നീയൊക്കെ എന്തൂട്ട് മണ്ടനാടോ! ഇതിലും നന്നായി പിള്ളേര്‍ കളിക്കുമല്ലോ? ജസ്റ്റ് പാക് പ്ലെയര്‍ തിങ്‌സ്; വീഡിയോ
Sports News
നീയൊക്കെ എന്തൂട്ട് മണ്ടനാടോ! ഇതിലും നന്നായി പിള്ളേര്‍ കളിക്കുമല്ലോ? ജസ്റ്റ് പാക് പ്ലെയര്‍ തിങ്‌സ്; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 15th February 2023, 4:48 pm

പാകിസ്ഥാന്‍ ഫ്രാഞ്ചൈസി ലീഗായ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന് ആളും ആരവവുമായി കൊടിയേറിയിരിക്കുകയാണ്. പി.എസ്.എല്ലിന്റെ എട്ടാം സീസണില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ലാഹോര്‍ ഖലന്തേഴ്‌സ് വിജയത്തോടെ തങ്ങളുടെ ക്യാമ്പെയ്‌നിന് തുടക്കം കുറിച്ചിരുന്നു.

മുള്‍ട്ടാന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് നടന്ന മത്സരത്തില്‍ മുള്‍ട്ടാന്‍ സുല്‍ത്താനെ ഒറ്റ റണ്‍സിന് പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു ഖലന്തേഴ്‌സ് വിജയത്തോടെ സീസണ്‍ തുടങ്ങിയത്.

മത്സരത്തിന്റെ അവസാന ഓവറിലെ അവസാന പന്തിലായിരുന്നു ഖലന്തേഴ്‌സ് വിജയം സ്വന്തമാക്കിയത്. ഒറ്റ റണ്‍സിനായിരുന്നു റെയ്‌നിങ് ചാമ്പ്യന്‍മാരുടെ വിജയം.

ഈ ലാസ്റ്റ് ഓവര്‍ ത്രില്ലറിനേക്കാള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്ന മറ്റൊരു സംഭവവും ആ മത്സരത്തിനിടെ നടന്നിരുന്നു. പാക് സൂപ്പര്‍ താരം ഷഹനവാസ് ദഹാനിയുടെ മണ്ടത്തരമാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്.

മത്സരത്തിന്റെ 17ാം ഓവറില്‍ ഖലന്തേഴ്‌സ് താരം ഹുസൈന്‍ ടാലറ്റിനെ പുറത്താക്കാനുള്ള അവസരമായിരുന്നു ദഹാനി നഷ്ടപ്പെടുത്തിയത്. ഓവറില്‍ ദഹാനിയെ ഫ്‌ളിക് ചെയ്ത് സിംഗിള്‍ കണ്ടെത്താന്‍ സ്‌ട്രൈക്കര്‍ സിക്കന്ദര്‍ റാസ ശ്രമിച്ചിരുന്നു. എന്നാല്‍ മികച്ച രീതിയില്‍ താരത്തിന് ആ ഷോട്ട് കളിക്കാന്‍ സാധിച്ചിരുന്നില്ല.

റാസയുടെ ഷോട്ട് നേരെ ചെന്നെത്തിയത് പന്തെറിഞ്ഞ് പിച്ചിന് നടുവിലേക്കെത്തിയ ദഹാനിയുടെ കയ്യിലായിരുന്നു. അപ്പോഴേക്കും മറുഭാഗത്ത് നിന്നും ഓട്ടം തുടങ്ങിയ ടാലറ്റ് സ്‌ട്രൈക്കേഴ്‌സ് എന്‍ഡ് വരെയെത്തിയിരുന്നു.

പന്തെടുത്ത് റണ്‍ ഔട്ടിനായ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്കോടിയ ദഹാനി ആ സിംപിള്‍ റണ്‍ ഔട്ട് ചാന്‍സ് മിസ് ചെയ്യുകയായിരുന്നു. ദഹാനിയുടെ ത്രോ കണ്ട സഹതാരം പോലും അന്തംവിട്ട് നിന്നിരുന്നു.

മത്സരത്തില്‍ നിശ്ചിത ഓവറില്‍ ഖലന്തേഴ്‌സ് 175 റണ്‍സ് നേടിയിരുന്നു. ഓപ്പണര്‍മാരുടെ കരുത്തിലാണ് ഖലന്തേഴ്‌സ് റണ്ണടിച്ചുകൂട്ടിയത്.

44 പന്തില്‍ നിന്നും 66 റണ്‍സ് നേടിയ ഫഖര്‍ സമാനും 26 പന്തില്‍ നിന്നും 32 റണ്‍സ് നേടിയ മിര്‍സ താഹിര്‍ ബായിഗുമാണ് സ്‌കോറിങ്ങിന് തുടക്കം കുറിച്ചത്. പിന്നാലെയെത്തിയവരും തങ്ങളുടെ സംഭാവനകള്‍ നല്‍കിയപ്പോള്‍ ഖലന്തേഴ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സുല്‍ത്താന്‍സിനും ഗംഭീര തുടക്കമായിരുന്നു ഓപ്പണര്‍മാര്‍ നല്‍കിയത്. 50 പന്തില്‍ നിന്നും 75 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനും 31 പന്തില്‍ നിന്നും 35 റണ്‍സ് നേടിയ ഷാന്‍ മസൂദും ഇന്നിങ്‌സിന് അടിത്തറയിട്ടു.

പിന്നാലെയെത്തിയ ഡേവിഡ് മില്ലറും കെയ്‌റോണ്‍ പൊള്ളാര്‍ഡും മികച്ച രീതിയില്‍ ബാറ്റ് ചെയ്‌തെങ്കിലും പിന്നാലെത്തിയവര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയി.

അവസാന ഓവറില്‍ വിജയത്തിന് 15 റണ്‍സ് വേണമെന്നിരിക്കെ 13 റണ്‍സ് മാത്രം നേടാനെ സുല്‍ത്താന്‍സിന് സാധിച്ചിരുന്നുള്ളൂ. ഇതോടെ ഖലന്തേഴ്‌സ് ഒരു റണ്ണിന് വിജയിക്കുകയായിരുന്നു.

 

Content highlight: Shahanavz Dahani misses simple run out chance in PSL