| Friday, 7th July 2017, 8:12 am

ടി.പി വധക്കേസിലെ പ്രതിയ്ക്ക് പരോള്‍ അനുവദിച്ചത് ജയില്‍ ഉപദേശക സമിതിയുടെ അനുമതിയില്ലാതെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ മുഹമ്മദ് ഷാഫിക്ക് വിയ്യൂര്‍ ജയിലില്‍ നിന്നും പരോള്‍ അനുവദിച്ചത് ജയില്‍ ഉപദേശക സമിതിയുടെ അറിവോ അനുമതിയോ ഇല്ലാതെ. ഷാഫിക്ക് പരോള്‍ അനുവദിക്കേണ്ടതില്ല എന്ന ജയില്‍ ഉപദേശക സമിതിയുടെ തീരുമാനം മറികടന്ന് ജയില്‍ എ.ഡി.ജി.പി നേരിട്ടാണ് പരോള്‍ അനുവദിച്ചതെന്നാണ് റിപ്പോര്‍ട്ട്.

വിവാഹാവശ്യത്തിന് പരോള്‍ അനുവദിക്കാനാവില്ല എന്നിരിക്കെ ശിക്ഷാകാലത്തെ നിശ്ചിത കാലയളവിനുശേഷം അനുവദിക്കാവുന്ന സാധാരണ പരോള്‍ ആയി 15 ദിവസത്തേക്കാണ് ഷാഫിക്ക് പരോള്‍ അനുവദിച്ചത്.


Also Read: കോഴിക്കോട് റോഡരികില്‍ തലയും കയ്യും കാലും ഇല്ലാത്ത മനുഷ്യന്റെ മൃതദേഹം


ഷാഫിയുടേതടക്കമുള്ളവരുടെ പരോള്‍ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇടതുസര്‍ക്കാര്‍ അധികാരം ഏറ്റശേഷം ജനുവരി ആറിന് ജയില്‍ ഉപദേശക സമിതിയുടെ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ 80 ഓളം പരോള്‍ അപേക്ഷകളാണ് വന്നത്. ജയിലിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം, തടവുകാരുടെ ഭരണം, ജീവനക്കാര്‍ക്ക് നേരെയുള്ള ഭീഷണി, ലഹരി ഉപയോഗം തുടങ്ങി നിരവധി പരാതികളും കേസുകളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഷാഫിക്ക് പരോള്‍ അനുവദിക്കാനാവില്ല എന്ന നിഗമനത്തിലാണ് ജയില്‍ ഉപദേശ സമിതി എത്തിയത്.

എന്നാല്‍ കഴിഞ്ഞ നാലിന് ജയില്‍ എ.ഡി.ജി.പി നേരിട്ട് പരോള്‍ അനുവദിക്കുകയാണുണ്ടായത്. ജയിലില്‍ ദൈനംദിന നടപടിക്രമങ്ങള്‍ ഉള്‍പ്പെടെ ജയില്‍ ഉപദേശക സമിതി അറിഞ്ഞിരിക്കണമെന്ന ചട്ടം നിലനില്‍ക്കെയാണ് ഷാഫിക്ക് ആരും അറിയാതെ പരോള്‍ അനുവദിച്ചത്.

വ്യാഴാഴ്ചയായിരുന്നു ഷാഫിയുടെ വിവാഹം. വിവാഹത്തിന് എ.എന്‍ ഷംസീര്‍ എം.എല്‍.എ പങ്കെടുത്തത് ഇതിനകം വിവാദമായിരുന്നു.

We use cookies to give you the best possible experience. Learn more