| Monday, 19th August 2019, 10:37 pm

വീട്ടുതടങ്കലിലാക്കിയതിനെതിരെ ഷാ ഫൈസല്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ വീട്ടുതടങ്കലിലായ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഷാ ഫൈസല്‍ ദല്‍ഹി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കി. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ തുടര്‍പഠനത്തിനായി പോകുന്ന വഴിക്കാണ് ദല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തന്നെ പിടിച്ചു വെച്ചതെന്നും ശ്രീനഗറിലേക്ക് തിരിച്ചു കൊണ്ടു പോകുന്നതിനായി ട്രാന്‍സിറ്റ് റിമാന്‍ഡ് പോലും ഉദ്യോഗസ്ഥരുടെ പക്കലില്ലായിരുന്നുവെന്നും ഷാ ഫൈസല്‍ ഹരജിയില്‍ പറയുന്നു.

ഷാ ഫൈസലിന്റെ ഹരജിയില്‍ വ്യാഴാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അഭിഭാഷകയായ വറിഷ ഫരസാതാണ് കോടതിയില്‍ ഷാ ഫൈസലിന് വേണ്ടി ഹാജരായത്. ഒരിക്കല്‍ മാത്രമാണ് ഭാര്യയ്ക്ക് ഷാ ഫൈസലിനെ കാണാന്‍ അനുമതി നല്‍കിയതെന്ന് അഭിഭാഷക പറഞ്ഞു. ഷാ ഫൈസലിനെ ഉടന്‍ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഹാര്‍വാര്‍ഡ് പൂര്‍വ്വ വിദ്യാര്‍ത്ഥികളെഴുതിയ കത്ത് അഭിഭാഷക കോടതിയില്‍ വായിച്ചെന്ന് ‘ലൈവ് ലോ’ റിപ്പോര്‍ട്ട് ചെയ്തു.

ഭാര്യയ്ക്ക് ഷാ ഫൈസലിനെ എല്ലാ ദിവസവും കാണാന്‍ അനുമതി നല്‍കണമെന്ന് കോടതി സര്‍ക്കാരിനോട് വാക്കാല്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ശ്രീനഗറിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു ഹോട്ടലിലാണ് ഷാ ഫൈസലിനെ തടങ്കലില്‍ വെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ ഷാ ഫൈസല്‍ മോദി സര്‍ക്കാറിനെതിരെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള അടിച്ചമര്‍ത്തല്‍ നേരിടുകയാണ് തങ്ങളെന്നും കശ്മീരിലെ 80 ലക്ഷം വരുന്ന ജനങ്ങളെ ‘പൂട്ടിയിട്ടിരിക്കുക’യാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മോദി സര്‍ക്കാര്‍ ഭരണഘടനയെ കൊല്ലുകയാണെന്ന് ബി.ബി.സിയ്ക്ക് നല്‍കിയ അഭിമുഖത്തിലും ഷാ ഫൈസല്‍ പ്രതികരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more