| Wednesday, 11th December 2024, 11:50 am

ട്രിപ്പിള്‍ ഹണ്‍ഡ്രഡ്, ഒറ്റ ഇന്ത്യക്കാരന് പോലുമില്ലാത്ത നേട്ടം; പാകിസ്ഥാന്‍ തോറ്റ മത്സരത്തിലും ചരിത്രമെഴുതി ഷഹീന്‍

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടി-20യില്‍ സന്ദര്‍ശകര്‍ പരാജയപ്പെട്ടിരുന്നു. കിങ്സ്മീഡില്‍ നടന്ന മത്സരത്തില്‍ 11 റണ്‍സിന്റെ വിജയമാണ് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്.

പ്രോട്ടിയാസ് ഉയര്‍ത്തിയ 184 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

മത്സരത്തില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടെങ്കിലും പാക് ആരാധകര്‍ക്ക് സന്തോഷിക്കാനുള്ള ഒരു ഐതിഹാസിക നേട്ടം മത്സരത്തില്‍ പിറവിയെടുത്തിരുന്നു. സൂപ്പര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രിദിയിലൂടെയാണ് ഈ ചരിത്ര നേട്ടം പിറവിയെടുത്തത്.

മത്സരത്തില്‍ മൂന്ന് സൗത്ത് ആഫ്രിക്കന്‍ താരങ്ങളെ പുറത്താക്കിയതിന് പിന്നാലെ അന്താരാഷ്ട്ര ടി-20യില്‍ നൂറ് വിക്കറ്റ് നേട്ടം ഷഹീന്‍ പൂര്‍ത്തിയാക്കി. ഇതോടെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും നൂറ് വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ പാകിസ്ഥാന്‍ താരമെന്ന ചരിത്ര റെക്കോഡും ഷഹീന്‍ തന്റെ പേരിനൊപ്പം എഴുതിച്ചേര്‍ത്തു.

ടെസ്റ്റ് ഫോര്‍മാറ്റില്‍ കളിച്ച 31 മത്സരത്തില്‍ നിന്നും 116 വിക്കറ്റാണ് ഷഹീന്‍ സ്വന്തമാക്കിയത്. 27.88 എന്ന ശരാശരിയിലും 3.14 എന്ന എക്കോണമിയിലും പന്തെറിയുന്ന താരം 12 ഫോര്‍ഫറും നാല് ഫൈഫറും സ്വന്തമാക്കി. ഇതിനൊപ്പം ഒരിക്കല്‍ പത്ത് വിക്കറ്റ് നേട്ടവും ഷഹീന്‍ തന്റെ പേരിന് നേരെ കുറിച്ചിരുന്നു.

പന്തെറിഞ്ഞ 55 ഇന്നിങ്‌സില്‍ നിന്നും 112 ഏകദിന വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 23.13 ശരാശരിയില്‍ പന്തെറിയുന്ന താരത്തിന്റെ ഏകദിനത്തിലെ ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍ 6/35 ആണ്.

ഏകദിനത്തിലും ടെസ്റ്റിലും വിക്കറ്റ് വേട്ടയില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ടി-20യിലും ഷഹീന്‍ ഈ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.

ഒരു ഇന്ത്യന്‍ താരത്തിന് പോലും ഈ നേട്ടം ഇതുവരെ സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.

തുടക്കം തോല്‍വിയോടെ

മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്കന്‍ നായകന്‍ ഹെന്‌റിക് ക്ലാസന്‍ ബാറ്റിങ് തെരഞ്ഞെടുത്തു. എന്നാല്‍ ക്ലാസന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് പാകിസ്ഥാന്‍ ബൗളിങ് ആരംഭിച്ചത്. ഷഹീന്‍ അഫ്രിദിയുടെ പന്തില്‍ റാസി വാന്‍ ഡെര്‍ ഡസന്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായി. മാത്യൂ ബ്രീറ്റ്സ്‌കിയും റീസ ഹെന്‍ഡ്രിക്സും എട്ട് റണ്‍സ് വീതം നേടി മടങ്ങിയതോടെ ആതിഥേയര്‍ കൂടുതല്‍ സമ്മര്‍ദത്തിലായി.

എന്നാല്‍ നാലാം നമ്പറിലെത്തിയ ഡേവിഡ് മില്ലര്‍ ടീമിന്റെ രക്ഷകനായി. താരത്തിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് സൗത്ത് ആഫ്രിക്കന്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. 40 പന്ത് നേരിട്ട മില്ലര്‍ നാല് ഫോറിന്റെയും അതിന്റെ ഇരട്ടി സിക്സറിന്റെയും അകമ്പടിയോടെ 82 റണ്‍സ് നേടി.

ജോര്‍ജ് ലിന്‍ഡെ 24 പന്തില്‍ 48 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ 11 പന്തില്‍ പുറത്താകാതെ 12 റണ്‍സ് നേടിയ ക്വേന മഫാക്കയുടെ പ്രകടനവും നിര്‍ണായകമായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ സൗത്ത് ആഫ്രിക്ക 183ലെത്തി.

ഷഹീന്‍ അഫ്രിദിയും അബ്രാര്‍ അഹമ്മദും മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ അബ്ബാസ് അഫ്രിദി രണ്ട് വിക്കറ്റും നേടി. മൂഫിയാന്‍ മുഖീമാണ് ശേഷിച്ച വിക്കറ്റ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് ബാബറിന്റെ പുറത്താകലും ക്യാപ്റ്റന്‍ റിസ്വാന്റെ മെല്ലെപ്പോക്കും പാകിസ്ഥാന് തിരിച്ചടിയായി. ബാബര്‍ അസവും ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനും അടക്കമുള്ളവര്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയതാണ് പാകിസ്ഥാനെ പരാജയത്തിലേക്ക് തള്ളിയിട്ടത്. റിസ്വാന്‍ 62 പന്തില്‍ 74 റണ്‍സ് നേടിയപ്പോള്‍ പൂജ്യത്തിനാണ് ബാബര്‍ പുറത്തായത്.

15 പന്തില്‍ 31 റണ്‍സുമായി സയീം അയ്യൂബ് ചെറുത്തുനിന്നെങ്കിലും മറ്റാരുടെയും പിന്തുണ ലഭിക്കാതെ വന്നതോടെ പാകിസ്ഥാന്‍ 11 റണ്‍സകലെ പോരാട്ടം അവസാനിപ്പിച്ചു.

പ്രോട്ടിയാസിനായി ജോര്‍ജ് ലിന്‍ഡെ നാല് വിക്കറ്റ് നേടിയപ്പോള്‍ ക്വേന മഫാക്ക രണ്ട് വിക്കറ്റും സ്വന്തമാക്കി. ഒട്നീല്‍ ബാര്‍ട്മാനും ആന്‍ഡില്‍ സിമലെനുമാണ് ശേഷിച്ച വിക്കറ്റുകള്‍ നേടിയത്.

ആദ്യ മത്സരം വിജയിച്ച പരമ്പരയില്‍ മുമ്പിലെത്തിയ ആതിഥേയര്‍ രണ്ടാം മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. ഡിസംബര്‍ 13നാണ് പരമ്പരയിലെ അടുത്ത മത്സരം. സെഞ്ചൂറിയനാണ് വേദി.

Content highlight: Shaheen Afridi becomes the first Pakistan bowler to pick 100 wickets in all formats

We use cookies to give you the best possible experience. Learn more