| Monday, 27th February 2023, 10:38 am

വീഡിയോ; എതിരാളിയും സ്റ്റേഡിയവും ഒന്നടങ്കം കണ്ണുംതള്ളി നിന്ന നിമിഷം, ആദ്യ പന്തില്‍ തന്നെ ബാറ്റ് എറിഞ്ഞ് തകര്‍ത്ത് പാകിസ്ഥാന്റെ കുന്തമുന

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രിദിയുടെ ആറാട്ട്. പെഷവാര്‍ സാല്‍മിക്കെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് ഷഹീന്‍ ഖലന്ദേഴ്‌സിനെ മുമ്പില്‍ നിന്നും നയിച്ചത്.

സാല്‍മി ഇന്നിങ്‌സിലെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഷഹീന്‍ അഫ്രിദി പണിതുടങ്ങിയിരുന്നു. ഓപ്പണര്‍ മുഹമ്മദ് ഹാരിസിനെ ക്ലീന്‍ ബൗള്‍ഡാക്കിയായിരുന്നു ഷഹീന്‍ സാല്‍മി വധത്തിന് തിരികൊളുത്തിയത്.

തന്റെ സ്‌പെല്ലിലെ രണ്ടാം ഓവറില്‍ സാല്‍മി നായകന്‍ ബാബര്‍ അസമിന്റെ വിക്കറ്റും ഷഹീന്‍ ഷാ അഫ്രിദി പിഴുതെറിഞ്ഞു.

എന്നാല്‍ ഇതിനെല്ലാം മുമ്പ് തന്നെ ഷഹീന്‍ ഷാ അഫ്രിദി തന്റെ വിശ്വരൂപം കാണിച്ചിരുന്നു. സാല്‍മി ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെയായിരുന്നു താരം തന്റെ വേഗതകൊണ്ട് എതിരാളികളെയും സ്റ്റേഡിയത്തിലുള്ളവരെയും ഒന്നടങ്കം ഞെട്ടിച്ചത്.

മുഹമ്മദ് ഹാരിസ് നേരിട്ട ആദ്യ പന്തില്‍ തന്നെ താരത്തിന്റെ ബാറ്റ് എറിഞ്ഞ് തകര്‍ത്തുകൊണ്ടായിരുന്നു അഫ്രിദി തുടങ്ങിയത്. ഷഹീനിനെതിരെ അറ്റാക്കിങ് ഷോട്ട് കളിച്ച ഹാരിസിന്റെ വില്ലോ തകര്‍ത്തുകൊണ്ടാണ് മത്സരത്തില്‍ താന്‍ എന്തായിരിക്കും ചെയ്യാന്‍ പോകുന്നത് എന്നതിന്റെ ട്രെയ്‌ലര്‍ താരം നല്‍കിയത്. അടുത്ത പന്തില്‍ തന്നെ ഷഹീന്‍ ഹാരിസിന്റെ വിക്കറ്റ് കടപുഴക്കിയെറിയുകയും ചെയ്തിരുന്നു.

ബാബറിനെയും ഹാരിസിനെയും കൂടാതെ മറ്റ് മൂന്ന് താരങ്ങള്‍ കൂടി ഷഹീന്‍ അഫ്രിദിയുടെ പന്തിന്റെ വേഗമറിഞ്ഞു.

വഹാബ് റിയാസായിരുന്നു ഷഹീനിന്റെ അടുത്ത ഇര. റിസായിനെ ഫഖര്‍ സമാന്റെ കൈകളിലെത്തിച്ച് സില്‍വര്‍ ഡക്കാക്കിയായിരുന്നു അഫ്രിദി മടക്കിയത്. പിന്നാലെ റണ്‍സുയര്‍ത്താന്‍ ശ്രമിച്ച സാദ് മഷൂദിനെ ക്ലീന്‍ ബൗള്‍ഡാക്കി ഷഹീന്‍ വീണ്ടും സാല്‍മിയെ തളര്‍ത്തിയിട്ടു.

ഓടുവില്‍ എട്ട് പന്തില്‍ നിന്നും 12 റണ്‍സ് നേടിയ ജെയ്‌സിം നീഷമിനെ വിക്കറ്റ് കീപ്പര്‍ സാം ബില്ലിങ്‌സിന്റെ കെകകളിലെത്തിച്ച് അഞ്ച് വിക്കറ്റ് നേട്ടവും ഷഹീന്‍ പൂര്‍ത്തിയാക്കി.

നാല് ഓവറില്‍ 40 റണ്‍സ് വഴങ്ങിയാണ് ഷഹീന്‍ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയത്.

പി.എസ്.എല്ലില്‍ ഇതുവരെയുള്ള നാല് മത്സരത്തില്‍ നിന്നും പത്ത് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. ആദ്യ രണ്ട് മത്സരങ്ങളിലും ഒറ്റ വിക്കറ്റ് വീതമായിരുന്നു ഷഹീന്‍ നേടിയത്.

എന്നാല്‍ ക്വേറ്റ ഗ്ലാഡിയേറ്റേഴ്‌സിനെതിരായ മത്സരത്തില്‍ നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് തന്റെ കരീസ്മക്ക് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് ഷഹീന്‍ ആരാധകര്‍ക്ക് ബോധ്യപ്പെടുത്തിയത്. പെഷവാറിനെതിരായ മത്സരത്തില്‍ അത് ഒന്നുകൂടി ഉറപ്പിക്കാനും താരത്തിനായി.

കിരീടം നിലനിര്‍ത്താനുറച്ചെത്തിയ ഖലന്തേഴ്‌സിന് ക്യാപ്റ്റന്‍ ഫോമിലേക്ക് മടങ്ങിയെത്തിയത് നല്‍കുന്ന ആശ്വാസം ചില്ലറയല്ല.

വരാനിരിക്കുന്ന ഏഷ്യാ കപ്പും ഐ.സി.സി ലോകകപ്പുമെല്ലാം ഷഹീനിന്റെ പ്രകടനത്തെ മുന്‍നിര്‍ത്തി ആരാധകര്‍ സ്വപ്‌നം കാണുന്നുണ്ട്. ഇതേ ഫോം തന്നെയാണ് താരം ഇനിയുള്ള മത്സരത്തിലും പിന്തുടരുന്നതെങ്കില്‍ വമ്പന്‍ ടൂര്‍ണമെന്റുകളില്‍ ഷഹീനിനെ പേടിക്കേണ്ടിവരും എന്ന കാര്യമുറപ്പാണ്.

Content Highlight: Shaheen Afridi breaks Muhammed Haris’ bat with his brutal pace

We use cookies to give you the best possible experience. Learn more