോട്ടിങ്ഹാമിന്റെ തോല്‍വി പൂര്‍ത്തിയായി.

ഒടുവില്‍ 18.2 ഓവറില്‍ ടീം 170 ഓള്‍ ഔട്ടായി. 56 റണ്‍സിനാണ് വോസ്റ്റര്‍ഷെയര്‍ വിജയം ആഘോഷിച്ചത്.

Content highlight: Shaheen Afridi smashes 4 sixes in an over

We use cookies to give you the best possible experience. Learn more