പാകിസ്ഥാനായി ടെസ്റ്റ് ഫോര്‍മാറ്റില്‍ നൂറ് വിക്കറ്റുകള്‍ തികച്ച് സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രിദി. പാകിസ്ഥാന്റെ ശ്രീലങ്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ ആദ്യ ഇന്നിങ്‌സിലാണ് അഫ്രിദി ചരിത്രത്തിലേക്ക് നടന്നുകയറിയത്.
പാകിസ്ഥാനായി നൂറ് ടെസ്റ്റ് വിക്കറ്റ് തികയ്ക്കുന്ന 17ാമത് താരമാണ് ഷഹീന്‍ അഫ്രിദി. തന്റെ സ്‌പെല്ലിലെ രണ്ടാം ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് അഫ്രിദി പാക് ക്രിക്കറ്റിന്റെ ചരിത്രത്തിന്റെ ഭാഗമായത്.
ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
സൂപ്പര്‍ താരം നിഷാന്‍ മധുശങ്കയായിരുന്നു അഫ്രിദിയുടെ നൂറാമത്തെ ഇര. ഓഫ് സ്റ്റംപിന് പുറത്തെ അഫ്രിദിയുടെ ലെങ്ത് ഡെലിവെറിയില്‍ ബാറ്റ് വെച്ച മധുശങ്ക വിക്കറ്റ് കീപ്പര്‍ സര്‍ഫറാസ് അഹമ്മദിന്റെ കൈകളില്‍ ഒതുങ്ങുകയായിരുന്നു. ഒമ്പത് പന്തില്‍ നിന്നും നാല് റണ്‍സ് മാത്രം നേടി നില്‍ക്കവെയാണ് മധുശങ്ക പുറത്തായത്.
ഇന്നിങ്‌സിന്റെ മൂന്നാം ഓവറില്‍ വിക്കറ്റ് വീഴ്ത്തിയ അഫ്രിദി ഏഴാം ഓവറിലും അത് ആവര്‍ത്തിച്ചു. ഇത്തവണ കുശാല്‍ മെന്‍ഡിസാണ് അഫ്രിദിയോട് തോറ്റ് പുറത്തായത്. 14 പന്തില്‍ നിന്നും 12 റണ്‍സ് നേടി നില്‍ക്കവെ ആഘ സല്‍മാന് ക്യാച്ച് നല്‍കിയാണ് മെന്‍ഡിസ് പുറത്തായത്.
തന്റെ കരിയറിലെ 26ാം ടെസ്റ്റ് മത്സരത്തിലാണ് അഫ്രിദി വിക്കറ്റ് നേട്ടത്തില്‍ സെഞ്ച്വറി തികച്ചത്. 26 ടെസ്റ്റിലെ 43 ഇന്നിങ്‌സില്‍ നിന്നുമായി 101 വിക്കറ്റാണ് നിലവില്‍ അഫ്രിദിയുടെ സമ്പാദ്യം.
24.77 ആവറേജിലും 3.04 എക്കോണമിയിലും പന്തെറിയുന്ന അഫ്രിദിയുടെ സ്‌ട്രൈക്ക് റേറ്റ് 48.79 ആണ്. 11 തവണ അഞ്ച് വിക്കറ്റ് നേട്ടം കുറിച്ച അഫ്രിദി നാല് തവണ പത്ത് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്.
ഏകദിനത്തിലെ 36 മത്സരത്തിലെ 35 ഇന്നിങ്‌സില്‍ നിന്നുമായി 70 വിക്കറ്റാണ് ഷഹീനിന്റെ സമ്പാദ്യം. ടി-20യില്‍ 64 തവണയാണ് താരം എതിരാളികളെ പവലിയനിലേക്ക് മടക്കിയയച്ചത്.
അതേസമയം, ഗല്ലെയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ 11 ഓവര്‍ പിന്നിടുമ്പോള്‍ അതിഥേയര്‍. 37 റണ്‍സിന് രണ്ട് എന്ന നിലയിലാണ്. 37 പന്തില്‍ നിന്നും 20 റണ്‍സ് നേടിയ ദിമുത് കരുണരത്‌നെയും ആറ് പന്തില്‍ നിന്നും ഒരു റണ്‍സുമായി ഏയ്ഞ്ചലോ മാത്യൂസുമാണ് ക്രീസില്‍.
Content highlight: Shaheen Afridi completes 100 test wickets