| Monday, 27th February 2023, 9:15 am

വീഡിയോ; എന്നെക്കൊണ്ട് നടക്കില്ല, വിരമിക്കണമെന്ന് പറഞ്ഞവനാണ് ഈ ഏറ് എറിയുന്നത്; ബെസ്റ്റ് vs ബെസ്റ്റില്‍ അസമിനെ പുറത്താക്കി അഫ്രിദി

സ്പോര്‍ട്സ് ഡെസ്‌ക്

പി.എസ്.എല്ലില്‍ ബാബര്‍ അസം നയിച്ച പെഷവാര്‍ സാല്‍മിക്ക് വീണ്ടും തോല്‍വി. സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രിദിയുടെ ലാഹോര്‍ ഖലന്ദേഴ്‌സിനോടാണ് പെഷവാറിന് തോല്‍ക്കേണ്ടി വന്നത്. 40 റണ്‍സിനായിരുന്നു ബാബര്‍ പടയുടെ പരാജയം.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഖലന്ദേഴ്‌സ് ഓപ്പണര്‍ ഫഖര്‍ സമാന്റെയും മൂന്നാമന്‍ അബ്ദുള്ള ഷെഫീഖിന്റെയും ഇന്നിങ്‌സിന്റെ ബലത്തില്‍ ലാഹോര്‍ വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു.

ഫഖര്‍ സമാന്‍ 45 പന്തില്‍ നിന്നും പത്ത് സിക്‌സറും മൂന്ന് ബൗണ്ടറിയുമായി 96 റണ്‍സ് നേടിയപ്പോള്‍ ഷഫീഖ് 41 പന്തില്‍ നിന്നും 75 റണ്‍സ് നേടി പുറത്തായി. നാലാമന്‍ സാം ബില്ലിങ്‌സും മികച്ച പ്രകടനമാണ് ടീമിനായി കാഴ്ചവെച്ചത്. 23 പന്തില്‍ പുറത്താവാതെ 47 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സായിരുന്നു റെയ്‌നിങ് ചാമ്പ്യന്‍മാര്‍ സ്വന്തമാക്കിയത്.

പടുകൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ സാല്‍മിയെ തുടക്കത്തില്‍ തന്നെ ഖലന്ദേഴ്‌സ് ക്യാപ്റ്റന്‍ ഷഹീന്‍ അഫ്രിദി ഞെട്ടിച്ചു. ഓപ്പണര്‍ മുഹമ്മദ് ഹാരിസിനെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ പൂജ്യത്തിന് പുറത്താക്കിയാണ് അഫ്രിദി തുടങ്ങിയത്.

തന്റെ സ്‌പെല്ലിലെ രണ്ടാം ഓവറില്‍ ബാബറിനെയായിരുന്നു ഷഹീനിന് നേരിടാനുണ്ടായിരുന്നത്. ക്യാപ്റ്റന്‍ vs ക്യാപ്റ്റന്‍, ബെസ്റ്റ് vs ബെസ്റ്റ് പോരാട്ടത്തില്‍ അസമിനെ ക്ലീന്‍ ബൗള്‍ഡാക്കി ഷഹീന്‍ സാല്‍മിക്ക് അടുത്ത ഷോക്ക് ട്രീറ്റ്‌മെന്റും നല്‍കി.

എന്നാല്‍ മൂന്നാമന്‍ സലീം അയ്യുബിന്റെയും നാലാമന്‍ ടോം കോലറിന്റെയും ഇന്നിങ്‌സില്‍ സാല്‍മി പിടിച്ചുകയറാന്‍ ശ്രമിച്ചു. അര്‍ധ സെഞ്ച്വറി തികച്ച ഇരുവരും ഒരുവേള സാല്‍മിയെ വിജയിപ്പിക്കുമെന്ന് തോന്നിച്ചെങ്കിലും അതുണ്ടായില്ല.

ഒടുവില്‍ ടീം സ്‌കോര്‍ 119ല്‍ നില്‍ക്കവെ ടോം കോലറിനെ ഷഹീന്‍ അഫ്രിദിയുടെ കൈകളിലെത്തിച്ച് ഹാരിസ് റൗഫ് ആ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ അയ്യൂബിനെ ഷഹീന്‍ അഫ്രിദിയും മടക്കി.

ശേഷം കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണതോടെ സാല്‍മി പരുങ്ങലിലായി. ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ സാല്‍മി 201 റണ്‍സിന് ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ഖലന്ദേഴ്‌സിനായി നാല് ഓവറില്‍ 40 റണ്‍സ് വഴങ്ങി ക്യാപ്റ്റന്‍ ഷഹീന്‍ അഫ്രിദി അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സമാന്‍ ഖാന്‍ രണ്ട് വിക്കറ്റും ഹാരിസ് റൗഫ്, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഫെബ്രുവരി 27നാണ് ലാഹോറിന്റെ അടുത്ത മത്സരം. ഇസ്‌ലമാബാദ് യുണൈറ്റഡാണ് എതിരാളികള്‍.

Content highlight: Shaheen Afridi dismisses Babar Azam

We use cookies to give you the best possible experience. Learn more