ശ്രീനഗര്‍: കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ജമ്മു കശ്മീര്‍ പീപ്പിള്‍ മൂവ്‌മെന്റ് നേതാക്കളായ ഷെഹ്‌ല റാഷിദിന്റെയും ഷാ ഫൈസലിന്റേയും ഹരജി. ഏഴ് പേരടങ്ങുന്ന സംഘമാണ് സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ ഷെഹ്‌ലയും ഷാ ഫൈസലും നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. കശ്മീരില്‍ സ്ഥിതി അതീവ ഗുരുതരമാണെന്ന് ഷെഹ്‌ല പറഞ്ഞിരുന്നു.
ആഗസ്റ്റ് 5 നാണ് ജമ്മു കശ്മീരിന് പ്രത്യേകപദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കുന്നത്. ഇതുവഴി കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന 35 A യും ഇല്ലാതായിരുന്നു. കശ്മീരിനെ വിഭജിച്ച് ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെയുള്ള കേന്ദ്രഭരണപ്രദേശമാക്കി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം കശ്മീരിന് പുറത്തുള്ള രാഷ്ട്രീയനേതാക്കളെയൊന്നും സംസ്ഥാനത്തിന് അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. കഴിഞ്ഞ ദിവസം രാഹുലും യെച്ചൂരിയുമടക്കമുള്ള പ്രതിപക്ഷ നേതാക്കളെ എയര്‍പോര്‍ട്ടില്‍ തടഞ്ഞിരുന്നു. കശ്മീരില്‍ ബി.ജെ.പി നേതാക്കളല്ലാത്ത രാഷ്ട്രീയനേതാക്കളെല്ലാം വീട്ടുതടങ്കലില്‍ തുടരുകയാണ്.