| Thursday, 14th March 2024, 11:40 am

കിങ് ഖാനൊപ്പം സിഗ്നേച്ചര്‍ പോസുമായി പോപ്പ് താരം; ബുട്ട ബൊമ്മ ഡാന്‍സും ശുഭ്മന്‍ ഗില്ലിനൊപ്പം ക്രിക്കറ്റും; വൈറലായി വീഡിയോകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കിങ് ഖാന്റെ സിഗ്നേച്ചര്‍ പോസുമായി പോപ്പ് താരം എഡ് ഷീരന്‍. ഷാരൂഖ് ഖാനൊപ്പമുള്ള ഒരു വീഡിയോയാണ് ഷീരന്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. പിന്നാലെ ഇരുവരും ഒന്നിച്ചുള്ള വീഡിയോ ആരാധകര്‍ ഏറ്റെടുക്കുകയും വൈറലാവുകയും ചെയ്തു.


2007ല്‍ പുറത്തിറങ്ങിയ ഷാരൂഖ് ചിത്രം ഓം ശാന്തി ഓമിലെ ദീവാംഗി ദീവാംഗി എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. തന്റെ പോസ്റ്റിന് ‘This is the Shape of Us. Spreading love together….’ എന്ന ക്യാപ്ഷനാണ് ഷീരന്‍ നല്‍കിയത്.

പിന്നാലെ ഓം ശാന്തി ഓം സിനിമയുടെ സംവിധായക ഫറാ ഖാന്‍ വീഡിയോക്ക് താഴെ കമന്റുമായി വന്നു. ഷീരന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ നിരവധി ആരാധകര്‍ പോപ്പ് താരവും കിങ് ഖാനും ഒന്നിച്ചതിലുള്ള തങ്ങളുടെ സന്തോഷം പങ്കുവെച്ചു.

മാര്‍ച്ച് 16ന് മുംബൈയില്‍ നടക്കുന്ന കോണ്‍സര്‍ട്ടിന് പങ്കെടുക്കാന്‍ ഇന്ത്യയില്‍ വന്നതായിരുന്നു എഡ് ഷീരന്‍. മുംബൈയിലെ മഹാലക്ഷ്മി റേസ്‌കോഴ്സിലാണ് താരത്തിന്റെ കോണ്‍സര്‍ട്ട് നടക്കുക. ഷീരന്റെ ദി മാത്തമാറ്റിക്‌സ് ഏഷ്യ ആന്‍ഡ് യൂറോപ്പ് ടൂറിന്റെ ഭാഗമായാണ് മുംബൈയില്‍ കോണ്‍സര്‍ട്ട് സംഘടിപ്പിച്ചത്.

പോപ്പ് സംഗീത ലോകത്ത് ഏറ്റവും അധികം ആഘോഷിക്കപെടുന്നവരില്‍ ഒരാളായ എഡ് ഷീരന്‍ മൂന്നാമത്തെ തവണയാണ് ഇപ്പോള്‍ ഇന്ത്യയിലേക്ക് വന്നിരിക്കുന്നത്. മുമ്പ് 2015ലും 2017ലുമായിരുന്നു അദ്ദേഹം ഇന്ത്യയില്‍ വന്നത്.

ഇതിനിടയില്‍ ഫറാ ഖാന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഷാരൂഖിനും ഷീരനുമൊപ്പമുള്ള ചിത്രങ്ങളും ഏറെ വൈറലായി. ഇന്ത്യയിലെത്തി ഷീരന്‍ പല ഇന്ത്യന്‍ സെലിബ്രറ്റീസുകളെയും നേരില്‍ കണ്ടിട്ടുണ്ട്. ക്രിക്കറ്റ് താരം ശുഭ്മന്‍ ഗില്ലിനൊപ്പം ക്രിക്കറ്റ് കളിക്കുന്ന ഷീരന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണ്.

അല വൈകുണ്ഠപുരമുലൂ എന്ന അല്ലു അര്‍ജുന്‍ ചിത്രത്തിലെ ബുട്ട ബൊമ്മ ഗാനത്തിന് ഷീരനെ ഡാന്‍സ് ചെയ്യാന്‍ പഠിപ്പിക്കുന്ന വീഡിയോ ഗായകന്‍ അര്‍മാന്‍ മാലിക്ക് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഈ വീഡിയോക്ക് താഴെ ചിത്രത്തിലെ നായികയായ പൂജ ഹെഗ്ഡെ കമന്റിട്ടിട്ടുണ്ട്.


Content Highlight: Shah Rukh Khan Recreates Signature Step With English Pop Artist Ed Sheeran

We use cookies to give you the best possible experience. Learn more