നമ്മള്‍ തോറ്റുപോയെന്ന് എനിക്കറിയാം. പക്ഷേ...; 15 വര്‍ഷം മുമ്പത്തെ നേട്ടത്തെ കുറിച്ച് ടീമിനോട് ഷാരൂഖ് ഖാന്‍
IPL
നമ്മള്‍ തോറ്റുപോയെന്ന് എനിക്കറിയാം. പക്ഷേ...; 15 വര്‍ഷം മുമ്പത്തെ നേട്ടത്തെ കുറിച്ച് ടീമിനോട് ഷാരൂഖ് ഖാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 19th April 2022, 2:01 pm

കുട്ടിക്രിക്കറ്റിന്റെ സകല ആവേശവും ഉള്‍ക്കൊണ്ടതായിരുന്നു കഴിഞ്ഞ ദിവസം നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – രാജസ്ഥാന്‍ റോയല്‍സ് മത്സരം. എണ്ണം പറഞ്ഞ മികച്ച നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ടായിരുന്നു മത്സരം കാണികളെ ആവേശത്തിലാറാടിച്ചത്.

ഐ.പി.എല്‍ പുതിയ സീസണില്‍ ഏറ്റവുമധികം റണ്‍സ് പിറന്ന മത്സരം കൂടിയായിരുന്നു അത്. 417 റണ്‍സായിരുന്നു ഇരുടീമുകളും ചേര്‍ന്ന് അടിച്ചെടുത്തത്.

രാജസ്ഥാന്‍ ഉയര്‍ത്തിയ 218 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്ത ഇന്നിംഗ്‌സ് 201ല്‍ അവസാനിക്കുകയായിരുന്നു. ഏഴ് റണ്‍സിന് രാജസ്ഥാന്‍ മത്സരം സ്വന്തമാക്കി.

ഒരു ഘട്ടത്തില്‍ നൈറ്റ് റൈഡേഴ്‌സ് ജയമുറപ്പിച്ച പ്രതീതിയായിരുന്നു സൃഷ്ടിച്ചത്. ഫിഞ്ചും അയ്യരും പവലിയനിലേക്ക് മടങ്ങിയപ്പോഴും കാണികള്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നത് ഉമേഷ് യാദവിന്മേലായിരുന്നു.

അവരുടെ പ്രതീക്ഷ തെറ്റിക്കാതെ വന്ന നിമിഷം മുതല്‍ അടി തുടങ്ങിയ ഉമേഷിന്റെ കരുത്തില്‍ ടീം വിജയത്തിലേക്ക് നടന്നടുക്കുകയായിരുന്നു. എന്നാല്‍ അവസാന ഓവറില്‍ ഒബെഡ് മക്കോയ്‌യ്ക്ക് വിക്കറ്റ് സമ്മാനിച്ച് നടങ്ങുമ്പോള്‍ കൊല്‍ക്കത്ത വിജയത്തില്‍ നിന്നും എട്ട് റണ്‍സ് മാത്രം അകലെയായിരുന്നു.

ഇപ്പോഴിതാ, തന്റെ ടീമിന് അഭിനന്ദിനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ടീമിന്റെ സഹ ഉടമയായ ഷാരൂഖ് ഖാന്‍. ട്വിറ്ററിലൂടെയായിരുന്നു താരം ടീമിന് അഭിനന്ദനവുമായെത്തിയത്.

‘നന്നായി കളിച്ചു. മികച്ച പ്രകടനം തന്നെയാണ് ശ്രേയസ് അയ്യര്‍, ആരോണ്‍ ഫിഞ്ച് ഉമേഷ് യാദവ് എന്നിവര്‍ പുറത്തെടുത്തത്. 150ാം മത്സരം കളിച്ച സുനില്‍ നരെയ്‌നും, 15 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇന്നിംഗ്‌സിന് ബ്രന്‍ഡന്‍ മക്കല്ലത്തിനും പ്രത്യേക അഭിനന്ദനങ്ങള്‍.

നമ്മള്‍ തോറ്റു എന്നെനിക്കറിയാം. പക്ഷേ നിങ്ങള്‍ തല ഉയര്‍ത്തി തന്നെ മടങ്ങുക,’ താരം ട്വീറ്റ് ചെയ്തു.

നിലവില്‍ 7 മത്സരത്തില്‍ നിന്നും മൂന്ന് ജയവുമായി ആറ് പോയിന്റോടെ ആറാം സ്ഥാനത്താണ് നൈറ്റ് റൈഡേഴ്‌സ്.

ഏപ്രില്‍ 23നാണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം. ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍.

Content Highlight: Shah Rukh Khan pens inspirational note after KKR lose high-scoring thriller to RR