| Tuesday, 2nd March 2021, 10:59 am

'ഗോപിനാഥ് ആദ്യം കോണ്‍ഗ്രസ് വിടട്ടെ എന്നിട്ടാകാം തീരുമാനമെന്ന് സി.പി.ഐ.എം'; ഷാഫി പറമ്പിലിന്റെ പാലക്കാട് സീറ്റ് വിവാദത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പാലക്കാട് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.വി ഗോപിനാഥ് വിമത ശബ്ദമുയര്‍ത്തിയതിന് പിന്നാലെ പ്രതികരണവുമായി സി.പി.ഐ.എം ജില്ലാ നേതൃത്വം. സി.പി.ഐ.എമ്മുമായി ഗോപിനാഥ് ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി.പി.ഐ.എം ജില്ലാ നേതൃത്വം വിഷയത്തില്‍ പ്രതികരിച്ചത്.

എ.വി ഗോപിനാഥ് സി.പി.ഐ.എമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ജില്ലാ നേതൃത്വം പറഞ്ഞു. ജില്ലാ നേതൃവുമായി ഗോപിനാഥ് സംസാരിച്ചിട്ടില്ല, ഫോണില്‍ പോലും ബന്ധപ്പെട്ടില്ലെന്നാണ് പാലക്കാട് ജില്ലാ സെക്രട്ടറി പറഞ്ഞത്.

എ.വി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ട് പുറത്തുവന്നാല്‍ സി.പി.ഐ.എം അദ്ദേഹത്തെ സ്വീകരിക്കുമോ എന്ന ചോദ്യത്തിന്,അദ്ദേഹം പുറത്തുവന്നതിന് ശേഷം സംസാരിക്കേണ്ട കാര്യമാണ് ഇതെന്ന് പാലക്കാട് ജില്ലാ നേതൃത്വം പറഞ്ഞു.

ഗോപിനാഥ് കോണ്‍ഗ്രസ് വിട്ട് അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കട്ടെ. അദ്ദേഹം ദീര്‍ഘകാലമായി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനാണ്. ജില്ലയിലെ അറിയപ്പെടുന്ന കോണ്‍ഗ്രസിന്റെ നേതാവുമാണ്. അദ്ദേഹം കോണ്‍ഗ്രസ് വിട്ട് പുറത്തുവന്ന് സ്വതന്ത്രനാണ് എന്ന് പ്രഖ്യാപിച്ചതിന് ശേഷം മറ്റുകാര്യങ്ങള്‍ തീരുമാനിക്കാമെന്നും പാലക്കാട് ജില്ലാ നേതൃത്വം പറഞ്ഞു.

പാലക്കാട് നിയോജക മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന്റെ പേര് ഉയര്‍ന്നു വന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉയര്‍ന്നത്. ഷാഫി പറമ്പിലിനെതിരെ കോണ്‍ഗ്രസിന്റെ തന്നെ മുതിര്‍ന്ന നേതാവായ എ.വി ഗോപിനാഥ് മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

മത്സരിക്കാനായി ഷാഫി പറമ്പിലിന്റെ പേര് ഉയര്‍ന്നു വന്നതിന് പിന്നാലെ പരസ്യ വിമര്‍ശനവുമായി എ.വി ഗോപിനാഥ് മുന്നോട്ട് വന്നിരുന്നു. ആലത്തൂര്‍ എം.എല്‍.എ ആയിരുന്ന എ.വി ഗോപിനാഥ് ഇപ്പോള്‍ പെരിങ്ങോട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്ത് അംഗം കൂടിയാണ്. കഴിഞ്ഞ ദിവസം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച്, അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തിന് വെല്ലുവളിയുയര്‍ത്തിയിരുന്നു.

മരിക്കുന്നത് വരെ കോണ്‍ഗ്രസിലുണ്ടാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു എന്നാല്‍ അത് നടക്കുമോ എന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയില്ലെന്ന് എ.വി ഗോപിനാഥ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. പാലക്കാട് ഷാഫി പറമ്പിലിന്റെ പേര് ഉയര്‍ന്നുവരുന്നതിനെതിരെയും അദ്ദേഹം പരോക്ഷ വിമര്‍ശനം ഉന്നയിച്ചു.

എന്തുകൊണ്ട് കോണ്‍ഗ്രസിന്റെ നേതാക്കന്മാര്‍ കഴിഞ്ഞ പതിനഞ്ച് കൊല്ലമായി എന്നെ വിളിക്കുന്നില്ല എന്നും എ.വി ഗോപിനാഥ് ചോദിച്ചു. മെമ്പര്‍ഷിപ്പ് പുതുക്കാന്‍ പോലും അവസരം തന്നിട്ടില്ലെന്ന് എ.വി ഗോപിനാഥ് പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും കൂടുതല്‍ പരിഗണനയുണ്ടാകുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് തന്നെ മത്സരിക്കാനാണ് ആഗ്രഹമെന്നും പാര്‍ട്ടി നേതൃത്വം തന്റെ താത്പര്യം കണക്കിലെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞിരുന്നു. അതിനിടെ ഷാഫി പറമ്പിലിനെ മലമ്പുഴയില്‍ മത്സരിപ്പിക്കണമെന്ന ആവശ്യവും നേതൃത്വത്തില്‍ നിന്ന് ഉയര്‍ന്ന് വന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Shafi Prambil Candiateship inPalakkad; CPIM Response in A.V Gopinath Issue

We use cookies to give you the best possible experience. Learn more