| Wednesday, 24th October 2012, 1:46 pm

ജബ് തക് ഹേ ജാന് പാക്കിസ്ഥാനില്‍ വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഷാറൂഖ് ഖാന്‍ നായകനായ ജബ് തക് ഹേ ജാനിന് പാക്കിസ്ഥാന്‍ സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക് നേരിടുമെന്ന് സൂചന. ഷാറൂഖ് ഖാന്‍ ആര്‍മി ഓഫീസറായി എത്തുന്ന ചിത്രത്തില്‍ കാശ്മീര്‍ വിഷയം വരുന്നു എന്ന വാര്‍ത്തയാണ് സെന്‍സര്‍ ബോര്‍ഡ് കത്രിക വെക്കാന്‍ കാരണം. []

ചിത്രത്തിന്റെ ട്രെയ്‌ലറും പാക്കിസ്ഥാനില്‍ നിരോധിച്ചിട്ടുണ്ട്. കാശ്മീരിലെ ആര്‍മി ഓപ്പറേഷന്‍ ചിത്രം വലിയ പ്രാധാന്യം നല്‍കുന്നുണ്ട്.

നേരത്തേ ബോളിവുഡ് താരങ്ങളായ സെയ്ഫ് അലിഖാന്റെയും സല്‍മാന്‍ ഖാന്റെയും ചിത്രങ്ങളും പാക്കിസ്ഥാനില്‍ നിരോധിച്ചിരുന്നു. സെയ്ഫ് അലിഖാന്റെ ഏജന്റ് വിനോദും സല്‍മാന്‍ ഖാന്റെ ഏക്ഥാ ടൈഗറുമായിരുന്നു നിരോധിച്ചിരുന്നത്.

കത്രീന കൈഫും അനുഷ്‌ക ശര്‍മയുമാണ് ചിത്രത്തിലെ നായികമാര്‍.

ബോളിവുഡിലെ ഇതിഹാസ സംവിധായകന്‍ യാഷ് ചോപ്ര അവസാനമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ജബ് തക് ഹേ ജാന്‍. ഒക്ടോബര്‍ 22 നായിരുന്നു യാഷ് ചോപ്ര അന്തരിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തീകരിക്കുന്നതിനിടെയാണ് അദ്ദേഹം അസുഖബാധിതനായത്.

ഇത് താന്‍ അവസാനം സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കുമെന്നും ശേഷം സ്വകാര്യ ജീവിതത്തിലും യാഷ് ചോപ്ര ഫിലിംസിലും ശ്രദ്ധിക്കാന്‍ പോകുന്നുവെന്ന് അടുത്തിടെ പറഞ്ഞിരുന്നു.

സിനിമയുടെ ആദ്യ ട്രെയ്‌ലര്‍ പുറത്തിറങ്ങി രണ്ട് മണിക്കൂറിനുള്ളില്‍ 2,30,000 പേരാണ് യു ട്യൂബിലൂടെ വിഡിയോ കണ്ടത്. ജബ് തക് ഹെ ജാനിലെ ഗുല്‍സാറിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് എ.ആര്‍. റഹ്മാനാണ്. നവംബര്‍ പതിമൂന്നിന് ചിത്രം തിയേറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തേ വന്ന വാര്‍ത്തകള്‍.

We use cookies to give you the best possible experience. Learn more