രണ്‍വീറിനെ നായകനാക്കി പ്രശസ്ത ഹിന്ദി മൂവി ഡോണിന്റെ മൂന്നാം ഭാഗം വരുന്ന കാര്യം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അതൃപ്തിയുമായി ഷാരൂഖ് ആരാധകര്‍.
ചിത്രത്തിന്റെ അനൌണ്‍സ്‌മെന്റ് വീഡിയോ നിര്‍മാതാക്കളായ എക്‌സല്‍ എന്റര്‍ടൈയ്‌മെന്റ് പുറത്തുവിട്ടതിന് പിന്നാലെ നിരവധി പേരാണ് ഷാരൂഖ് അല്ലാതെ മറ്റാരും ആ വേഷം ചെയ്താല്‍ നന്നാവില്ല എന്ന വാദം ഉയര്‍ത്തുന്നത്.
ഫര്‍ഹാന്‍ അക്തര്‍ തന്നെയായിരിക്കും ചിത്രത്തിന്റെ സംവിധാനം. ഡോണ്‍ 3യില്‍ ഷാരൂഖ് ഖാന്‍ അഭിനയിക്കില്ലെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
‘മെ ഹൂം ഡോണ്‍’ എന്ന വിഖ്യാതമായ ഡയലോഗ് പറഞ്ഞാണ് രണ്‍വീര്‍ സിംഗ് അനൌണ്‍സ്‌മെന്റ് വീഡിയോയില്‍ ഡോണായി എത്തുന്നത്.
ന്യൂ ഇറ ബിഗിന്‍സ് അഥവ പുതിയ യുഗം തുടങ്ങുന്നുവെന്നാണ് ചിത്രത്തിന്റെ ക്യാപ്ഷന്‍. അതായത് പുതിയ ഡോണിനെയാണ് ഫര്‍ഹാന്‍ അക്തര്‍ സ്‌ക്രീനില്‍ എത്തിക്കുന്നതെന്ന് വ്യക്തം.
2006ലാണ് ഷാരൂഖ് അഭിനയിച്ച ഡോണ്‍ ഇറങ്ങിയത്. ഇത് വന്‍ ബോക്‌സ്ഓഫീസ് വിജയമായിരുന്നു. ഇതിന് പിന്നാലെ 2011 ല്‍ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങി. ഇതും വലിയ വിജയമായിരുന്നു. അമിതാഭ് ബച്ചന്‍ നായകനായ ബോളിവുഡ് ക്ലാസിക് ആക്ഷന്‍ ചിത്രത്തിന്റെ റീമേക്കായിരുന്നു ആദ്യത്തെ ഡോണ്‍. ഫര്‍ഹാന്‍ അക്തറുടെ പിതാവ് ജാവേദ് അക്തറും, സലീം ഖാനും ചേര്‍ന്നാണ് ഡോണ്‍ എന്ന കഥാപാത്രം ഉണ്ടാക്കിയത്.
അതേ സമയം താന്‍ ഇപ്പോള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ചിത്രമല്ല എന്നത് അറിയിച്ചാണ് ഷാരൂഖ് ഡോണ്‍ 3യില്‍ നിന്നും പിന്‍മാറിയത് എന്നാണ് നേരത്തെ പുറത്തുവന്ന വിവരം.
തുടര്‍ന്നാണ് ഡോണ്‍ ഫ്രഞ്ചയ്‌സി ഉടമകളായ എക്‌സല്‍ എന്റര്‍ടൈന്‍മെന്റ് പുതിയ നായകനെ അവതരിപ്പിച്ചത്. പല യുവതാരങ്ങളെയും സമീപിച്ചതിന് പിന്നാലെ ഒടുവിലാണ് നിര്‍മാതാക്കളുടെ അടുത്തയാളായ രണ്‍വിറിലേക്ക് എത്തിയത് എന്നായിരുന്നു റിപ്പോര്‍ട്ട്.
കരണ്‍ ജോഹര്‍ ചിത്രം ‘റോക്കി ഔര്‍ റാണി കി പ്രേം കഹാനി’യാണ് താരത്തിന്റെതായി അവസാനമെത്തിയ ചിത്രം.