| Saturday, 28th October 2023, 1:06 pm

ഒരു വിക്കറ്റിന്റെ തോല്‍വി തീരാനഷ്ടം; പാകിസ്ഥാന്റെ തോല്‍വിയില്‍ നിരാശ പ്രകടിപ്പിച്ച് അഫ്രീദി

സ്പോര്‍ട്സ് ഡെസ്‌ക്

ഏകദിന ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ പാകിസ്ഥാന്‍ ഒരു വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ഈ തോല്‍വിക്ക് പിന്നാലെ നിരാശ പങ്കുവെച്ച് മുന്‍ പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദി സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി.

ഒരു വിക്കറ്റിന്റെ തോല്‍വി തീരാ നഷ്ടമാണെന്നും അടുത്ത മത്സരങ്ങളില്‍ കൂടുതല്‍ ആവേശത്തോടെ പോരാടണമെന്നുമാണ് അഫ്രീദി പറഞ്ഞത്.

‘ലോകകപ്പിലെ ത്രില്ലറുകള്‍ക്ക് കാത്തിരിക്കുകയായിരുന്നു ! ഹാര്‍ഡ് ലക്ക് ബോയ്‌സ്, മറ്റൊരു ദിവസം കാര്യങ്ങള്‍ നിങ്ങളുടെ വഴിക്ക് വരും. ഒരു വിക്കറ്റിന്റെ തോല്‍വി തീരാനഷ്ടമാണ്. എന്നാല്‍ നിങ്ങള്‍ ടീമിന് ഏറ്റവും മികച്ച പ്രകടനം നടത്തുകയും അവസാനം വരെ ധീരമായി പോരാടുകയും ചെയ്തു,’ അഫ്രീദി എക്സില്‍ കുറിച്ചു.

ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പാകിസ്ഥാനെ 46.4 ഓവറില്‍ സൗത്ത് ആഫ്രിക്കന്‍ ബൗളര്‍മാര്‍ എറിഞ്ഞുവീഴ്ത്തി.

പാക് ബാറ്റിങ് നിരയില്‍ നായകന്‍ ബാബര്‍ അസം 50 റണ്‍സും സൗദ് സക്കീല്‍ 53 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. സൗത്ത് ആഫ്രിക്കന്‍ ബൗളിങ് നിരയില്‍ ഷംസി നാല് വിക്കറ്റും മാര്‍ക്കോ ജാന്‍സന്‍ മൂന്ന് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക 47.2 ഓവറില്‍ ഒരു വിക്കറ്റ് ബാക്കി നില്‍ക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു. സൗത്ത് ആഫ്രിക്കന്‍ ബാറ്റിങ് നിരയില്‍ എയ്ഡന്‍ മാക്രം 93 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.

പാക് ബൗളിങ് നിരയില്‍ ഷഹീന്‍ അഫ്രീദി മൂന്ന് വിക്കറ്റും ഹാരിസ് റൗഫ്, മുഹമ്മദ് വാസിം, ഉസാമ മിര്‍ എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. എന്നാല്‍ അവസാന നിമിഷം ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റിന്റെ ജയം സ്വന്തമാക്കുകയായിരുന്നു.

പാക് ടീമിന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. ഇതോടെ പാക്കിസ്ഥാന്‍ ടീമിന്റെ സെമി ഫൈനല്‍ സാധ്യതകള്‍ തുലാസിലായിരിക്കുകയാണ്.

ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരെയാണ് പാകിസ്ഥാതാന്റെ ശേഷിക്കുന്ന മത്സരങ്ങള്‍ ഈ മത്സരങ്ങളെല്ലാം ജയിച്ചാലും പാകിസ്ഥാന് സെമിയിലേക്ക് മുന്നേറാന്‍ സാധിക്കുമോ എന്ന് കണ്ടു തന്നെ അറിയണം.

Content Highlight: Shaheen Afridi share the disappoinment pakisthan defeat against south africa in world cup.

Latest Stories

We use cookies to give you the best possible experience. Learn more