ന്യൂദല്‍ഹി: തന്റെ തടവിനെ ചോദ്യം ചെയ്ത് ദല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജി പിന്‍വലിച്ച് ജമ്മുകശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ് ഷാ ഫൈസല്‍. ഒരു നിയമസഹായവും ലഭിക്കാതെ നൂറുകണക്കിനാളുകള്‍ ജമ്മു കശ്മീരില്‍ അന്യായ തടവില്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
അഭിഭാഷകനോ മറ്റ് സഹായങ്ങളോ ഇല്ലാതെ നിരവധി പേര്‍ തടവില്‍ കഴിയുന്ന സാഹചര്യത്തില്‍ തന്റെ ഹേബിയസ് കോര്‍പ്പസ് ഹരജിയുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്ന് ഷാ ഫൈസല്‍ ഹൈക്കോടതിയെ അറിയിച്ചു. ഹരജി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഷാ ഫൈസലിന്റെ ഭാര്യയാണ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കസ്റ്റഡിയില്‍ കഴിയുന്ന ഫൈസലിനെ താന്‍ കണ്ടിരുന്നെന്നും ഹേബിയസ് കോര്‍പ്പസ് പിന്‍വലിക്കാന്‍ തന്നോട് അദ്ദേഹം ആവശ്യപ്പെട്ടെന്നുമാണ് ഫൈസലിന്റെ ഭാര്യ കോടതിയെ അറിയിച്ചത്.
‘സെപ്റ്റംബര്‍ 10ന് 11.30നും ഉച്ചയ്ക്ക് 12നും ഇടയില്‍ തടവുകേന്ദ്രത്തിലെ ലോബിയില്‍ ഞാന്‍ ഫൈസലിനെ കണ്ടു. ഈ കൂടിക്കാഴ്ചയ്ക്കിടെ ഇപ്പോഴത്തെ ഹരജി പിന്‍വലിക്കാനുളള കര്‍ശന നിര്‍ദേശം അദ്ദേഹം നല്‍കുകയായിരുന്നു.’
കശ്മീരില്‍ നിരവധി പേര്‍ ആഴ്ചകളോളം തടവില്‍ കഴിയുന്ന സാഹചര്യത്തില്‍, മിക്കയാളുകള്‍ക്കും യാതൊരു നിയമസഹായവും ലഭിക്കാത്ത സാഹചര്യത്തില്‍ താന്‍ ഇത്തരമൊരു ഹരജിയുമായി മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നെന്നും ഭാര്യ വ്യക്തമാക്കി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഹരജി പിന്‍വലിക്കാന്‍ ഷാ ഫൈസലിന് ഹൈക്കോടതി അനുമതി നല്‍കി.
അതേസമയം, ഹരജിയില്‍ ഷാ ഫൈസലിന്റെ ഭാര്യ ഉന്നയിച്ച ആരോപണങ്ങള്‍ കേന്ദ്രസര്‍ക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത തള്ളി.
ആഗസ്റ്റ് 14ന് ദല്‍ഹി എയര്‍പോര്‍ട്ടില്‍വെച്ച് കസ്റ്റഡിയിലെടുത്ത ഷാ ഫൈസലിനെ ശ്രീനഗറിലേക്ക് കൊണ്ടുപോയി തടവിലിട്ടിരിക്കുകയാണെന്നാരോപിച്ചാണ് ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയത്.