| Sunday, 24th December 2023, 3:49 pm

എനിക്ക് അമ്പത്തെട്ട് വയസായി, ഇനി പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് തോന്നുന്നത്: ഷാരൂഖ് ഖാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏറ്റവും പുതുതായി ഷാരൂഖ് ഖാന്റേതായി തിയേറ്ററിലെത്തിയ സിനിമയാണ് ഡങ്കി. ‘ത്രീ ഇഡിയറ്റ്സ്’, ‘പി.കെ’ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത രാജ്കുമാര്‍ ഹിരാനിയാണ് ഡങ്കിയും ഒരുക്കിയിരിക്കുന്നത്.

അനധികൃതമായി ലണ്ടനിലേക്ക് കുടിയേറ്റം നടുത്തുന്നവരുടെ കഥയാണ് സിനിമയില്‍ പറയുന്നത്. ചിത്രത്തില്‍ ഹാര്‍ദയാല്‍ സിങ് ദില്ലണ്‍ അഥവാ ഹാര്‍ഡിയെന്ന കഥാപാത്രമായാണ് ഷാരൂഖെത്തുന്നത്.

വിവിധ കാലഘട്ടത്തിലായി ഒന്നിലധികം ഗെറ്റപ്പുകളും അദ്ദേഹത്തിനുണ്ട്. ഇപ്പോള്‍ എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ ഡങ്കി സിനിമയെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും സംസാരിക്കുകയാണ് ഷാരൂഖ് ഖാന്‍.

തനിക്ക് ഇപ്പോള്‍ അമ്പത്തെട്ട് വയസായെന്നും ഇനി ഏജ് സെന്ററിക്കായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് തോന്നുന്നതെന്നും അങ്ങനെ ഒരു സിനിമയില്‍ അവസരം ലഭിച്ചാല്‍ ഇനി നൂറ് ശതമാനവും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഡങ്കി സിനിമയിലെ കഥാപാത്രത്തിന്റെ പ്രായം തന്റെ യഥാര്‍ത്ഥ പ്രായത്തോട് അടുത്തതാണെന്നും ഷാരൂഖ് കൂട്ടിചേര്‍ത്തു.

‘എനിക്ക് ഇപ്പോള്‍ അമ്പത്തെട്ട് വയസായി. ഏജ് സെന്ററിക്ക് ആയ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇപ്പോള്‍ തോന്നുന്നത്. എനിക്ക് അങ്ങനെ ഒരു സിനിമയില്‍ അവസരം ലഭിച്ചാല്‍ ഇനി നൂറ് ശതമാനവും ചെയ്യും.

ജവാന്‍ സിനിമ ഒരു കൊമേഷ്യലായ സിനിമയായിരുന്നു. ഞാന്‍ അതിനെ കാരിക്കേച്ചര്‍ എന്ന് വിളിക്കില്ല. അത് പ്രായമുള്ള കഥാപാത്രമായിരുന്നു. എന്നാല്‍ ഡങ്കി സിനിമയിലെ കഥാപാത്രം വളരെ യഥാര്‍ത്ഥമാണ്. ആദ്യമായി ഞാന്‍ പ്രായം സത്യസന്ധമാണെന്ന് പറയും. അതിലെ പ്രായം എന്റെ പ്രായത്തോട് കൂടുതല്‍ അടുത്തിരിക്കുന്നതാണ്,’ ഷാരൂഖ് ഖാന്‍ പറഞ്ഞു.

ഡിസംബര്‍ 22നായിരുന്നു ഡങ്കി തിയേറ്ററിലെത്തിയത്. നായികയായി തപ്സി പന്നുവും മറ്റു കഥാപാത്രങ്ങളിലായി ബൊമ്മന്‍ ഇറാനി, വിക്കി കൗശല്‍ എന്നിവരുമാണ് എത്തിയത്.


Content Highlight: Shah Rukh Khan Talks About His Age And Age-Centric Role

We use cookies to give you the best possible experience. Learn more