മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരള ടൂര്‍ണമെന്റ് ആറാം റൗണ്ടില്‍ എത്തിനില്‍ക്കുകയാണ്. വ്യക്തമായ മേധാവിത്വത്തോടെ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സി ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ആറ് കളിയില്‍ മൂന്ന് ജയവും മൂന്ന് സമനിലയുമായി 12 പോയന്റാണ് കണ്ണൂര്‍ യോദ്ധാക്കള്‍ക്കുള്ളത്. സെമി ഫൈനല്‍ യോഗ്യതയുടെ തൊട്ടടുത്ത്.
സ്പാനിഷ് പരിശീലകന്‍ മനോലോ സാഞ്ചസിനൊപ്പം ടീമിന്റെ സഹപരിശീലകനായ വയനാട് സ്വദേശി ഷഫീഖ് ഹസന്‍ മഠത്തില്‍ വാരിയേഴ്‌സിന്റെ പ്രകടനം വിലയിരുത്തുന്നു.
ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ എ ലൈസന്‍സ് ഡിപ്ലോമ നേടിയിട്ടുള്ള ഷഫീഖ് ഹസന്‍ മൈസൂരു സര്‍വകലാശാലയുടെ കളിക്കാരനായിരുന്നു. 22ാം വയസില്‍ തന്നെ പരിശീലക രംഗത്തേക്ക് വന്ന ഈ വയനാട്ടുകാരന്‍ ശ്രീനിധി ഡെക്കാന്‍ എഫ്.സി (റിസര്‍വ്), കേരള ജൂനിയര്‍, തെലങ്കാന സന്തോഷ് ട്രോഫി, (സഹപരിശീലകന്‍) ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.
ഇംഗ്ലീഷ് പ്രിമിയര്‍ ലീഗിന്റെ പ്രിമിയര്‍ സ്‌കില്‍സ് പദ്ധതിയുടെയും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ കോച്ചുമാര്‍ക്കുള്ള പരിശീലന പരിപാടിയുടെയും ഇന്‍സ്ട്രക്ടര്‍ കൂടിയാണ് ഷഫീഖ് ഹസന്‍.
തോല്‍വിയറിയാതെ കണ്ണൂര്‍ വാരിയേഴ്‌സ് മുന്നോട്ട് കുതിക്കുന്നു. ഇതുവരെയുള്ള ടീമിന്റെ പ്രകടനത്തില്‍ സംതൃപ്തനാണോ?
ഇതുവരെയുള്ള മത്സരങ്ങള്‍ പരിഗണിച്ചാല്‍ ടീം മികച്ച ഒത്തിണക്കത്തോടെയാണ് കളിച്ചത്. അതില്‍ എല്ലാവരും സന്തുഷ്ടരാണ്. ഫുട്‌ബോളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം വളരെ പ്രധാനപ്പെട്ട ഒന്നാണ്. അതിനായി കഠിനാധ്വാനം ചെയ്യണം. ഒന്നാം മിനിറ്റ് മുതല്‍ ഫൈനല്‍ വിസില്‍ വരെ ഒരേ മികവില്‍ കളിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.
ടീമിന്റെ സ്റ്റാര്‍ കൂട്ടുകെട്ടാണ് അഡ്രിയാന്‍ സര്‍ഡിനെറോ – എസിയര്‍ ഗോമസ് സഖ്യം. വരും മത്സരങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ അവരുടെ സാന്നിധ്യം ടീമിന് എത്രത്തോളം പ്രധാനപ്പെട്ടതാണ്?
സര്‍ഡിനെറോ – എസിയര്‍ സഖ്യം ഒത്തൊരുമയോടെ കളിക്കുന്നുണ്ട്. ഇരുവരും സ്‌കോര്‍ ചെയ്യുന്നതിനൊപ്പം നിരന്തരം അവസരങ്ങള്‍ സൃഷ്ടിക്കാനും ശ്രമിക്കുന്നു. സഹതാരങ്ങള്‍ക്കൊപ്പം മികച്ച ഒത്തിണക്കം കാണിക്കുന്ന ഇരുവരും പ്രതിരോധത്തിലും ടീമിന് സഹായകരമാവുന്നുണ്ട്. ഞങ്ങളുടെ ബെഞ്ചില്‍ മികവുറ്റ സ്‌ട്രൈക്കര്‍മാര്‍ വേറെയും ഉണ്ട്. വരും മത്സരങ്ങളില്‍ അവര്‍ക്കും അവസരം നല്‍കും.
ലീഗിലെ മറ്റുടീമുകളുടെ പ്രകടനം എങ്ങനെ വിലയിരുത്തുന്നു ?
ഞാന്‍ കരുതുന്നത് ഏറെ കഠിനമായ ലീഗാണ് സൂപ്പര്‍ ലീഗ് കേരള എന്നാണ്. എല്ലാ ടീമുകളും പുറത്തെടുക്കുന്നത് മികച്ച പ്രകടനമാണ്. ലോകോത്തര നിലവാരത്തിലുള്ള ടെക്‌നിക്കല്‍ സ്റ്റാഫ് ഓരോ ടീമിനും ഉണ്ട്. വിദേശ/ഇന്ത്യന്‍ പ്രതിഭകള്‍ ഓരോ ടീമിനെയും കരുത്തുറ്റതാക്കുന്നു. എല്ലാ ടീമുകളെയും ഏറെ ബഹുമാനത്തോടെയാണ് കാണുന്നത്. ലീഗ് പാതിയില്‍ എത്തിയിട്ടെയുള്ളൂ, ഏത് ടീമിനും മുന്നോട്ട് കയറിവരാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നു.
Content Highlight: Shafiq Hasan Assesses The Performance of Kannur Warriors