| Tuesday, 10th April 2012, 9:06 am

ഷാരൂഖ് ഖാന്‍ ധ്യാന്‍ചന്ദായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ചക്‌ദേ ഇന്ത്യ എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ ഹോക്കിയുടെ പ്രതീകമായി ഷാരൂഖ് മാറിയിരുന്നു. ഇതിന് പിന്നാലെ ഷാരൂഖ് വീണ്ടും ഹോക്കി താരമാകുന്നു. ലോകം കണ്ട എക്കാലത്തെയും മികച്ച ഹോക്കി താരമായ ധ്യാന്‍ചന്ദായാണ് ഷാരൂഖ് വെള്ളിത്തിരയിലെത്തുന്നത്.

ഇന്ത്യയ്ക്ക് തുടര്‍ച്ചയായി മൂന്നുതവണ ഒളിമ്പിക്‌സ് ഹോക്കി സ്വര്‍ണ്ണമെഡല്‍ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാനകളിക്കാരനായിരുന്ന ധ്യാന്‍ ചിന്ദിന്റെ സ്ഥാനം ലോക ഹോക്കിയിലെ ഒന്നാം നിരക്കാരിലാണ്. 1928,1932, 1936 ഒളിമ്പിക്‌സുകളിലാണ് ധ്യാന്‍ചന്ദ് മെഡല്‍ നേടിയത്.

സ്വന്തം ഗോള്‍ മുഖത്തുനിന്നും എതിരാളിയുടെ ഗോള്‍മുഖംവരെ മികച്ച പന്തടക്കത്തോടെ എത്താനുള്ള മികവുകൊണ്ട് പല്ലി എന്ന വിളിപ്പേരിലാണ് ധ്യാന്‍ ചന്ദ് അറിയപ്പെട്ടിരുന്നത്.

ദില്ലിയിലെ സെന്റ് കൊളംബസ് സ്‌കൂള്‍ ഹോക്കി ടീം ക്യാപ്റ്റന്‍, സ്‌കൂള്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍, സ്‌കൂള്‍ പഠനകാലത്തെ  ദേശീയ ക്രിക്കറ്റ് മത്സരങ്ങളിലെ പങ്കാളിത്തം എന്നിങ്ങനെയാണ് ഖാന്റെ കായിക പ്രതിഭ തെളിയിക്കുന്ന വിവരങ്ങള്‍.

അതേസമയം, പുതിയ ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിരവധിപേര്‍ ധ്യാന്‍ചന്ദിന്റെ ജീവിതകഥ ചലച്ചിത്രമാക്കാന്‍ ഒരുങ്ങുന്നുണ്ടെന്നാണ് അണിയറ വാര്‍ത്തകള്‍. സിനിമയുമായി ബന്ധപ്പെട്ട് തന്നെ ചിലര്‍ സമീപിച്ചതായി ഷാരൂഖ് സ്ഥിരീകരിച്ചിട്ടുണ്ട്. കായിക ഇനങ്ങളില്‍ താല്‍പര്യമുള്ള തനിക്ക് ഈ വെല്ലുവിളി സ്വീകരിക്കാനാകുമെന്നും ഖാന്‍ വ്യക്തമാക്കി.

2007ല്‍ പുറത്തിറങ്ങിയ ചക്‌ദേ ഇന്ത്യയില്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ കോച്ചായാണ് ഷാരൂഖ് ചിത്രത്തില്‍ അഭിനയിച്ചത്. നേരത്തെ മില്‍ഖാ സിംഗിന്റെ ജീവിതവും, പാന്‍സിംഗ് ടൊമറിന്റെ ജീവിതവും സിനിമയായിരുന്നു.

We use cookies to give you the best possible experience. Learn more