| Tuesday, 25th April 2023, 5:52 pm

സമരം ചെയ്തവന്റെ മതം നോക്കി കേസെടുക്കുന്ന പിണറായിയുടെ ആഭ്യന്തര വകുപ്പ്; കേരളത്തില്‍ ബി.ജെ.പിക്ക് സീറ്റിന്റെ ആവശ്യമില്ല: ഷാഫി പറമ്പില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എറണാകുളത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധിച്ച
യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പി.എച്ച്. അനീഷിനെതിരെ മതസ്പര്‍ധ വകുപ്പ് ചുമത്തിയ കേരള പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ.

സമരം ചെയ്തവന്റെ മതം നോക്കി ‘മത സ്പര്‍ധ വളര്‍ത്തുന്ന’ വകുപ്പ് ചേര്‍ത്ത് കേസെടുക്കാന്‍ നിര്‍ദേശം നൽകിയത് പിണറായി വിജയന്റെ ആഭ്യന്തര വകുപ്പാണ്, ഇതേ ചൊല്ലി പിണറായിയെ മോദി അഭിമാനിക്കുന്നുണ്ടാവുമെന്നും അദ്ദേഹം പരിഹസിച്ചു.

കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരുള്ളപ്പോള്‍ ബി.ജെ.പിക്ക് സീറ്റ് വേണ്ട ആവശ്യമില്ലെന്നും ‘കേരള യോഗി’യാണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള യുവം 2023 വേദിക്ക് മുന്നിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമുണ്ടായത്. യുവം പരിപാടി വേദിയായ തേവര എസ്.എച്ച് കോളേജ് പരിസരത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അനീഷ് ‘മോദി ഗോ ബാക്ക്’ മുദ്രാവാക്യം വിളിച്ചെത്തുക്കായിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇദ്ദേഹത്തിനെതിരെ മതസ്പര്‍ധക്ക് കേസെടുത്തിരിക്കുന്നത്.

ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരുള്ളപ്പോള്‍ മോദി ഒരു സീറ്റിന് വേണ്ടി എന്തിന് കഷ്ടപെടണം? ഒരു സീറ്റിന് വേണ്ടി റോഡ് ഷോ നടത്തി, മോദിയെ കൊണ്ട് കൂട്ടിയാല്‍ കൂടാത്ത ‘സംവാദം’എന്ന ഓമനപ്പേരില്‍ റേഡിയോ തുറന്നുവെച്ച പോലെ മന്‍ കി ബാത്ത് നടത്തിയൊക്കെ ബി.ജെ.പി നേടാനാഗ്രഹിക്കുന്ന ഭരണം കൊണ്ട് എന്താണോ അവര്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നത് അത് പിണറായി സര്‍ക്കാര്‍ ഭംഗിയായി നടപ്പിലാക്കുന്നുണ്ട്.

ഇന്നലെ പ്രധാനമന്ത്രി എറണാകുളത്ത് എത്തിയപ്പോള്‍ പുല്‍വാമയിലെ ധീരരെ കൊലക്ക് കൊടുത്തതില്‍ ഭരണകൂടത്തിന്റെ വീഴ്ച ചൂണ്ടിക്കാണിച്ച് യൂത്ത് കോണ്‍ഗ്രസ് കൊടി വീശി ‘ മോദി ഗോ ബാക്ക്’ എന്ന് മുദ്രാവാക്യം വിളിച്ചതിന് അനീഷ് പി.എച്ച് എന്ന യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിക്കെതിരെ ‘മേലെ’ നിന്നുള്ള നിര്‍ദേശ പ്രകാരം 153 A ചുമത്തുകയാണെന്ന് പോലീസ് എറണാകുളം എം.പി ഹൈബി ഈഡനെ വിളിച്ച് അറിയിക്കുന്നു.

സമരം ചെയ്തവന്റെ മതം നോക്കി മുസ്‌ലിമായത് കൊണ്ട് ‘മത സ്പര്‍ദ്ധ വളര്‍ത്തുന്ന’ വകുപ്പ് ചേര്‍ത്ത് കേസെടുക്കാന്‍ നിര്‍ദേശം കൊടുത്ത വിജയന്റെ ആഭ്യന്തര വകുപ്പിനെ ചൊല്ലി മോദി അഭിമാനിക്കുന്നുണ്ടാവും.

‘കേരള യോഗി’ പിണറായി നാട് ഭരിക്കുമ്പോള്‍ ബി.ജെ.പി ഇനി വേറെ സീറ്റിനും ഭരണത്തിനും വേണ്ടി ദിവാസ്വപ്നം കാണേണ്ട കാര്യമില്ലല്ലോ…
ഏത് കേസെടുത്താലും കോട്ടിട്ട മോദിക്കും മുണ്ടുടുത്ത മോദിക്കുമെതിരെയുള്ള യൂത്ത് കോണ്‍ഗ്രസ് പോരാട്ടം തുടരും.

Content Highlight: Shafi Parampil says pinarayi vijayan’s home department suing the protester based on his religion

We use cookies to give you the best possible experience. Learn more