തിരുവനന്തപുരം: കെ റെയിലിന്റെ സാമൂഹിക ആഘാത പഠനത്തിന് ഇനിമുതല്‍ ജി.പി.എസ് സംവിധാനം ഉപയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ. പ്രതിപക്ഷം ഈ കല്ലിടല്‍ നാടകം നിയമവിരുദ്ധമാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞപ്പോള്‍ പരിഹസിച്ച ആളുകള്‍ക്ക് ഇപ്പോള്‍ എന്ത് മറുപടി പറയാനുണ്ടെന്ന് ഷാഫി ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ റെയില്‍ കുറ്റിയിടലിനെതിരെയുള്ള സമരത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഇതിനൊക്കെ ആര് സമാധാനം പറയും? മുഖ്യമന്ത്രിയുടെയും സി.പി.ഐ.എമ്മിന്റെയും ധാര്‍ഷ്ട്യത്തിന്റെ പേരില്‍ ദുരിതം അനുഭവിച്ച പാവങ്ങളോട് പിണറായി മാപ്പ് പറയണം.
കിടപ്പാടം സംരക്ഷിക്കുവാന്‍ പോരാടിയവരുടെ പേരിലും അവര്‍ക്ക് പിന്തുണയായി സമരരംഗത്ത് എത്തിയവരുടെ പേരിലും എടുത്ത കേസുകളും പിന്‍വലിച്ച് പോലീസ് അതിക്രമങ്ങള്‍ക്കിരയാവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം.
പ്രതിപക്ഷം ഈ കല്ലിടല്‍ നാടകം നിയമവിരുദ്ധമാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞപ്പോള്‍ പരിഹസിച്ച ആളുകള്‍ക്ക് ഇപ്പോള്‍ എന്ത് മറുപടി പറയാനുണ്ട് ?
എം.വി. ജയരാജന് റവന്യൂ മന്ത്രി രാജന്റെ പല്ല് പറിക്കുവാന്‍ തോന്നുണ്ടോ?
പ്രതിപക്ഷമാണ് ജനപക്ഷം,’ ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ എഴുതി.