ബെംഗളൂരു: കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ മൗലാന എന്‍.കെ. മുഹമ്മദ് ഷാഫി സഅദി രാജിവെച്ചു. ചെയര്‍മാന്‍ സ്ഥാനം ഒന്നര വര്‍ഷം വീതം വെക്കാനുള്ള ധാരണ നേരത്തെയുണ്ടായിരുന്നെന്നും, ഈ കാലപരിധി പൂര്‍ത്തിയായ ഘട്ടത്തിലാണ് രാജിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
കര്‍ണാടക വഖ്ഫ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി സമീര്‍ അഹ്മദ് ഖാന് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചു. പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നത് വരെ ഷാഫി സഅദിയോട് തുടരാന്‍ മന്ത്രി നിര്‍ദേശിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബി.ജെ.പി ഭരണകാലത്ത് നിയമിതരായ ശാഫി സഅദിയുടെ നാമനിര്‍ദേശം പുതുതായി വന്ന കര്‍ണാടക സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇത് വിവാദമായതോടെ നടപടി കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.
കര്‍ണാടക സംസ്ഥാനവഖഫ് ബോര്‍ഡിലെ നാല് അംഗങ്ങളെ നാമനിര്‍ദേശം റദ്ദാക്കിയ തീരുമാനം അടിയന്തിരമായി മറ്റൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ പിന്‍വലിച്ചിരിക്കുന്നു എന്നാണ് ഉത്തരവിലുള്ളത്.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ഷാഫി സഅദി ബി.ജെ.പി നോമിനിയാണെന്നുള്ള ആരോപണം ഉണ്ടായിരുന്നു. കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാറില്‍ മുസ്‌ലിങ്ങള്‍ക്ക് ഉപമുഖ്യമന്ത്രി പദവിയും സുപ്രധാന മന്ത്രിസ്ഥാനങ്ങളും നല്‍കണമെന്ന സഅദിയുടെ പ്രസ്താവനകള്‍ വിവാദമായിരുന്നു.