| Thursday, 31st August 2023, 4:06 pm

തമിഴ് സിനിമകളില്‍ നിന്ന് പഠിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്; ഏറ്റവും മികച്ച സിനിമകള്‍ ഉണ്ടാകുന്ന ഇടമാണ് തമിഴ്നാട്: ഷാരൂഖ് ഖാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏറ്റവും മികച്ച സിനിമകള്‍ ഉണ്ടാകുന്ന ഇടമാണ് തമിഴ്നാടെന്നും മണിരത്‌നവും സന്തോഷ് ശിവനും തന്റെ സുഹൃത്തുക്കളായതിനാല്‍ തമിഴ്നാട്ടില്‍ വന്ന് തന്റെ ആദ്യ തമിഴ് ചിത്രമായ ദില്‍സേ ചെയ്യാന്‍ ഭാഗ്യം ലഭിച്ചുവെന്നും ഷാരൂഖ് ഖാന്‍. ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ജവാന്റെ ചെന്നൈയില്‍ വെച്ച് നടത്തിയ പ്രീ-റിലീസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.

താന്‍ തമിഴ് സിനിമകളെ സ്‌നേഹിച്ചു തുടങ്ങിയത് എങ്ങനെയെന്നും നടന്‍ പറഞ്ഞു.’ഞാന്‍ എങ്ങനെയാണ് തമിഴ് സിനിമകളെ സ്‌നേഹിക്കാന്‍ തുടങ്ങിയതെന്ന് നിങ്ങളോട് പറയാം. വളരെ മുമ്പ് തന്നെ ഏറ്റവും മികച്ച സിനിമകള്‍ ഉണ്ടാകുന്ന ഇടമാണ് തമിഴ്നാടെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു.

മണിരത്‌നവുമായും സന്തോഷ് ശിവനുമായും സൗഹൃദം സൃഷ്ടിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ്. ഞാന്‍ ഇവിടെ വരികയും ദില്‍സെയ്ക്ക് വേണ്ടി ഷൂട്ട് നടത്തുകയും ചെയ്തു. അതായിരുന്നു എന്റെ ആദ്യത്തെ തമിഴ് സിനിമാ അനുഭവം.

പിന്നീട് എനിക്ക് കമല്‍ഹാസനെ പരിചയപ്പെടാന്‍ സാധിച്ചു. അദ്ദേഹത്തിന്റെ ഹേ രാം എന്ന ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചിരുന്നു. ഞാന്‍ ആദ്യമായും അവസാനമായും തമിഴ് സംസാരിച്ചത് ആ സിനിമയിലാണ്.

പിന്നീട് ഒരു രാത്രി എന്റെ ചിത്രമായ റാ-വണില്‍ ഒരു ഷോട്ട് ചെയ്യാന്‍ വന്ന് എന്റെ സുഹൃത്തായി മാറിയ രജനീകാന്ത്. ഇങ്ങനെ എനിക്ക് തമിഴ് ഫിലിം ഇന്‍ഡസ്ട്രിയില്‍ മൂന്നോ നാലോ സുഹൃത്തുക്കളുണ്ട്. അവരെ ദൂരെ നിന്ന് കാണുമ്പോള്‍ ഒരിക്കല്‍ ഇവിടെ വന്ന് തമിഴ് സിനിമയില്‍ നിന്ന് പഠിക്കണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു,’ ഷാരൂഖ് ഖാന്‍ പറഞ്ഞു.

ജവാന്‍ സിനിമയറുടെ ഹിന്ദി പതിപ്പിലും തമിഴ് പതിപ്പിലും അനിരുദ്ധിനെ കൊണ്ട് ഓരോ പാട്ട് വീതം ചെയ്യിക്കണമെന്ന് സംവിധായകന്‍ അറ്റ്‌ലി പറഞ്ഞപ്പോള്‍ മുഴുവന്‍ പാട്ടുകളും അനിരുദ്ധ് തന്നെ ചെയ്യണമെന്ന് താന്‍ പറഞ്ഞുവെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു.

സെപ്റ്റംബര്‍ ഏഴിന് റിലീസാകുന്ന ജവാന്റെ ട്രൈലെര്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഷാരൂഖ് ഖാന്‍ ഡബിള്‍ റോളിലെത്തുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. വിജയ് സേതുപതിയാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ദീപിക പദുക്കോണ്‍ അതിഥി വേഷത്തിലെത്തും.

Content Highlight: Shah Rukh Khan about Tamil Movie Industry

We use cookies to give you the best possible experience. Learn more