| Sunday, 1st August 2021, 12:34 pm

'സാധാരണക്കാരുടെ വേദനകളായിരുന്നു ഉമ്പായിക്കയുടെ സംഗീതം'; മൂന്നാം ഓര്‍മ ദിനത്തില്‍ ഉമ്പായിയെക്കുറിച്ച് ഷഹബാസ് അമന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ സ്വന്തം ഗസല്‍ശബ്ദം ഉമ്പായി വിടവാങ്ങിയിട്ട് ഞായറാഴ് മൂന്ന് വര്‍ഷം തികയുകയാണ്. ഓര്‍മ ദിനത്തില്‍ ഉമ്പായിയെയും അദ്ദേഹത്തിന്റെ സംഗീതത്തെയും ഫേസ്ബുക്കിലെഴുതിയ മനോഹരമായ കുറിപ്പിലൂടെ ഓര്‍ത്തെടുക്കുകയാണ് ഗായകന്‍ ഷഹബാസ് അമന്‍. സാധാരണക്കാരുടെ നിത്യജീവിതത്തിലെ വേദനകളും അവരുടെ വഴുക്കലുകളും, വീഴലുകളുമാണ് ഉമ്പായിയുടെ പാട്ടിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

‘സാധാരണക്കാരുടെ നിത്യജീവിതത്തിലെ വേദനകളും അവരുടെ വഴുക്കലുകളും വീഴലുകളുമാണ് ഉമ്പായിക്കാന്റെ പാട്ടിലെ ‘സംഗതികള്‍’.
അവരുടെ നെറ്റിയിലെ വിയര്‍പ്പ് തിളങ്ങുന്നതിന് തുല്യമായാണ് ഉമ്പായിക്കയുടെ പാട്ടിലെ രസക്കുമിളകള്‍.

ശാസ്ത്രീയ സംഗീതത്തിലെ ആശാരിത്തമൂശാരിത്തങ്ങള്‍ കൊണ്ട് കോണ്‍വെച്ച് അളന്നാല്‍ ഏതെങ്കിലും തരത്തില്‍ കൂര്‍പ്പിന് കുറവോ അരികിന് വിടവോ ഉണ്ടാകുന്ന തരത്തില്‍ ഒരക്കടലാസ് തൊടാത്ത, പ്രേമമരത്തില്‍ ആണത് കൊത്തിയിരിക്കുന്നത്,’ ഷഹബാസ് അമന്‍ പറഞ്ഞു

ഉമ്പായിയുടെ പാട്ടില്‍ ലയിക്കാന്‍ ഒരു സാധാരണക്കാരനോ ഒരസാധാരണ പ്രതിഭയോ ആയിരിക്കണം. രണ്ടിന്റെയും ഇടക്കുപെട്ട ആര്‍ക്കും അതിന്റെ കള്ളി പിടികിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഉമ്പായിക്കന്റെ പാട്ടില്‍ ലയിക്കാന്‍, കായലോളങ്ങള്‍ പോലത്തെ അതിന്റെ ജലഞൊറികള്‍ക്കൊപ്പം ഉലഞ്ചാന്‍ അതിന്റെ തേന്‍ കിട്ടാന്‍ ഒന്നുകില്‍ നിങ്ങള്‍ ഒരു സാധാരണക്കാരന്‍ ആയിരിക്കണം. അല്ലെങ്കില്‍ ഒരസാധാരണ പ്രതിഭ. രണ്ടിന്റെയും ഇടക്ക് പെട്ട ആര്‍ക്കും അതിന്റെ കള്ളി പിടുത്തം കിട്ടില്ല എന്ന കാര്യം നൂറു ശതമാനം ഉറപ്പാണ്,’ അദ്ദേഹം പറഞ്ഞു.

സംഗീതത്തിന്റെ സംഗതികളില്‍ മാത്രം സംതൃപ്തി കണ്ടെത്തുന്ന സംഗീതജ്ഞര്‍ക്ക് ആത്മസംഗീതത്തിന്റെ ലോകത്തില്‍ നിന്നും വളരെ വളരെ ദൂരെയാണെന്നാണും അദ്ദേഹം പറഞ്ഞു.

‘കിടുകിടുന്നനെയുള്ള ‘സംഗതികളില്‍’ മാത്രം സംതൃപ്തി കണ്ടെത്തുന്ന സംഗീതജ്ഞരോ സംഗീതാസ്വാദകരോ അന്തരീക്ഷത്തില്‍ ഇനിയും ബാക്കി ഉണ്ടെങ്കില്‍ അവര്‍ അറിയേണ്ടത് ആത്മസംഗീതത്തിന്റെ ലോകത്തില്‍ നിന്നും നിങ്ങള്‍ വളരെ വളരെ ദൂരെയാണെന്നാണ്.

സ്‌നേഹഗായകര്‍ പാടിക്കൊണ്ടേയിരിക്കുമ്പോള്‍ ഏതോ ഒരാപത്ത് നീക്കിവെക്കപ്പെട്ട് കൊണ്ടേയിരിക്കുന്നു. ആയിരത്തൊന്നു രാവില്‍ നീളും കഥകള്‍ പോലേ ശയകാ നിര്‍ത്തരുതേ നിന്‍ ഗാനം എന്ന് കവി അപേക്ഷിക്കുന്നത് അതുകൊണ്ടാണു. വാക്കുകളുടെ ചിറകാണു ഗീതം. പ്രാണതന്തികളേറ്റു വാങ്ങുന്ന സാന്ത്വനം. ഉമ്പായിക്ക പാടിക്കൊണ്ടിരിക്കുകയാണ്,’ ഷഹബാസ് അമന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Shahbaz Aman on Umbai on His third anniversary

We use cookies to give you the best possible experience. Learn more