മുംബൈ: ഗായിക ലതാ മങ്കേഷ്‌കറിന്റെ സംസ്‌കാരചടങ്ങുകളില്‍ പങ്കെടുത്ത നടന്‍ ഷാരൂഖ് ഖാനെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും പ്രൊഫൈലുകളില്‍ നിന്നും വലിയ രീതിയില്‍ ആക്രമണമുണ്ടായത് ഈയിടെ വാര്‍ത്തയായിരുന്നു.
തന്റെ മതവിശ്വാസപ്രകാരം ലതാ മങ്കേഷ്‌കറിന്റെ സംസ്‌കാരചടങ്ങില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിച്ച ഷാരൂഖ് ഖാന്റെ ചിത്രങ്ങളും വീഡിയോകളും ഷെയര്‍ ചെയ്തുകൊണ്ട്, ഷാരൂഖ് ലത മങ്കേഷ്‌കറിന്റെ മൃതദേഹത്തില്‍ തുപ്പി എന്ന തരത്തിലായിരുന്നു സംഘ പ്രൊഫൈലുകള്‍ വ്യാജ പ്രചരണം അഴിച്ചുവിട്ടത്.
ഇപ്പോള്‍ ഷാരൂഖ് ഖാന്‍ പഴയ ഒരു അഭിമുഖത്തില്‍ ഇന്ത്യയെക്കുറിച്ചുള്ള തന്റെ സങ്കല്‍പത്തെക്കുറിച്ച് പറയുന്ന വീഡിയോ ശ്രദ്ധ നേടുകയാണ്. Brut ചാനലിന് മുമ്പ് ഷാരൂഖ് നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള ദൃശ്യമാണ് വ്യാപകമായി പ്രചരിക്കപ്പെടുന്നത്.
ബോളിവുഡ് ടെലിവിഷന്‍ അവതാരകനും കൊറിയോഗ്രഫറുമായ രാഘവ് ജുയാല്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.
ചെറിയ പ്രായത്തില്‍ സ്‌കൂളില്‍ ഇന്ത്യയെക്കുറിച്ച് എഴുതാന്‍ പറഞ്ഞിരുന്നതും അന്ന് രാജ്യത്തെക്കുറിച്ച് എഴുതിയതും എന്നാല്‍ വളര്‍ന്ന് വന്നപ്പോള്‍ ആ സങ്കല്‍പങ്ങള്‍ മാറുന്നതുമാണ് വീഡിയോയില്‍ ഷാരൂഖ് സംസാരിക്കുന്നത്.
എന്റെ രാജ്യമാണ്, നമ്മള്‍ക്ക് ഇത് സ്വന്തമാണെന്ന് പറയാനാകില്ല. ഓണര്‍ഷിപ്പ് എന്നാല്‍ ഇത് നമ്മുടെ ഇന്ത്യയാണ് എന്നല്ല, മറിച്ച് ഈ രാജ്യത്തിന് വേണ്ടി നമ്മള്‍ ചിലത് ചെയ്യേണ്ടതുണ്ട് എന്നാണ്.
ആന്റി-നാഷണലിസ്റ്റ്, ആന്റി-സോഷ്യലിസ്റ്റ് എന്നൊക്കെ വലിയ വലിയ പേരുകളിട്ട് നമ്മള്‍ വിളിക്കുന്ന ആളുകളുണ്ടല്ലോ, തങ്ങള്‍ ഇന്ത്യയുടെ ഒരു ഭാഗമാണ് എന്ന് ചിന്തിക്കാത്തവരാണ് ഇവര്‍. ഇത് കാണുമ്പോള്‍ സങ്കടം തോന്നാറുണ്ട്.
കാരണം എന്റെ കുടുംബവും ഈ രാജ്യത്തിന് വേണ്ടി പോരാടിയിട്ടുള്ളതാണ്. അപ്പോള്‍ ഇത്തരത്തിലുള്ള ആളുകള്‍ ഈ രാജ്യത്തെ നശിപ്പിക്കുന്നത് കാണുമ്പോള്‍ എനിക്ക് സങ്കടം തോന്നുന്നുണ്ട്.
‘ഞാന്‍ എങ്ങനെയാണോ ഈ രാജ്യത്തെ നിനക്ക് കൈമാറിയത് അതുപോലെ ഈ രാജ്യത്തെ സ്വതന്ത്രമായി കാത്തുസൂക്ഷിക്കുക’ എന്ന് എന്റെ പിതാവ് എന്നോട് പറഞ്ഞ വാക്കുകളില്‍ നിന്നുള്ള വ്യതിചലനമാണിത്,” ഷാരൂഖ് വീഡിയോയില്‍ പറയുന്നു.
ഷാരൂഖ് ഖാന്റെ പിതാവ് മീര്‍ താജ് മുഹമ്മദ് ഖാന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാളിയായ ആളാണ്.
Content Highlight: Shah Rukh Khan’s old video goes viral after controversy at Lata Mangeshkar’s funeral