എം.എം. മണിയുടെ നാവ് ചങ്ങലക്കിടണമെന്ന് ഷാഫി പറമ്പില്‍; അധിക്ഷേപ പരാമര്‍ശത്തില്‍ എം.എം. മണിക്കെതിരെ പ്രതിപക്ഷം
Kerala News
എം.എം. മണിയുടെ നാവ് ചങ്ങലക്കിടണമെന്ന് ഷാഫി പറമ്പില്‍; അധിക്ഷേപ പരാമര്‍ശത്തില്‍ എം.എം. മണിക്കെതിരെ പ്രതിപക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th July 2022, 9:25 pm

തിരുവനന്തപുരം: കെ.കെ.രമ എം.എല്‍.എക്കെതിരെ എം.എം.മണി നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ സഭാ കവാടത്തില്‍ പ്രതിഷേധിച്ചു. സി.പി.ഐ.എമ്മുകാര്‍ നടപ്പിലാക്കുന്ന ‘വിധി’വെട്ടി നുറുക്കി കൊന്ന് കളഞ്ഞിട്ടും വീണ്ടും വീണ്ടും ആ കുടുംബങ്ങളെ അപമാനിച്ച് രസിക്കുന്ന ആ പാര്‍ട്ടി രാഷ്ട്രീയ കേരളത്തിന് അപമാനമാണെന്ന് പറയാതെ വയ്യെന്ന് വിഷയത്തില്‍ ടി. സിദ്ദീഖ് എം.എല്‍.എ ഫേസ്ബുക്കില്‍ എഴുതി.

എം.എം മണിയുടെ നാവ് ചങ്ങലക്കിടണമെന്നായിരുന്നു ഷാഫി പറമ്പില്‍ എം.എല്‍.എയുടെ പ്രതികരണം. ‘രമ വിധവയായത് അവരുടെ വിധി എന്ന് നിയമസഭയില്‍ പ്രസംഗിക്കുന്ന എം.എം. മണിക്കും കേരളത്തിനും അറിയാം ടി.പിയെ കൊല്ലാനുള്ള വിധി പുറപ്പെടുവിച്ചത് സി.പി.ഐ.എം പാര്‍ട്ടി കോടതിയാണെന്ന്. അതിന്റെ ജഡ്ജിയുടെ പിന്തുണയുണ്ടെന്ന് കരുതി മണിയുടെ നാറിയ നാക്ക് കൊണ്ട് ഇനിയും ടി.പിയേയും രമയേയും ആക്ഷേപിക്കുവാന്‍ തുനിഞ്ഞാല്‍ അത് കേട്ടോണ്ടിരിക്കില്ല. എം.എം മണിയുടെ നാവ് ചങ്ങലക്കിടണം. സഭയില്‍ പ്രതിപക്ഷ പ്രതിഷേധം,’ ഷാഫി ഫേസ്ബുക്കില്‍ എഴുതി.

നിരന്തരം വേട്ടയാടുകയാണെന്നും പക്ഷേ തളര്‍ത്താമെന്ന് കരുതണ്ടെന്നും രമ വിഷയത്തില്‍ പ്രതികരിച്ചു. രമ ഓടുപൊളിച്ചു നിയമസഭയില്‍ കയറിയതാണോ എന്ന് സ്പീക്കര്‍ പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനും പറഞ്ഞു.

‘എം.എം. മണി സി.പി.ഐ.എമ്മിന് ആഭരണമായിരിക്കാം. എന്ത് തോന്ന്യവാസവും വിളിച്ചുപറഞ്ഞിട്ട് നാടന്‍ ഭാഷയാണെന്ന് പറയുന്ന ആശാന്‍ വീട്ടിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കണം. വിധവയും മഹതിയുമൊക്കെ സ്വന്തം വീട്ടിലാണെന്ന് കരുതിക്കേ, മുഖ്യമന്ത്രി സ്വന്തം മകളെ ഇങ്ങനെ വിളിച്ചാലും ഇതുതന്നെ പറയുമോ? ആദ്യം മനസാക്ഷി വേണം. കെ.കെ.രമയെ കാണുമ്പോള്‍ പന്തം കണ്ട പെരുച്ചാഴിയെ പോലെ സി.പി.ഐ.എമ്മുകാര്‍ ചാടുന്നതെന്തിനാ. രമ ഓടുപൊളിച്ചു നിയമസഭയില്‍ കയറിയതാണോ എന്ന് സ്പീക്കര്‍ പറയണം.

എളമരം കരീമും പി. മോഹനനും എം.എം മണിയും ഒക്കെ പുലമ്പുന്നത് പാര്‍ട്ടി തീരുമാനമാണെന്ന് മുഖ്യമന്ത്രിയുടെ ന്യായീകരണം കേട്ടപ്പോള്‍ മനസിലായി. നിങ്ങള്‍ക്കുള്ള അതേ യോഗ്യതയില്‍ ജനപ്രതിനിധിയായി കെ.കെ. രമയെ കാണാന്‍ കഴിയാത്തത് നിങ്ങളുടെ ഉള്ളിലുള്ള പക കൊണ്ട് മാത്രമാണ്, പ്രബുദ്ധ കേരളം രമയെ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു, അതുകൊണ്ട് സഭ്യമായ ഭാഷയൊക്ക ഉപയോഗിച്ച് ശീലിക്ക്,’ ഷാനിമോള്‍ ഉസ്മാന്‍ കൂട്ടിച്ചേര്‍ത്തു.

‘ഇവിടെ ഒരു മഹതി സര്‍ക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല’ എന്നായിരുന്നു എം.എം. മണിയുടെ പ്രസംഗം.

ഇതിനെതിരെ പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയും സഭ നിര്‍ത്തിവെക്കുകയും ചെയ്തു. എം.എം. മണിയുടെ പ്രസംഗം ക്രൂരവും നിന്ദ്യവും മര്യാദകേടുമാണെന്നായിരുന്നു വി.ഡി. സതീശന്റെ വിമര്‍ശനം. സഭ പിന്നീട് വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷം ബഹിഷ്‌കരിക്കുകയായിരുന്നു.