|

ആമിര്‍ ഖാന്റെ ആ ചിത്രം അദ്ദേഹം പോലും ചെയ്യാന്‍ പാടില്ലായിരുന്നു: ഷാരുഖ് ഖാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അതുല്‍ കുല്‍ക്കര്‍ണിയുടെ രചനയില്‍ അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്ത് 2022ല്‍  പുറത്തിറങ്ങിയ ചിത്രമാണ് ലാല്‍ സിങ് ഛദ്ദ. കരീന കപൂര്‍ ഖാന്‍, നാഗ ചൈതന്യ, മോന സിങ് എന്നിവര്‍ക്കൊപ്പം ആമിര്‍ ഖാനാണ് ചിത്രത്തില്‍ ലാല്‍ സിങ് ഛദ്ദയായി എത്തിയത്. സിനിമയുടെ നിര്‍മാണവും ആമിര്‍ ഖാനാണ്. ഹോളിവുഡിലെ എക്കാലത്തെയും മാസ്റ്റര്‍പീസ് എന്ന വിശേഷിപ്പിക്കാവുന്ന ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കാണ് ലാല്‍ സിങ് ഛദ്ദ.

ലാല്‍ സിങ് ഛദ്ദയെ കുറിച്ച് സംസാരിക്കുകയാണ് കിങ് ഖാന്‍. ലാല്‍ സിങ് ഛദ്ദ എന്തുകൊണ്ട് ഷാരുഖ് ഖാന്‍ ചെയ്തില്ല എന്ന സഹ അവതാരകനായ വിക്കി കൗശലിന്റെ ചോദ്യങ്ങള്‍ക്ക് 24ാമത് ഐ.ഐ.എഫ്.എ അവാര്‍ഡില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ലാല്‍ സിങ് ഛദ്ദ ഷാരുഖ് ഖാന് ആദ്യം വന്നിരുന്നോ എന്ന് വിക്കി കൗശല്‍ ചോദിച്ചപ്പോള്‍ ആ ചിത്രം ആമിര്‍ ഖാന്‍ പോലും ചെയ്യാന്‍ പാടില്ലായിരുന്നെന്ന് അദ്ദേഹം തമാശ രൂപത്തില്‍ മറുപടി നല്‍കിയത്. താന്‍ ആമിര്‍ ഖാനെ സ്‌നേഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതെല്ലം താന്‍ തമാശക്ക് പറയുന്നതാണെന്നും ഷാരുഖ് ഖാന്‍ എടുത്തുപറഞ്ഞു.

താന്‍ എല്ലാം ചെയ്തുവെന്നും മറ്റ് താരങ്ങളെ പരിഗണിക്കുന്നതിന് മുമ്പ് പ്രധാന പ്രൊജക്ടുകള്‍ സാധാരണയായി തന്റെ അടുത്തേക്ക് വരുമെന്നും അദ്ദേഹം തമാശയായി അവകാശപ്പെട്ടു.

ബോക്സ് ഓഫീസില്‍ നിന്ന് നിരാശയായിരുന്നു ലാല്‍ സിങ് ഛദ്ദക്ക് ലഭിച്ചത്. 180 കോടി രൂപയുടെ ബജറ്റില്‍ നിന്ന് 130 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാന്‍ കഴിഞ്ഞത്. ലാല്‍ സിങ് ഛദ്ദയിലെ പ്രകടനത്തിന് ആമിര്‍ ഖാനും നിരവധി വിമര്‍ശങ്ങള്‍ നേരിട്ടിരുന്നു. ഇത് അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കാനും അദ്ദേഹത്തെ പ്രേരിപ്പിച്ചു.

Content Highlight: Shah Rukh Khan Talks About Aamir Khan And Laal Singh Chaddha Movie