പാകിസ്ഥാന് കാലിടറുമ്പോഴും ചരിത്രം സൃഷ്ടിച്ച് ഷഹീന്‍; താന്‍ ചില്ലറക്കാരനല്ലെന്ന് വീണ്ടും തെളിയിക്കുന്നു
Sports News
പാകിസ്ഥാന് കാലിടറുമ്പോഴും ചരിത്രം സൃഷ്ടിച്ച് ഷഹീന്‍; താന്‍ ചില്ലറക്കാരനല്ലെന്ന് വീണ്ടും തെളിയിക്കുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 4th November 2022, 9:14 am

കഴിഞ്ഞ ദിവസം ലോകകപ്പില്‍ നടന്ന പാകിസ്ഥാന്‍ – സൗത്ത് ആഫ്രിക്ക മത്സരത്തില്‍ ചരിത്രം സൃഷ്ടിച്ച് പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രിദി. പ്രോട്ടീസീനെതിരായ മത്സരത്തിലെ വിക്കറ്റ് നേട്ടത്തിന് പിന്നാലെയാണ് തകര്‍പ്പന്‍ റെക്കോഡ് പാകിസ്ഥാന്‍ സ്പീഡ്‌സറ്ററിനെ തേടിയെത്തിയത്.

അന്താരാഷ്ട്ര ടി-20 മത്സരങ്ങളില്‍ 50 വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡാണ് ഷഹീന്‍ തന്റെ പേരിലാക്കിയിരിക്കുന്നത്. 22 വയസും 211 ദിവസവും പ്രായമുള്ളപ്പോഴാണ് ഷഹീന്‍ ഈ തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയത്.

 

എന്നാല്‍ ടി-20യില്‍ 50 വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ഷഹീനല്ല. അഫ്ഗാന്‍ സൂപ്പര്‍ താരം റാഷിദ് ഖാനിന്റെ പേരിലാണ് ആ റെക്കോഡ് ഇപ്പോഴുമുളളത്. കേവലം 19 വയസും 256 ദിവസവും പ്രായമുള്ളപ്പോഴാണ് റാഷിദ് ഖാന്‍ ടി-20യില്‍ 50 വിക്കറ്റ് തികച്ചത്.

ഇപ്പോള്‍ നടക്കുന്ന ടി-20 ലോകകപ്പില്‍ അത്ര മികച്ച പ്രകടനമായിരുന്നില്ല ഷഹീന്‍ പുറത്തെടുത്തത്. ഇന്ത്യക്കും സിംബാബ്‌വേക്കുമെതിരെ ഒറ്റ വിക്കറ്റ് പോലും നേടാന്‍ സാധിക്കാതിരുന്ന ഷഹീന്‍ നെതര്‍ലന്‍ഡ്‌സിനെതിരെയാണ് ഈ ലോകകപ്പിലെ ആദ്യ വിക്കറ്റ് നേടിയത്.

എന്നാല്‍ സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തില്‍ മികച്ച പ്രകടനം നടത്തി ഷഹീന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു. എല്ലാവരെയും തോല്‍പിക്കുന്ന സൗത്ത് ആഫ്രിക്കയെ തോല്‍പിക്കാന്‍ പാകിസ്ഥാനെ സഹായിച്ചതിലെ പ്രധാനി ഷഹീന്‍ തന്നെയായിരുന്നു.

മൂന്ന് ഓവര്‍ പന്തെറിഞ്ഞ് 14 റണ്‍സ് മാത്രം വഴങ്ങിയാണ് ഷഹീന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. അപകടകാരികളായ ക്വിന്റണ്‍ ഡി കോക്ക്, ഹെന്റിച്ച് ക്ലാസന്‍, റിലി റൂസോ എന്നിവരുടെ വിക്കറ്റുകളാണ് ഷഹീന്‍ പിഴുതെറിഞ്ഞത്.

ഷഹീനിന് പുറമെ ഷദാബ് ഖാനും മികച്ച രീതിയില്‍ പന്തെറിഞ്ഞു. രണ്ട് ഓവറില്‍ 16 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് താരം നേടിയത്. നേരത്തെ ബാറ്റിങ്ങില്‍ വെടിക്കെട്ട് തീര്‍ത്ത ഷദാബ് 22 പന്തില്‍ നിന്നും 52 റണ്‍സ് നേടിയുന്നു. ഷദാബ് ഖാനാണ് കളിയിലെ താരം.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടിയിരുന്നു. ഡക്ക് വര്‍ത്ത് ലൂയീസ് നിയമപ്രകാരം 14 ഓവറില്‍ 142 റണ്‍സായി വിജയലക്ഷ്യം പുനര്‍നിശ്ചയിച്ച മത്സരത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സ് നേടാന്‍ മാത്രമാണ് പ്രോട്ടീസിനായത്.

ബംഗ്ലാദേശിനെതിരെയാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. നവംബര്‍ ആറിന് അഡ്‌ലെയ്ഡില്‍ വെച്ചാണ് മത്സരം.

 

 

Content Highlight:  Shaheen Afridi becomes youngest fast bowler to take 50 T20I wickets