|

അഡ്വാന്‍സ് ബുക്കിങ്ങില്‍ പ്രഭാസിന്റെ സലാറിന് മുന്നില്‍ തകര്‍ന്ന് ഷാരൂഖ് ഖാന്‍ ചിത്രം ഡങ്കി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ ലോകം ഏറെ കാത്തിരുന്ന രണ്ട് സിനിമകളായിരുന്നു ഷാരൂഖ് ഖാന്‍ നായകനായ ഡങ്കിയും പ്രഭാസിന്റെ സലാറും. ഇതില്‍ ഡങ്കി വ്യാഴാഴ്ച തിയേറ്ററുകളിലെത്തിയിരുന്നു. സലാറാകട്ടെ റിലീസാകുന്നത് തൊട്ടടുത്ത ദിവസമായ വെള്ളിയാഴ്ച്ചയാണ്.

2023ല്‍ തിയേറ്ററിലെത്തുന്ന ഷാരൂഖ് ഖാന്റെ മൂന്നാമത്തെ ചിത്രമായ ഡങ്കി Sacnilk.comലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം അഡ്വാന്‍സ് ബുക്കിങ്ങിലൂടെ നേടിയത് 15.41 കോടി രൂപയായിരുന്നു. അതേസമയം ബുധനാഴ്ച വരെ സലാര്‍ 29.35 കോടി രൂപയുടെ ടിക്കറ്റുകളാണ് വിറ്റതെന്ന് Sacnilk.comന്റെ റിപ്പോര്‍ട്ടുകള്‍ വന്നു.

‘ത്രീ ഇഡിയറ്റ്സ്’, ‘പി.കെ’ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത രാജ്കുമാര്‍ ഹിരാനിയാണ് ഡങ്കിയും ഒരുക്കിയിരിക്കുന്നത്. ഹിന്ദിയില്‍ മാത്രം റിലീസ് ചെയ്ത ഡങ്കിക്ക് ആദ്യ ദിവസം സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

അനധികൃതമായി ലണ്ടനിലേക്ക് കുടിയേറ്റം നടത്തുന്നവരുടെ കഥയാണ് സിനിമയില്‍ പറയുന്നത്. ഷാരൂഖ് ഖാന് പുറമെ തപ്സി പന്നു, വിക്കി കൗശല്‍, ബൊമന്‍ ഇറാനി, വിക്രം കൊച്ചാര്‍, അനില്‍ ഗ്രോവര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

അതേസമയം, കെ.ജി.എഫ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രശാന്ത് നീല്‍. അദ്ദേഹത്തിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രമാണ് സലാര്‍. പ്രഭാസ് നായകനായ ചിത്രത്തില്‍ മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരനുമെത്തുന്നുണ്ട്.

ദേവയായി പ്രഭാസും വര്‍ദ്ധരാജ മന്നാര്‍ ആയി പൃഥ്വിരാജും എത്തുമ്പോള്‍, രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാര്‍ പറയുന്നത്. വന്‍ താര നിര തന്നെയാണ് ചിത്രത്തിലുള്ളത്.

പ്രഭാസിനും പൃഥ്വിരാജിനും പുറമെ ശ്രുതി ഹാസന്‍, ഈശ്വരി റാവു, ജഗപതി ബാബു, ടിന്നു ആനന്ദ്, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് സലാര്‍ റിലീസിനെത്തുന്നത്. കഴിഞ്ഞ ദിവസം വരെ സലാര്‍ 10,434 ഷോകള്‍ക്കായി 14 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇന്ത്യയില്‍ വിറ്റത്.

തെലുങ്ക് പതിപ്പിന് മാത്രം ഇതുവരെ 23.5 കോടി രൂപയുടെ അഡ്വാന്‍സ് ബുക്കിങ് കളക്ഷനും ഹിന്ദി പതിപ്പിന് 2.7 കോടി രൂപയും മലയാളത്തിന് 1.6 കോടി രൂപയും തമിഴിന് ഒരു കോടി രൂപയും കന്നഡ ഷോകള്‍ക്ക് 25 ലക്ഷം രൂപയുമാണ് നേടിയത്.

Content Highlight: Shah Rukh Khan’s Dunki crashes in front of Prabhas’ Salaar in advance bookings