സത്യം പറയുന്നതുകൊണ്ട് എന്ത് സംഭവിച്ചാലും പ്രശ്‌നമില്ല, എല്ലാറ്റിനും മുകളിലാണ് മനുഷ്യത്വം: വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഷഹീദ് അഫ്രീദി
national news
സത്യം പറയുന്നതുകൊണ്ട് എന്ത് സംഭവിച്ചാലും പ്രശ്‌നമില്ല, എല്ലാറ്റിനും മുകളിലാണ് മനുഷ്യത്വം: വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഷഹീദ് അഫ്രീദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd August 2020, 7:37 am

ഇസ്‌ലാമബാദ്: ഇന്ത്യയ്‌ക്കെതിരെയും പ്രധാനമന്ത്രിയ്ക്കതിരെയും നടത്തിയ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദി.

എല്ലാത്തിനും മുകളിലാണ് മനുഷ്യത്വമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സത്യം പറയുന്നതുകൊണ്ട് എന്ത് സംഭവിച്ചാലും പ്രശ്‌നമില്ല. അതുകൊണ്ടാണ് ഇന്ത്യയുള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഞാന്‍ എന്റെ അഭിപ്രായം പറയുന്നത്- പാകിസ്ഥാന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

പാക്ക് അധിനിവേശ കശ്മീര്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ അഫ്രീദി വിദ്വേഷ പ്രസംഗം നടത്തിയത് വിവാദമായിരുന്നു.

ലോകം വലിയൊരു രോഗത്തിന്റെ പിടിയിലമരുകയാണ്. അതിലും വലിയ രോഗമാണ് മോദിയുടെ മനസ്സില്‍. കാശ്മീരില്‍ മോദി ഏഴ് ലക്ഷം സൈനികരെ വിന്യസിച്ചിരിക്കുകയാണ്. എന്നായിരുന്നു അഫ്രീദിയുടെ പരാമര്‍ശം.

ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ അഫ്രീദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

20 കോടി ജനങ്ങളുടെ പിന്തുണയുള്ള ഏഴ് ലക്ഷം സൈനികരാണ് പാകിസ്താന് ആകെയുള്ളത്. കഴിഞ്ഞ 70 വര്‍ഷമായി അവര്‍ കശ്മീരിനുവേണ്ടി യാചിച്ചുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു അഫ്രീദിയുടെ പരാമര്‍ശം.

ഇതിനെതിരെ ഗൗതം ഗംഭീര്‍, ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ രംഗത്തത്തിയിരുന്നു. ഇന്ത്യയ്ക്കായി തോക്കെടുക്കേണ്ടി വന്നാല്‍ അതുചെയ്യുന്ന ആദ്യത്തെയാള്‍ താനായിരിക്കുമെന്നും അഫ്രീദിയുമായി ഇനിയൊരു ബന്ധവുമില്ലെന്നും ഹര്‍ഭജന്‍ സിംഗ് പറഞ്ഞിരുന്നു.

സംഭവം നടന്ന് എകദേശം മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് അഫ്രീദിയുടെ വിശദീകരണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ