|

വെറുമൊരു വിക്കറ്റല്ല, ഇന്ത്യന്‍ ടീം ഒന്നാകെ ഇങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രത്തോളം സ്‌പെഷ്യലായിരിക്കും...

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – സൗത്ത് ആഫ്രിക്ക പരമ്പരയിലെ രണ്ടാം വിക്കറ്റായി ജാന്നേമന്‍ മലന്‍ പുറത്തായപ്പോള്‍ ഇന്ത്യന്‍ ടീമിന് ഒരു പ്രത്യേക ആവേശവും സന്തോഷവുമായിരുന്നു. 31 പന്തില്‍ നിന്നും 25 റണ്‍സുമായി നില്‍ക്കവെയാണ് മലന്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങി പുറത്താവുന്നത്.

ഷഹബാസ് അഹമ്മദായിരുന്നു വിക്കറ്റ് നേടിയത് എന്നതായിരുന്നു ഇന്ത്യന്‍ ടീമിലെ ഓരോരുത്തരെയും അധിക സന്തോഷത്തിലാഴ്ത്തിയത്. കാരണം ഷഹബാസിന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ വിക്കറ്റായിരുന്നു അത്.

ഇന്ത്യക്ക് വേണ്ടി ഷഹബാസ് ആദ്യമായാണ് പന്തെറിയുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യക്കായി കളിച്ച രവി ബിഷ്‌ണോയിയുടെ പകരക്കാരനായാണ് ഷഹബാസ് ടീമിലെത്തിയത്.

മികച്ച രീതിയിലാണ് താരം ഇതിനോടകം പന്തെറിഞ്ഞിട്ടുള്ളത്. ഇതുവരെ ആറ് ഓവര്‍ എറിഞ്ഞ ഷഹബാസ് 25 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.

ഷഹബാസിന് പുറമെ വാഷിങ്ടണ്‍ സുന്ദറും ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്.

നിലവില്‍ 17 ഓവറില്‍ 72 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് സൗത്ത് ആഫ്രിക്ക. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ വിക്കറ്റാണ് പ്രോട്ടീസിന് നഷ്ടമായത്. എട്ട് പന്തില്‍ നിന്നും അഞ്ച് റണ്‍സുമായി നില്‍ക്കവെ മുഹമ്മദ് സിറാജിന്റെ പന്തില്‍ താരം ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.

സ്ഥിരം ക്യാപ്റ്റന്‍ തെംബ ബാവുമ ടീമില്‍ നിന്നും പുറത്തായതോടെ കേശവ് മഹാരാജിന്റെ നേതൃത്വത്തിലാണ് സൗത്ത് ആഫ്രിക്ക ഇറങ്ങിയത്.

റാഞ്ചിയില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ വിജയിക്കാനായാല്‍ പരമ്പര നേടാമെന്നിരിക്കെ നിര്‍ണായകമായ മാറ്റമാണ് പ്രോട്ടീസ് നടത്തിയിരിക്കുന്നത്.

ലഖ്നൗവില്‍ വെച്ച് നടന്ന ആദ്യ മത്സരത്തില്‍ ഒമ്പത് റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം. ടോപ് ഓര്‍ഡര്‍ തകര്‍ന്നടിഞ്ഞതാണ് ഇന്ത്യയെ അര്‍ഹിച്ച വിജയത്തില്‍ നിന്നും തട്ടിയകറ്റിയത്.

ഇന്ത്യന്‍ ടീം

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, ഷര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അവേശ് ഖാന്‍.

സൗത്ത് ആഫ്രിക്ക ടീം

ജാന്നേമന്‍ മലന്‍, ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റീസ ഹെന്‍ഡ്രിക്സ്, ഏയ്ഡന്‍ മര്‍ക്രം, ഹെന്റിച്ച് ക്ലാസ്സന്‍, ഡേവിഡ് മില്ലര്‍, വെയ്ന്‍ പാര്‍ണെല്‍, കേശവ് മഹാരാജ് (ക്യാപ്റ്റന്‍), ജോര്‍ണ്‍ ഫോര്‍ടുയിന്‍, കഗീസോ റബാദ, ആന്റിച്ച് നോര്‍ട്ജെ.

Content Highlight: Shahabaz Ahmmed picks up his first international wicket