കേരളക്കരയിൽ ഇടിയുടെ മാലപ്പടക്കം തീർത്ത പടമായിരുന്നു നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആർ.ഡി.എക്സ്. ആന്റണി വർഗീസ് പെപ്പെ, ഷെയ്ൻ നിഗം, നീരജ് മാധവ് തുടങ്ങിയ താരങ്ങൾ മിന്നും പ്രകടനമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഓണം റിലീസ് ആയെത്തി ആഗോള ബോക്സ് ഓഫീസ് തൂത്തുവാരിയ ചിത്രത്തിൽ ലാൽ, ബാബു ആന്റണി, മാല പാർവതി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
മലയാള സിനിമയിൽ മാർഷ്യൽ ആർട്സ് എന്ന കേൾക്കുമ്പോൾ മനസിലേക്ക് ഓടിവരുന്ന ചിത്രം ബാബു ആന്റണിയുടേതാണ്. ഒരുപാട് കാലങ്ങൾക്ക് ശേഷം ബാബു ആന്റണി എന്ന നടൻ മാർഷ്യൽ ആർട്സിന് പ്രാധ്യാന്യമുള്ള ഒരു കഥാപാത്രം ചെയ്യുന്നത് ആർ.ഡി എക്സിലാണ്. പടത്തിൽ ബാബു ആന്റണിയുടെ ഫൈറ്റ് സീനുകൾ കുറവാണെങ്കിലും അദ്ദേഹത്തിന്റെ അവസാനത്തെ നിങ്ങൾ അടിക്കെടാ എന്ന ധൈര്യത്തിൽ നിൽക്കുന്നത് തന്നെ പ്രേക്ഷകരെ ആവേശഭരിതരാക്കിയിരുന്നു.
ആദര്‍ശ് സുകുമാരനും ഷഹബാസ് റഷീദും കൂടിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. പടത്തിന്റെ കഥ എഴുതുമ്പോൾ തങ്ങൾക്ക് വർക്ക് ആവുമെന്ന് തോന്നിയ സീനിനെക്കുറിച്ച് സംസാരിക്കുകയാണ് ഷഹബാസ്. ബാബു ആന്റണിയുടെ അവസാന ഫൈറ്റ് സീനിൽ കയ്യടി വീഴുമെന്ന് തങ്ങൾ പ്രതീക്ഷിച്ചിരുന്നെന്ന് ഷഹബാസ് പറഞ്ഞു. തങ്ങളുടെ ആദ്യ പടമായതുകൊണ്ട് തിരക്കഥ എഴുതുമ്പോൾ എവിടെ കയ്യടിക്കുമെന്ന് അറിയില്ലെന്നും ഷഹബാസ് കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്.എമ്മിന്റെ റൈറ്റേഴ്‌സ് ക്ലബ്ബ്23 എന്ന പരിപാടിയിൽ സംസാരിക്കുകയാണ് ഷഹബാസും ആദർശും.
‘ഞങ്ങളുടെ ആദ്യപടം ആയതുകൊണ്ടാകാം അറിയാൻ കഴിയാത്തത്. ഒരു പത്ത് പടം കഴിഞ്ഞാൽ ഞങ്ങൾക്ക് ചിലപ്പോൾ ജഡ്ജ് ചെയ്യാൻ പറ്റിയിരിക്കും. ആർ.ഡി.എക്സിന്റെ സ്ക്രിപ്റ്റ് എഴുതുമ്പോൾ ആകെ കയ്യടി കിട്ടും എന്ന് പ്രതീക്ഷിച്ചത് ബാബു ആന്റണി ചേട്ടന്റെ സീനിലാണ്,’ഷഹബാസ് പറഞ്ഞു.
കെ.ജി.എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍ബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Content Highlight: Shahbas on the scene where he expected applause while writing the script