ജൈത്രയാത്ര തുടര്‍ന്ന് ഷഹീന്‍; പേസര്‍മാരില്‍ ഇവന്‍ ഒന്നാമന്‍
icc world cup
ജൈത്രയാത്ര തുടര്‍ന്ന് ഷഹീന്‍; പേസര്‍മാരില്‍ ഇവന്‍ ഒന്നാമന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 31st October 2023, 5:40 pm

2023 ലോകകപ്പ് ആവേശകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ലോകകപ്പിലെ 31ാം മത്സരത്തില്‍ പാകിസ്ഥാന്‍ – ബംഗ്ലാദേശിനെ നേരിടുകയാണ്. ഇതിനിടെ ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ താരങ്ങള്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

എന്നാല്‍ വിമര്‍ശനങ്ങള്‍ക്കിടയിലും ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പാകിസ്ഥാന്‍ സ്റ്റാര്‍ പേസ് ബൗളര്‍ ഷഹീന്‍ അഫ്രിദി തകര്‍പ്പന്‍ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് തികയ്ക്കുന്ന പേസറായി മാറുകയാണ് അഫ്രിദി. ബംഗ്ലാദേശിനെതിരെ കൊല്‍ക്കത്തയില്‍ നടക്കുന്ന തന്റെ 50ാ1 മത്സരത്തിലാണ് അഫ്രിദി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ 52 ഇന്നിങ്സില്‍ നിന്നുള്ള 100 വിക്കറ്റ് നേട്ടം അഫ്രിദി ഇതിനോടകം മറികടന്നിരിക്കുകയാണ്. പാകിസ്ഥാന് വേണ്ടി 53 മത്സരത്തിന്‍ നിന്നും 100 വിക്കറ്റ് സ്വന്തമാക്കിയ സാഖ്ലെയ്ന്‍ മുഷ്താഖിന്റെ റെക്കോഡും അഫ്രിദി മറികടന്നു.

2018 ഏഷ്യാ കപ്പില്‍ അഫ്ഗാനെതിരായ മത്സരത്തിലാണ് അഫ്രിദിയുടെ ആദ്യ ഏകദിന അരങ്ങേറ്റം. നിലവില്‍ അന്താരാഷ്ട്ര ഏകദിന മത്സരത്തില്‍ ഏറ്റവും വേഗതയില്‍ 100 വിക്കറ്റ് തികയ്ക്കുന്നത് അഫ്ഗാന്‍ സ്പിന്‍ ബൗളര്‍ റാഷിദ് ഖാനാണ്. 44 മത്സരത്തില്‍ നിന്നാണ് റാഷിദ് ഈ നേട്ടം സ്വന്തമാക്കിയത്.

ഓസ്ട്രേലിയയുമായുള്ള മത്സരത്തില്‍ 10 ഓവറില്‍ നിന്നും 54 റണ്‍സ് വിട്ടു കൊടുത്ത് ഈ സീസണിലെ തന്റെ ആദ്യ ഫൈഫര്‍ അഫ്രിദി സ്വന്തമാക്കിയിരുന്നു. സൗത്ത് ആഫ്രിക്കയുമായുള്ള കഴിഞ്ഞ മത്സരത്തില്‍ മൂന്ന് വിക്കറ്റുകളും അഫ്രിദി നേടി.

സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്തുന്നതിന് മെന്‍ ഇന്‍ ഗ്രീനിന് ഈ മത്സരം നിര്‍ണായകമാണ്. കളിച്ച ആറ് മത്സരത്തില്‍ നിന്നും രണ്ട് വിജയം നേടി ഏഴാം സ്ഥാനത്താണ് പാകിസ്ഥാന്‍.

 

 

Content highlight: Shaheen Afridi completes 100 ODI wickets