| Sunday, 29th September 2024, 9:50 pm

30 വര്‍ഷത്തിന് ശേഷം വില്ലന്‍ വേഷത്തില്‍ വീണ്ടും തിളങ്ങാന്‍ കിങ് ഖാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയുടെ ബ്രാന്‍ഡ് എന്നറിയപ്പെടുന്ന നടനാണ് ഷാരൂഖ് ഖാന്‍. ലോകത്ത് ഷാരൂഖിനോളം പോപ്പുലറായ മറ്റൊരു ഇന്ത്യന്‍ നടന്‍ ഇല്ലെന്ന് തന്നെ പറയാം. സീരിയലുകളിലൂടെ സിനിമയിലേക്കെത്തിയ ഷാരൂഖ് ചെറിയ വേഷങ്ങളിലൂടെ ബോളിവുഡില്‍ തന്റേതായ സാമ്രാജ്യം സൃഷ്ടിക്കുകയായിരുന്നു. 90കളുടെ തുടക്കത്തില്‍ തന്നെ ബോളിവുഡിന്റെ മുന്‍നിരയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയും തുടര്‍ച്ചയായ ഹിറ്റുകളിലൂടെ ബോളിവുഡിന്റെ ബാദ്ഷയായി മാറുകയും ചെയ്തു.

2014ന് ശേഷം പല സിനിമകളും പ്രതീക്ഷിച്ച വിജയം നേടാത്തതുകൊണ്ട് സിനിമയില്‍ നിന്ന് ഷാരൂഖ് ഇടവേളയെടുത്തു. അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം തുടര്‍ച്ചയായി രണ്ട് സിനിമകള്‍ 1000 കോടി ക്ലബ്ബില്‍ കയറ്റി തന്റെ സിംഹാസനം ഒന്നുകൂടി ഉറപ്പിച്ചു. ഏറ്റവുമൊടുവില്‍ റിലീസായ ഡങ്കിയും മികച്ച കളക്ഷന്‍ നേടിയിരുന്നു. തന്റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള ഷാരൂഖിന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

കഴിഞ്ഞ ദിവസം നടന്ന ഐഫ അവാര്‍ഡ് നിശയിലാണ് ഷാരൂഖ് പുതിയ ചിത്രത്തെക്കുറിച്ച് സംസാരിച്ചത്. മികച്ച നടനുള്ള അവാര്‍ഡ് ഷാരൂഖിനാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായ ജവാനിലെ വിക്രം റാത്തോഡ് എന്ന കഥാപാത്രമാണ് കിങ് ഖാനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. അറ്റ്‌ലീ അണിയിച്ചൊരുക്കിയ ജവാനില്‍ ഇരട്ടവേഷത്തിലാണ് ബോളിവുഡ് ബാദ്ഷ അവതരിച്ചത്.

സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ‘കിങ്’ ആണ് തന്റെ അടുത്ത ചിത്രമെന്ന് ഷാരൂഖ് അറിയിച്ചു. ഒരുപാട് കാലത്തിന് ശേഷം പൂര്‍ണമായും നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് താന്‍ കിങ്ങില്‍ അവതരിപ്പിക്കുന്നതെന്ന് ഷാരൂഖ് പറഞ്ഞു. ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള മാസ് മൊമന്റുകള്‍ ധാരാളമുള്ള ചിത്രമാകും കിങ്ങെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു. കഹാനി എന്ന ചിത്രമൊരുക്കിയ സുജോയ് ഘോഷാണ് കിങ് സംവിധാനം ചെയ്യുന്നത്.

30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഷാരൂഖ് നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്റ്റാര്‍ഡത്തിന്റെ ഉയരത്തില്‍ നില്‍ക്കുന്ന സമയത്ത് 1993,94 വര്‍ഷങ്ങളിലാണ് ഷാരൂഖ് വില്ലനായി വന്ന് പ്രേക്ഷകരെ ഞെട്ടിച്ചത്. 1993ല്‍ ഡര്‍ എന്ന ചിത്രത്തിലെയും 1994ല്‍ റിലീസായ ബാസീഗറിലെയും ഷാരൂഖിന്റെ വില്ലന്‍ വേഷങ്ങള്‍ ഇന്നും ചര്‍ച്ചയാകുന്നുണ്ട്.

ഷാരൂഖിന്റെ മകള്‍ സുഹാനാ ഖാനും കിങ്ങില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ബോളിവുഡിലെ മികച്ച നടന്മാരിലൊരാളായ അഭിഷേക് ബച്ചനും ചിത്രത്തില്‍ ഉണ്ടെന്ന് അഭ്യൂഹങ്ങളുണ്ട്. ചിത്രത്തിന്റെ ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റ് ഇതുവരെ പുറത്തുവന്നിട്ടില്ല. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന കിങ് അടുത്ത വര്‍ഷം പകുതിയോടെ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlight: Shah Rukh Khan about his new movie

We use cookies to give you the best possible experience. Learn more