| Saturday, 1st July 2023, 11:23 am

ആദ്യ ഓവറില്‍ തന്നെ നാല് വിക്കറ്റ്, അതില്‍ രണ്ട് പേരെ എറിഞ്ഞ് താഴെ വീഴ്ത്തി 😲; ഷഹീന്‍ യൂ ബ്യൂട്ടി 💛💚

സ്പോര്‍ട്സ് ഡെസ്‌ക്

വൈറ്റാലിറ്റി ബ്ലാസ്റ്റില്‍ വീണ്ടും തീയായി പാകിസ്ഥാന്റെ സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രിദി. ട്രെന്റ് ബ്രിഡ്ജില്‍ നടന്ന നോട്ടിങ്ഹാംഷെയര്‍ – വാര്‍വിക്‌ഷെയര്‍ മത്സരത്തിലാണ് നോട്ടിങ്ഹാംഷെയറിന് വേണ്ടി ഷഹീന്‍ അഫ്രിദി ഒരിക്കല്‍ക്കൂടി തന്റെ ക്ലാസ് വ്യക്തമാക്കിയത്.

വാര്‍വിക്‌ഷെയര്‍ ഇന്നിങ്‌സിന്റെ ആദ്യ ഓവറില്‍ തന്നെ നാല് മുന്‍നിര വിക്കറ്റുകളാണ് ഷഹീന്‍ എറിഞ്ഞിട്ടത്. മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചെങ്കിലും വിജയിക്കാന്‍ ടീമിന് സാധിച്ചില്ല.

നോട്ടിങ്ഹാംഷെയറിന് വേണ്ടി ബൗളിങ് ഓപ്പണ്‍ ചെയ്തത് ഷഹീനായിരുന്നു. ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ അലക്‌സ് ഡേവിസിനെ പുറത്താക്കിയാണ് ഷഹീന്‍ തുടങ്ങിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെ വിക്കറ്റിന് മുമ്പില്‍ കുടങ്ങി ബെയേഴ്‌സ് ക്യാപ്റ്റന്‍ മടങ്ങി.

വണ്‍ ഡൗണായെത്തിയ ക്രിസ് ബെഞ്ചമിന്റെ വിധിയും മറ്റൊന്നായിരുന്നില്ല, ഷഹീനിന്റെ പേസിന് മുമ്പില്‍ ഉത്തരമില്ലാതെ ക്ലാന്‍ ബെള്‍ഡായി ബെഞ്ചമിനും മടങ്ങി. നാലാമനായി ക്രീസിലെക്കിയ ഡാന്‍ മൂസ്‌ലി ആദ്യ പന്തില്‍ സിംഗിള്‍ നേടിയെങ്കിലും സ്‌ട്രൈക്കിലെത്തിയ തൊട്ടടുത്ത പന്തില്‍ തന്നെ ഒലി സ്‌റ്റോണിന് ക്യാച്ച് നല്‍കി മടങ്ങി.

അഞ്ചാമന്‍ എഡ് ബെര്‍ണാര്‍ഡും ‘സ്വര്‍ണ താറാവായി’ പുറത്തായി. ബെര്‍ണാര്‍ഡിനെ ക്ലീന്‍ ബൗള്‍ഡാക്കി മടക്കിയ ഷഹീന്‍ ആദ്യ ഓവറില്‍ തന്നെ ഫോര്‍ഫര്‍ തികച്ചു.

മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ് 29 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് താരം വീഴ്ത്തിയത്.

നേരത്തെ ടോസ് നേടിയ വാര്‍വിക്‌ഷെയര്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നോട്ടിങ്ഹാംഷെയറിനായി വിക്കറ്റ് കീപ്പര്‍ ടോം മൂര്‍സ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. 42 പന്തില്‍ നിന്നും ആറ് ബൗണ്ടറിയുടെയും നാല് സിക്‌സറിന്റെയും അകമ്പടിയോടെ 73 റണ്‍സാണ് താരം നേടിയത്.

മൂര്‍സിന് പുറമെ 37 റണ്‍സ് നേടിയ ലിന്‍ഡന്‍ ജെയിംസും 29 റണ്‍സടിച്ച ജോ ക്ലാര്‍ക്കും സ്‌കോറിങ്ങില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കി. ഒടുവില്‍ നിശ്ചിത ഓവറില്‍ 168 റണ്‍സിന് നോട്ടിങ്ഹാംഷെയര്‍ ഓള്‍ ഔട്ടായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെയേഴ്‌സിന്റെ ടോപ് ഓര്‍ഡറിനെ ഷഹീന്‍ തച്ചുതകര്‍ത്തെങ്കിലും ഓപ്പണര്‍ റോബ് യേറ്റ്‌സ് തോറ്റുകൊടുക്കാന്‍ ഒരുക്കമായിരുന്നില്ല. 46 പന്തില്‍ നിന്നും അഞ്ച് സിക്‌സറും മൂന്ന് ബൗണ്ടറിയുമടക്കം 65 റണ്‍സാണ് താരം നേടിയത്.

ജേകബ് ബെതല്‍ (21 പന്തില്‍ 27), ജേക് ലിന്റോട്ട് (22 പന്തില്‍ 27) ഗ്ലെന്‍ മാക്‌സ്‌വെല്‍ (12 പന്തില്‍ 19) എന്നിവരും തങ്ങളുടേതായ സംഭാവനകള്‍ നല്‍കി.

നോട്ടിങ്ഹാംഷെയര്‍ എക്‌സ്ട്രാസ് വഴി കൊടുത്ത 22 റണ്‍സും വാര്‍വിക് ഷെയറിന് തുണയായി. വൈഡിലൂടെ 16 റണ്‍സും നോ ബോളിലൂടെ രണ്ട് റണ്‍സും വെറുതെ നല്‍കിയപ്പോള്‍ ലെഗ് ബൈയിലൂടെ മൂന്നും ബൈയിലൂടെ ഒരു റണ്‍സും വാര്‍വിക്‌ഷെയറിന്റെ അക്കൗണ്ടിലെത്തി.

ഒടുവില്‍ രണ്ട് വിക്കറ്റും അഞ്ച് പന്തും ബാക്കി നില്‍ക്കെ വാര്‍വിക്‌ഷെയര്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഈ വിജയത്തിന് പിന്നാലെ 13 മത്സരത്തില്‍ നിന്നും പത്ത് വിജയവുമായി 20 പോയിന്റോടെ വാര്‍വിക് ഷെയര്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 13 മത്സരത്തില്‍ നിന്നും ഏഴ് ജയവുമായി നോട്ടിങ്ഹാംഷെയര്‍ നാലാമതാണ്.

Content Highlight: Shaheen Afridi picks 4 wickets in an over

We use cookies to give you the best possible experience. Learn more