| Saturday, 25th May 2024, 8:40 pm

സഞ്ജുവിനെയും രാജസ്ഥാനെയും ഐ.പി.എല്ലില്‍ നിന്ന് പുറത്താക്കിയ ഷഹബാസ് ഇനി ക്യാപ്റ്റന്‍; പുതിയ ലീഗില്‍ പുതിയ ടീമിനെ നയിക്കാന്‍ ഇവനും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ പുറത്താക്കി പാറ്റ് കമ്മിന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഫൈനലിന് യോഗ്യത നേടിയിരുന്നു. മെയ് 26ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍.

കഴിഞ്ഞ ദിവസം ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ 36 റണ്‍സിന്റെ മികച്ച വിജയമാണ് രാജസ്ഥാനെതിരെ സണ്‍റൈസേഴ്‌സ് നേടിയത്. സ്പിന്നര്‍മാരുടെ മികവിലാണ് ഉദയസൂര്യന്‍മാര്‍ രാജസ്ഥാനെ വീഴ്ത്തിയത്.

രാജസ്ഥാന്റെ എണ്ണം പറഞ്ഞ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷഹബാസ് അഹമ്മദാണ് സണ്‍റൈസേഴ്‌സിന് വിജയം എളുപ്പമാക്കിയത്. രാജസ്ഥാനെ ഡ്രൈവിങ് സീറ്റിലിരുത്തി മികച്ച ഫോമില്‍ കളി കൊണ്ടുപോയ യശസ്വി ജെയ്‌സ്വാളിനെ പുറത്താക്കി വിക്കറ്റ് വേട്ട ആരംഭിച്ച ഷഹബാസ്, ടീമിന്റെ വിശ്വസ്തന്‍ റിയാന്‍ പരാഗിനെയും ആര്‍. അശ്വിനെയും പുറത്താക്കി.

മത്സരത്തിലെ താരമായി തെരഞ്ഞെടുത്തതും ഷഹബാസിനെ തന്നെയായിരുന്നു.

സീസണിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ പുതുതായി ആരംഭിക്കുന്ന ബംഗാള്‍ പ്രോ ടി-20 ലീഗില്‍ ഒരു ടീമിന്റെ നായകസ്ഥാനവും താരത്തെ തേടിയെത്തിയിരിക്കുകയാണ്. ജൂണ്‍ 11ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ റാര്‍ ടൈഗേഴ്‌സിന്റെ നായകനാണ് ഷഹബാസ്.

എട്ട് ടീമുകളാണ് ലീഗില്‍ മാറ്റുരയ്ക്കുന്നത്. പുരുഷ-വനിതാ ടീമുകള്‍ക്കായി വ്യത്യസ്ത ടൂര്‍ണമെന്റുകള്‍ നടത്തുന്നു എന്നതാണ് ലീഗിനെ കൂടുതല്‍ മികച്ചതാക്കുന്നത്.

ഷഹബാസിന് പുറമെ ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അഭിഷേക് പോരല്‍, മുകേഷ് കുമാര്‍, ആകാശ് ദീപ് എന്നിവരടക്കമുള്ളവരാണ് മറ്റ് പുരുഷ ടീമിന്റെ നായകന്‍മാര്‍.

റിച്ച ഘോഷ്, ടിറ്റാസ് സാധു, ദീപ്തി ശര്‍മ എന്നിവരടക്കമുള്ള വമ്പന്‍ പേരുകാരാണ് വനിതാ ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനത്തുള്ളത്.

ബംഗാള്‍ പ്രോ ടി-20 ലീഗ് 2024

(ടീമുകള്‍ – പുരുഷ ടീം ക്യാപ്റ്റന്‍ – വനിതാ ടീം ക്യാപ്റ്റന്‍ എന്നീ ക്രമത്തില്‍)

കൊല്‍ക്കത്ത റോയല്‍ ടൈഗേഴ്‌സ് – അഭിഷേക് പോരല്‍ – മിതാലി പോള്‍

ആഡമാസ് ഹൗറ വാറിയേഴ്‌സ് – അനുഷ്ടുപ് മജുംദാര്‍ – ധാര ഗുജ്ജര്‍

രശ്മി മേദിനിപൂര്‍ വിസാര്‍ഡ്‌സ് – അഭിമന്യു ഈശ്വരന്‍ – റിച്ച ഘോഷ്

റാര്‍ ടൈഗേഴ്‌സ് – ഷഹബാസ് അഹമ്മദ് – ടിറ്റാസ് സാധു

മാള്‍ഡ സോബിസ്‌കോ സ്മാഷേഴ്‌സ് – മുകേഷ് കുമാര്‍ – ഹൃഷിത ബസു

മുര്‍ഷിദാബാദ് കിങ്‌സ് – സുദീപ് കുമാര്‍ ഘരാമി – ദീപ്തി ശര്‍മ

ഹാര്‍ബര്‍ ഡയമണ്ട്‌സ് – മനോജ് തിവാരി – സുകന്യ പരിദ

സെര്‍വോടെക് സിലിഗുരി സ്‌ട്രൈക്കേഴ്‌സ് – ആകാശ് ദീപ് – പ്രിയങ്ക ബാല

Content highlight: Shahbaz Ahmed named captain of Rarh Tigers in Bengal Pro T20 League 2024

We use cookies to give you the best possible experience. Learn more