മുംബൈ:ജീവന് ഭീഷണിയുണ്ടെന്ന നടന്‍ ഷാരൂഖ് ഖാന്റെ പരാതിയ്ക്ക് പിന്നാലെ വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി മുംബൈ പൊലീസ്. പത്താന്‍, ജവാന്‍ എന്നീ സിനിമകളുടെ വന്‍ വിജയങ്ങള്‍ക്കു ശേഷം ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഷാരൂഖ് ഖാന്‍ പരാതി നല്‍കിയത്.
വൈ പ്ലസ് സുരക്ഷക്ക് കീഴില്‍ ആറ് സായുധ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇരുപത്തിനാല് മണിക്കൂറും ഖാന് സുരക്ഷയൊരുക്കും. നേരത്തെ താരത്തിനോടൊപ്പം സുരക്ഷക്കായി രണ്ട് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു.
തുടരെയുള്ള വിജയങ്ങള്‍ക്ക് ശേഷം തന്റെ ജീവന് ഭീഷണി നേരിടുന്നതായി കാണിച്ച് ഷാരൂഖ് മഹാരാഷ്ട്ര സര്‍ക്കാരിന് കത്ത് അയച്ചിരുന്നു. പൊലീസിന് നിര്‍ദേശ പ്രകാരമായിരുന്നു ഷാരൂഖ് കത്തയച്ചത്. തുടര്‍ന്ന് താരത്തിന് സുരക്ഷാ നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ലോറന്‍സ് ബിഷ്ണോയി സംഘത്തിന്റെ ഭീഷണി മൂലം നടന്‍ സല്‍മാന്‍ ഖാനും വൈ പ്ലസ് സുരക്ഷ നല്‍കിയിരുന്നു.
മുംബൈ അധോലോകത്തെയും ഭീഷണികളെയും അതിജീവിക്കുന്ന ഖാനെ പ്രശംസിച്ചുകൊണ്ട് സിനിമനിര്‍മാതാവ് സഞ്ജയ് ഗുപ്ത സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു.
തൊണ്ണൂറുകളില്‍ സിനിമ താരങ്ങള്‍ക്കെതിരായ അധോലോക പീഡനം പാരമ്യത്തിലെത്തിയപ്പോള്‍ ഒരിക്കലും വഴങ്ങാതെ ഇരുന്ന താരമായിരുന്നു ഷാരുഖ് ഖാന്‍. ‘ഗോലി മര്‍നി ഹായ് മാര്‍ ദേ, പര്‍ തുമ്ഹരെ ലിയേ കം നഹീന്‍ കരൂംഗ. മേന്‍ പത്താന്‍ ഹൂന്‍ ( നിങ്ങള്‍ക്ക് വേണെമെങ്കില്‍ എന്നെ വെടിവെയ്ക്കാം, പക്ഷെ ഞാന്‍ നിങ്ങള്‍ക്കായി പ്രവര്‍ത്തിക്കില്ല, ഞാന്‍ ഒരു പത്താനാണ്. ഷാരൂഖ് ഇന്നും അങ്ങനെ തന്നെയാണ്’, എന്നായിരുന്നു ഗുപ്ത എക്‌സില്‍ കുറിച്ചത്.
ഭീഷണി നേരിടുന്ന പൗരന്മാര്‍ക്ക് സുരക്ഷ നല്‍കുക എന്നത് മഹാരാഷ്ട്ര ഗവണ്മെന്റിന്റെ നയമാണ്. അതനുസരിച്ചു പൗരന്മാര്‍ സുരക്ഷക്കായി ഫീസും സുരക്ഷാ നിക്ഷേപവും നല്‍കേണ്ടതാണ്.
Content Highlight: Shah Rukh Khan Y plus Category Security