ലോകമേ കാണൂ, പുതിയ താരത്തിന്റെ പിറവിയെ; രവീന്ദ്ര ജഡേജയുടെ വഴിയെ നടക്കാന്‍ ഒരാള്‍ കൂടി
Sports News
ലോകമേ കാണൂ, പുതിയ താരത്തിന്റെ പിറവിയെ; രവീന്ദ്ര ജഡേജയുടെ വഴിയെ നടക്കാന്‍ ഒരാള്‍ കൂടി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 11th October 2022, 7:36 pm

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ ടി-20 പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1നായിരുന്നു ഇന്ത്യയുടെ വിജയം.

ഇന്ത്യയുടെ വിജയത്തിനൊപ്പം തന്നെ ആരാധകര്‍ ആഘോഷമാക്കുന്നത് മറ്റൊരു താരത്തിന്റെ ഉദയത്തെയാണ്. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച് ഇടം കയ്യന്‍ സ്പിന്നര്‍ ഷഹബാസ് അഹമ്മദാണ് ആ പുത്തന്‍ താരോദയം.

രണ്ടാം ഏകദിനത്തില്‍ പത്ത് ഓവര്‍ പന്തെറിഞ്ഞ ഷഹബാസ് 54 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയിരുന്നു. തുടക്കക്കാരനായിട്ടുകൂടിയും എതിരാളി സൗത്ത് ആഫ്രിക്കയായിട്ടുകൂടിയും അതിന്റെ ഒരു പരിഭ്രമമവും ഇല്ലാതെയായിരുന്നു താരം പന്തെറിഞ്ഞത്.

ഓപ്പണര്‍ ജാന്നേമന്‍ മലനെ വിക്കറ്റിന് മുമ്പില്‍ കുടുക്കി അരങ്ങേറ്റ മത്സരത്തില്‍ തന്നെ അന്താരാഷ്ട്ര വിക്കറ്റ് സ്വന്തമാക്കാനും താരത്തിന് സാധിച്ചു. മത്സരത്തില്‍ 5.4 എക്കോണമിയില്‍ പന്തെറിഞ്ഞ ഷഹബാസിന് മൂന്നാം ഏകദിനത്തും ആ മികവ് ആവര്‍ത്തിക്കാനായി.

സൗത്ത് ആഫ്രിക്കന്‍ ടീം സ്വപ്‌നത്തില്‍ പോലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത മത്സരങ്ങളില്‍ ഒന്നായിരുന്നു ദല്‍ഹിയില്‍ വെച്ച് നടന്നത്. തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തില്‍ നാലാം തവണയായിരുന്നു പ്രോട്ടീസ് നൂറ് റണ്‍സിന് താഴെ പുറത്താവുന്നത്.

ഈ മത്സരത്തിലും ഷഹബാസ് തന്റെ ക്ലാസ് പുറത്തെടുത്തിരുന്നു. ഏഴ് ഓവര്‍ പന്തെറിഞ്ഞ താരം 32 റണ്‍സിന് രണ്ട് വിക്കറ്റ് സ്വന്തമാക്കി. 4.57 മാത്രമായിരുന്നു താരത്തിന്റെ എക്കോണമി.

 

ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായ രവീന്ദ്ര ജഡേജയുടെ അതേ ബൗളിങ് രീതിയാണ് താരം പന്തുടരുന്നത്. ഷഹബാസിന്റെ ലെഫ്റ്റ് ആം ഓര്‍ത്തഡോക്‌സ് സ്പിന്നിന് മുമ്പില്‍ അപകടകാരികളായ ഹെന്റിച്ച് ക്ലാസ്സനും ഏയ്ഡന്‍ മര്‍ക്രമുമാണ് കാലിടറി വീണത്.

അതേസമം, മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ വിജയം ആഘോഷിച്ചിരുന്നു. 185 പന്ത് ബാക്കി നില്‍ക്കവെയായിരുന്നു ഇന്ത്യയുടെ വിജയം. ശുഭ്മന്‍ ഗില്‍ അടിത്തറയിട്ട ഇന്ത്യന്‍ ഇന്നിങ്‌സിന് ശ്രേയസ് അയ്യര്‍ പൂര്‍ണത നല്‍കി.

57 പന്തില്‍ നിന്നും 49 റണ്‍സുമായി ഗില്‍ പുറത്തായപ്പോള്‍ 23 പന്തില്‍ നിന്നും 28 റണ്‍സ് നേടി അയ്യര്‍ പുറത്താവാതെ നിന്നു.

4.1 ഓവറില്‍ ഒരു മെയ്ഡിനടക്കം 18 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് കളിയിലെ താരം.

മൂന്നാം മത്സരത്തിലും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ച, ഇന്ത്യന്‍ പേസ് നിരയെ മുമ്പില്‍ നിന്നും നയിച്ച മുഹമ്മദ് സിറാജാണ് പരമ്പരയുടെ താരം.

 

 

Content Highlight: Shahbaz Ahmed with great performance in India-South Africa ODI series