|

ആലിയയുടെയും രണ്‍ബീറിന്റെയും വീട് തകര്‍ത്ത് ഷാരൂഖിന്റെ മാസ് എന്‍ട്രി- ട്രെന്‍ഡിങ്ങായി പുതിയ പരസ്യം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡിലെ മികച്ച താരങ്ങളാണ് ഷാറൂഖ് ഖാനും രണ്‍ബീറും ആലിയാ ഭട്ടും. റോക്ക്‌സ്റ്റാര്‍ എന്ന സിനിമയിലെ രണ്‍ബീറിന്റെ ജോര്‍ദാനും റായീസ് എന്ന സിനിമയില്‍ ഷാരൂഖിന്റെ റായീസ് ഭായും ഗംഗുഭായ് കതിയവാഡിയിലെ ആലിയയുടെ ഗംഗുഭായും അവരവരുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളാണ്. ആ കഥാപാത്രങ്ങളുടെ ഗെറ്റപ്പില്‍ താരങ്ങള്‍ അഭിനയിച്ച പുതിയ പരസ്യമാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച.

റുങ്ത സ്റ്റീല്‍ ടി.എം.ടി കമ്പനിയുടെ പരസ്യത്തിലാണ് ഐക്കോണിക് കഥാപാത്രങ്ങളുടെ ഗെറ്റപ്പില്‍ താരങ്ങള്‍ എത്തിയത്. രണ്‍ബീറിന്റെയും ആലിയയുടെയും വീടിന്റെ ഗൃഹപ്രവേശം നടക്കുന്ന സമയത്ത് ഷാരൂഖ് മേല്‍ക്കൂര പൊളിച്ച് വരുന്നതാണ് പരസ്യം. പാര്‍ട്ടിക്ക് വരുമ്പോള്‍ വാതിലിലൂടെ വന്നുകൂടെ എന്ന രണ്‍ബീറിന്റെ ചോദ്യത്തിന്, റുങ്ത സ്റ്റീലിന്റെ മേല്‍ക്കൂര അല്ലാത്തതുകൊണ്ടാണ് ഈ എന്‍ട്രി ഇത്ര എളുപ്പമായത് എന്നായിരുന്നു ഷാരൂഖിന്റെ മറുപടി.

അതാത് കഥാപാത്രത്തിന്റെ സംസാരശൈലിയില്‍ തന്നെയായിരുന്നു താരങ്ങളുടെ ഡയലോഗ് ഡെലിവറി എന്നത് പരസ്യത്തിനെ കൂടുതല്‍ മികച്ചതാക്കുന്നു. രണ്‍ബീര്‍ എന്ന നടനെ അടയാളപ്പെടുത്തിയ സിനിമയായിരുന്നു ഇംതിയാസ് അലി സംവിധാനം ചെയ്ത റോക്ക്‌സ്റ്റാര്‍. അതുപോലെ ഷാരൂഖ് ഖാന്റെ മികച്ച പത്ത് കഥാപാത്രങ്ങളിലൊന്നാണ് റയീസ് ഭായ്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഗംഗുഭായിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ആലിയക്ക് ലഭിച്ചു.

അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ബ്രഹ്‌മാസ്ത്രയില്‍ രണ്‍ബീറും ആലിയയും ഒന്നിച്ചഭിനയിച്ചിരുന്നു. ഇരുവരുടെയും വിവാഹത്തിന് മുമ്പുള്ള സിനിമയായിരുന്നു അത്. ഷാരൂഖ് ഖാനും ചിത്രത്തില്‍ അതിഥിവേഷത്തില്‍ എത്തിയിരുന്നു. പുതിയ പരസ്യം ആരാധകര്‍ക്കിയില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

Content Highlight: Shah Rukh, Ranbir, Alia joined together for new advertisement