അഫ്രിദിക്ക് 'അഫ്രിദിയുടെ' ബാധ കൂടിയോ എന്നാണ് സംശയം; തോറ്റ മത്സരത്തിലും തരംഗമായി ക്യാപ്റ്റന്‍; വീഡിയോ
Sports News
അഫ്രിദിക്ക് 'അഫ്രിദിയുടെ' ബാധ കൂടിയോ എന്നാണ് സംശയം; തോറ്റ മത്സരത്തിലും തരംഗമായി ക്യാപ്റ്റന്‍; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 8th March 2023, 9:41 pm

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ തന്റെ കന്നി അര്‍ധ സെഞ്ച്വറി തികച്ച് ലാഹോര്‍ ഖലന്ദേഴ്‌സ് നായകന്‍ ഷഹീന്‍ ഷാ അഫ്രിദി. പെഷവാര്‍ സാല്‍മിക്കെതിരായ മത്സരത്തിലായിരുന്നു ഷഹീനിന്റെ തകര്‍പ്പന്‍ പ്രകടനം പിറന്നത്.

ടീമിന്റെ ശക്തി കേന്ദ്രമായ ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോഴാണ് ഷഹീന്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സ് പുറത്തെടുത്തത്. 37 പന്തില്‍ നിന്നും നാല് ബൗണ്ടറിലും അഞ്ച് തകര്‍പ്പന്‍ സിക്‌സറും ഉള്‍പ്പെടെ 144.44 സ്‌ട്രൈക്ക് റേറ്റില്‍ 52 റണ്‍സാണ് താരം നേടിയത്.

താരത്തിന്റെ പ്രകടനം കണ്ട ആരാധകര്‍ ഒന്നടങ്കം വണ്ടറടിച്ചിരിക്കുകയാണ്. ടോ ക്രഷിങ് യോര്‍ക്കറും മാരക പേസുമായി ബാറ്ററെ വെള്ളം കുടിപ്പിക്കുന്ന ഷഹീനിന്റെ മറ്റൊരു മുഖമായിരുന്നു പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആരാധകര്‍ കണ്ടത്.

പാക് ലെജന്‍ഡും ഷഹീനിന്റെ ഭാര്യാപിതാവുമായ ഷാഹിദ് അഫ്രിദിയുടെ ഷോട്ടുകളെ അനുസ്മരിപ്പിക്കും വിധമാണ് ഷഹീന്‍ റണ്ണടിച്ചുകൂട്ടിയതെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിപ്പോള്‍ ഷാഹിദ് അഫ്രിദിയുടെ ബാധ കൂടിയതാണോ എന്നുള്ള സംശയവും ആരാധകര്‍ പങ്കുവെക്കുന്നുണ്ട്.

ഷഹീനിന്റെ ഫിഫ്റ്റി പിറന്നെങ്കിലും സാല്‍മിക്കെതിരായ മത്സരത്തില്‍ തോല്‍ക്കാനായിരുന്നു റെയ്‌നിങ് ചാമ്പ്യന്‍മാരുടെ വിധി. 35 റണ്‍സിനായിരുന്നു ലാഹോര്‍ പരാജയപ്പെട്ടത്.

ടോസ് നേടിയ സാല്‍മി നായകന്‍ ബാബര്‍ അസം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ സയീം അയ്യൂബിന്റെയും ബാബറിന്റെയും അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ സാല്‍മി ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു.

36 പന്തില്‍ നിന്നും 68 റണ്ണടിച്ച അയ്യൂബിന്റെ വിക്കറ്റാണ് സാല്‍മിക്ക് ആദ്യം നഷ്ടമായത്. വണ്‍ ഡൗണായെത്തിയ മുഹമ്മദ് ഹാരിസ് നിരാശപ്പെടുത്തി. ആറ് പന്തില്‍ നിന്നും ഒമ്പത് റണ്ണുമായി ഹാരിസ് മടങ്ങി.

41 പന്തില്‍ നിന്നും 50 റണ്ണടിച്ച ബാബറും പിന്നാലെ പുറത്തായി. നാലാമന്‍ ടോം കോലര്‍ മാത്രമാണ് ശേഷം ഒരു ചെറുത്തുനില്‍പിന് ശ്രമിച്ചത്. 16 പന്തില്‍ നിന്നും 36 റണ്ണുമായി കോലറും മടങ്ങി.

പിന്നാലെയെത്തിയവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ വന്നതോടെ സാല്‍മി 19.3 ഓവറില്‍ 207ന് പുറത്തായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഖലന്ദേഴ്‌സിന് മോശം തുടക്കമായിരുന്നു ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ 21 റണ്‍സ് ചേര്‍ത്തപ്പോഴേക്കും നാല് വിക്കറ്റുകള്‍ നിലം പൊത്തി.

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഹുസൈന്‍ തലാത്തിന്റെയും ഷഹീനിന്റെയും സെഞ്ച്വറി കൂട്ടുകെട്ട് ടീമിന് തുണയായി. ടീം സ്‌കോര്‍ 135ല്‍ നില്‍ക്കവെ 52 റണ്ണുമായി ഷഹീനെ പുറത്താക്കി വഹാബ് റിയാസാണ് സാല്‍മിക്ക് ആവശ്യമായ ബ്രേക് ത്രൂ നല്‍കിയത്.

പിന്നാലെയെത്തിയ സിക്കന്ദര്‍ റാസക്കൊപ്പം ചേര്‍ന്ന് തലാത് ചെറുത്ത് നില്‍പിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല, ഒടുവില്‍ 19.4 ഓവറില്‍ 172ന് ഖലന്ദേഴ്‌സ് പുറത്തായി. സീസണില്‍ ടീമിന്റെ രണ്ടാം തോല്‍വിയാണിത്.

മത്സരം പരാജയപ്പെട്ടെങ്കിലും പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് തുടരാന്‍ ഖലന്ദേഴ്‌സിനായി. എട്ട് മത്സരത്തില്‍ നിന്നും ആറ് ജയവുമായി 12 പോയിന്റാണ് ടീമിനുള്ളത്.

 

Content Highlight: Shaheen Afridi’s maiden fifty in PSL