ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെ പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദി. 2022 ടി-20 ലോകകപ്പില്‍ പാകിസ്ഥാനെതിരെയുള്ള മത്സരത്തില്‍ കോഹ്‌ലി നടത്തിയ മികച്ച പ്രകടനങ്ങളെക്കുറിച്ചായിരുന്നു ഷഹീന്‍ സംസാരിച്ചത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാക് താരം.
‘വിരാട് കോഹ്‌ലി 82 റൺസിന്റെ ഇന്നിങ്‌സ്, എന്റെ ക്രിക്കറ്റ് കരിയറില്‍ ഈ ഇന്നിങ്‌സിനേക്കാള്‍ മികച്ച ഇന്നിങ്‌സ് ഞാന്‍ കണ്ടിട്ടില്ല. വിരാട് മികച്ചൊരു കളിക്കാരനാണ്. അദ്ദേഹത്തെ പോലുള്ള താരത്തിന് ഇത്തരം ഇന്നിങ്‌സ് കളിക്കാന്‍ കഴിയും. ആ മത്സരത്തില്‍ ഹാരിസ് റൗഫിന്റെ ഒരു മികച്ച പന്ത് അദ്ദേഹം സിക്‌സര്‍ അടിച്ചത് അവിശ്വസനീയമായിരുന്നു,’ ഷഹീന്‍ അഫ്രീദി പറഞ്ഞു.
2022 ടി-20 ലോകകപ്പില്‍ പാകിസ്ഥാനെതിരെയാണ് വിരാട് ഈ തകര്‍പ്പന്‍ പ്രകടനം നടത്തിയത്. 52 പന്തിൽ പുറത്താവാതെ 82 റണ്‍സ് നേടിയാണ് വിരാട് കളംനിറഞ്ഞ് കളിച്ചത്. ആറ് ഫോറുകളും നാല് സിക്‌സുമാണ് കോഹ്‌ലി നേടിയത്.
പാകിസ്ഥാന്‍ ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരായ രോഹിത് ശര്‍മയെയും കെ.എല്‍ രാഹുലിനെയും നഷ്ടമാവുകയായിരുന്നു. പിന്നീട് ക്രീസില്‍ എത്തിയ കോഹ്‌ലി അവസാനം വരെ ബാറ്റ് ചെയ്ത് ഇന്ത്യയെ വിജയിപ്പിക്കുകയായിരുന്നു.
എന്നാല്‍ ആ ലോകകപ്പില്‍ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് ഇന്ത്യ പുറത്താവുകയായിരുന്നു. എന്നാല്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 2024ലെ ടി-20 ലോകകപ്പ് വിജയിക്കുകയായിരുന്നു.
സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ രണ്ടാം കുട്ടി ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയത്. ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ ടോപ് സ്‌കോററും വിരാട് ആയിരുന്നു. കലാശ പോരാട്ടത്തില്‍ 59 പന്തില്‍ 76 റണ്‍സ് നേടിക്കൊണ്ടായിരുന്നു കോഹ്‌ലി തിളങ്ങിയത്.
ഫൈനലിലെ പ്ലെയര്‍ ഓഫ് ദി മാച്ചായും കോഹ്‌ലി തെരഞ്ഞെടുക്കപ്പെട്ടിരുന്നു ടി-20 ലോകകപ്പ് വിജയിച്ചതിന് പിന്നാലെ വിരാട് ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
അടുത്തിടെ അവസാനിച്ച ശ്രീലങ്കക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പര 2-0ത്തിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. പരമ്പരയില്‍ അത്ര മികച്ച പ്രകടനം നടത്താന്‍ വിരാടിന് സാധിച്ചിരുന്നില്ല. ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ പിന്നീട് നടന്ന രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ശ്രീലങ്ക പരമ്പര സ്വന്തമാക്കുകയായിരുന്നു.
ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. സെപ്റ്റംബര്‍ 19 മുതലാണ് ഈ പരമ്പരയ്ക്ക് തുടക്കം കുറിക്കുന്നത്. ഈ പരമ്പര തുടങ്ങാൻ ഒരുപാട് ദിവസങ്ങള്‍ മുന്നിലുള്ളതിനാല്‍ പ്രധാന താരങ്ങളെല്ലാം ദുലീപ് ട്രോഫി കളിക്കും. എന്നാല്‍ വിരാടും രോഹിത്തും ഈ ടൂര്‍ണമെന്റിന്റെ ഭാഗമാവില്ല.
Content Highlight: Shaheen Afridi Praises Virat Kohli