Kerala News
പൊതുമേഖല സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം കൂട്ടുന്നത് യുവജന വഞ്ചന; സര്‍ക്കാര്‍ ചെറുപ്പക്കാരെ നാട് കടത്താന്‍ ശ്രമിക്കുന്നു: ഷാഫി പറമ്പില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Oct 31, 12:43 pm
Monday, 31st October 2022, 6:13 pm

തിരുവനന്തപുരം: തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ സംസ്ഥാനത്ത് 122 പൊതുമേഖല സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം 60 ആക്കാനുള്ള സര്‍ക്കാര്‍ തീരുമാനം യുവജന വഞ്ചനയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. ചെറുപ്പക്കാരെ നാട് കടത്താന്‍ ശ്രമിക്കുകയാണ് സര്‍ക്കാരെന്നും അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പിന്‍വാതില്‍ നിയമനങ്ങളും അപ്രഖ്യാപിത നിയമന നിരോധനവും കൊണ്ട് സഹികെട്ട യുവതയെ തൊഴില്‍ സ്വപ്നങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ‘ബ്ലോക്ക്’ ചെയ്യുകയാണ്.

സി.പി.ഐ.എമ്മിലും മന്ത്രിസഭയിലും ബന്ധുമിത്രാദികള്‍ ഇല്ലാത്ത യോഗ്യതയുള്ള ചെറുപ്പക്കാര്‍ക്ക് തൊഴില്‍ കിട്ടാതെ ദയനീയമായ അവസ്ഥയിലാണ്. അവരെ നാട് കടത്തുന്ന തീരുമാനമാണ് സര്‍ക്കാര്‍ എടുക്കുന്നത്.
യുവജന വിരുദ്ധ ഉത്തരവുകള്‍ ഒളിച്ചുകടത്തുന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇന്ന് വൈകുന്നേരം മുതല്‍ തന്നെ പ്രതിഷേധമുയരുമെന്നും ഷാഫി പറഞ്ഞു.

യുവജന ദ്രോഹത്തെ ചോദ്യം ചെയ്യാന്‍ മുട്ടിടിക്കുന്ന ഡി.വൈ.എഫ്.ഐ, പിണറായി വിജയന്റെ പി.ആര്‍ ഏജന്‍സിയായി റീ രജിസ്റ്റര്‍ ചെയ്യുന്നതായിരിക്കും ഉചിതം.

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള തീരുമാനത്തിന്റെ പൈലറ്റ് പദ്ധതിയാണിതെന്ന് വ്യക്തമാണ്. സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിക്കും. അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ ഈ കൊടുംചതിക്കെതിരെ രംഗത്ത് വരണമെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി ഒഴികെ 122 സ്ഥാപനങ്ങളിലും ആറ് ധനകാര്യ കോര്‍പ്പറേഷനുകളിലുമാണ് പെന്‍ഷന്‍ പ്രായം ഏകീകരിച്ചത്. 56,58,60 എന്നിങ്ങനെ വ്യത്യസ്ത പെന്‍ഷന്‍ പ്രായമായിരുന്നു വിവിധ സ്ഥാപനങ്ങളില്‍. ഒന്നര ലക്ഷം പേര്‍ക്കാണ് ആനുകൂല്യം കിട്ടുക.