| Tuesday, 22nd August 2023, 9:07 pm

42 പന്തില്‍ 36 ഡോട്ട്, 3 വിക്കറ്റ് 18 റണ്‍സ്; ഷഹീന്‍ അഫ്രിദി+നസീം ഷാ= ഡിസ്ട്രക്ഷന്‍ 🔥🔥; ഇന്ത്യ കരുതിയിരിക്കണം

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യ കപ്പിന് മുമ്പുള്ള സന്നാഹ മത്സരത്തില്‍ അഫ്ഗാനെ തകര്‍ത്തെറിഞ്ഞ് പാകിസ്ഥാന്റെ പേസ് ഡുവോ ഷഹീന്‍ അഫ്രിദിയും നസീം ഷായും. ഇരുവരുടെയും ഓപ്പണിങ് സ്‌പെല്ലില്‍ ഷാഹിദിയെയും സംഘത്തെയും അക്ഷരാര്‍ത്ഥത്തില്‍ വെള്ളംകുടിപ്പിച്ചാണ് ഷഹീനും ഷായും കയ്യടി നേടിയത്.

ഇരുവരും ചേര്‍ന്ന് എറിഞ്ഞ ആദ്യ ഏഴ് ഓവറില്‍ വെറും 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്. ആകെയെറിഞ്ഞ 42 പന്തില്‍ 36 പന്തിലും റണ്‍സ് വഴങ്ങാതെയാണ് ഇരുവരും പന്തെറിഞ്ഞത് എന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന നേട്ടം.

ഇതില്‍ ഇബ്രാഹിം സദ്രാനെയും റഹ്‌മത് ഷായെയും ഷഹീന്‍ അഫ്രിദി പുറത്താക്കിയപ്പോള്‍ ക്യാപ്റ്റന്‍ അസ്മത്തുള്ള ഷാഹിദിയെ നസീം ഷായും പുറത്താക്കി. പൂജ്യം റണ്‍സാണ് മൂവരും നേടിയത്.

സദ്രാനെ സ്‌ക്വയര്‍ ലെഗിലും റഹ്‌മത് ഷായെ മിഡ്‌വിക്കറ്റിലും ആഘ സല്‍മാന്റെ കൈകളിലെത്തിച്ച് ഷഹീന്‍ മടക്കിയപ്പോള്‍ ക്യാപ്റ്റന്‍ ഷാഹിദിയെ ഷദാബ് ഖാന്റെ കൈകളിലെത്തിച്ച് നസീം ഷായും പുറത്താക്കി.

പാകിസ്ഥാന്‍ ഉയര്‍ത്തിയ 202 റണ്‍സിന്റെ താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാനിസ്ഥാന്‍ നാണംകെട്ട പരാജയത്തിന്റെ വക്കിലാണ്. നിലവില്‍ 18 ഓവര്‍ പിന്നിടുമ്പോള്‍ അഫ്ഗാനിസ്ഥാന്‍ 55 റണ്‍സിന് ഏഴ് എന്ന നിലയിലാണ് ബാറ്റിങ് തുടരുന്നത്.

ഷാഹീന്‍ അഫ്രിദിക്കും നസീം ഷാക്കും പുറമെ മറ്റൊരു സ്പീഡ്സ്റ്ററായ ഹാരിസ് റൗഫാണ് അഫ്ഗാനെ ഒന്നാകെ തച്ചുതകര്‍ത്തത്. രണ്ട് മെയ്ഡനടക്കം ആറ് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് താരം വീഴ്ത്തിയത്. റഹ്‌മാനുള്ള ഗുര്‍ബാസ്, ഇക്രം അലിഖില്‍, മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവരെയാണ് റൗഫ് മടക്കിയത്.

അതേസമയം, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന് തുടക്കം പാളിയിരുന്നു. ആദ്യ ഓവറിലെ നാലാം പന്തില്‍ ഓപ്പണര്‍ ഫഖര്‍ സമാനെ രണ്ട് റണ്‍സിന് നഷ്ടമായ പാകിസ്ഥാന് ക്യാപ്റ്റന്‍ ബാബര്‍ അസമിനെ പൂജ്യത്തിനും നഷ്ടമായിരുന്നു.

എന്നാല്‍ ഓപ്പണറായി ക്രീസിലെത്തി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഇമാം ഉള്‍ ഹഖ് പാകിസ്ഥാനെ താങ്ങി നിര്‍ത്തുകയായിരുന്നു. 94 പന്തില്‍ നിന്നും രണ്ട് ഫോര്‍ മാത്രം അടിച്ച് 61 റണ്‍സാണ് താരം നേടിയത്.

ഇമാമിന് പുറമെ ഇഫ്തിഖര്‍ അഹമ്മദ് (41 പന്തില്‍ 30), ഷദാബ് ഖാന്‍ (50 പന്തില്‍ 39) എന്നിവരുടെ ഇന്നിങ്‌സാണ് പാകിസ്ഥാനെ കരകയറ്റിയത്. ഒടുവില്‍ 47.1 ഓവറില്‍ 201 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

അഫ്ഗാനിസ്ഥാനായി മുജീബ് ഉര്‍ റഹ്‌മാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ഫസലാഖ് ഫാറൂഖി, റഹ്‌മത് ഷാ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

Content Highlight: Shaheen Adridi and Naseem Shah’s brilliant spell in Pakistan vs Afghanistan warm up match

We use cookies to give you the best possible experience. Learn more