പാലക്കാട്: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരെ സി.പി.ഐ.എം സംസ്ഥാന സമിതി അംഗം പി. ജയരാജന്‍ പരാതി നല്‍കിയെന്ന മാധ്യമവാര്‍ത്തകളില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ.
സി.പി.ഐ.എം പാര്‍ട്ടിയുടെ എല്ലാവിധ മാഫിയ ബന്ധങ്ങളുടെയും ഇടനിലക്കാരനായിരുന്നു ഇ.പി. ജയരാജനെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. പി. ജയരാജന്റെ ആരോപണത്തോട് കേരളത്തിന്റെ മുഖ്യമന്ത്രിയുടെ നിലപാടെന്താണ് എന്ന് പ്രഖ്യാപിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇ.പി. ജയരാജന്റെ റിസോര്‍ട്ടിന് അനുമതി നല്‍കിയ ഗോവിന്ദന്‍ മാഷിന്റെ ഭാര്യ പി. ശ്യാമള തന്നെയാണ് സാജന്‍ എന്ന പ്രവാസിയുടെ സ്വപ്നത്തെ ഇല്ലാതാക്കിയതെന്നും ഷാഫി പറഞ്ഞു.
‘സാജന്‍ പാറയില്‍ എന്ന് പറഞ്ഞ ആന്തൂര്‍ സ്വദേശിയെ ഓര്‍മ്മയുണ്ടോ?
മനസാക്ഷിയുള്ള ആര്‍ക്കും അത്ര പെട്ടെന്ന് മറക്കാന്‍ ആവില്ല.. തൊടുന്യായങ്ങള്‍ പറഞ്ഞ് ആന്തൂര്‍ നഗരസഭ അനുമതി നിഷേധിച്ച ആന്തൂര്‍ നഗരസഭയിലെ നാഷണല്‍ ഹൈവേയുടെ ഓരത്ത് പണി കഴിപ്പിച്ച കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഉടമ.
അനേക വര്‍ഷം പ്രവാസ ലോകത്ത് ജീവിച്ച് അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട് സ്വന്തം നാട്ടില്‍ ഒരു സംരംഭം തുടങ്ങുവാനുള്ള ആഗ്രഹത്താല്‍ പണികഴിപ്പിച്ച തന്റെ സ്വപ്‌നങ്ങള്‍ തച്ചുടച്ച നഗരസഭ ചെയര്‍പേഴ്‌സന്റെയും അധികാരികളോടുടെയും ക്രൂരതയുടെ ഫലമായി ജീവനൊടുക്കിയ പ്രവാസി വ്യവസായി, അവിടെയാണ് അതേ നഗരസഭയാണ് കുന്നിടിച്ചും പ്രകൃതിയെ നശിപ്പിച്ചും നിയമവിരുദ്ധമായി കെട്ടിപ്പൊക്കിയ ആയുര്‍വേദ റിസോര്‍ട്ടിന് എല്ലാ ഒത്താശയും ചെയ്തു നല്‍കിയത്,അതിന് കാരണം ആ സംരംഭത്തിന്റെ ഉടമ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ മകനും ഭാര്യയുമാണ് എന്നതാണ്.
ഇ.പി. ജയരാജന്റെ മകന്‍ ജയ്‌സണെപ്പോലെയല്ല സാജന്‍, അയാളുടെ ഫയലുകള്‍ ചുവപ്പുനാടയിലും ചെങ്കൊടിയിലും തടഞ്ഞുവെക്കപ്പെട്ടിരുന്നു, തന്റെ സ്വപ്നവും വിയര്‍പ്പും ഇല്ലാതാക്കിയ മനുഷ്യരോടുള്ള പ്രതിഷേധം ആയിരിക്കാം ഒരുപക്ഷേ സാജന്‍ ആത്മഹത്യ ചെയ്തത്.
ഇ.പി. ജയരാജന്റെ റിസോര്‍ട്ടിന് അനുമതി നല്‍കിയ ഗോവിന്ദന്‍ മാഷിന്റെ ഭാര്യ പി. ശ്യാമള തന്നെയാണ് സാജന്‍ എന്ന പ്രവാസിയുടെ സ്വപ്നത്തെ ഇല്ലാതാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ എല്ലാ എല്ലാവിധ സംരംഭങ്ങള്‍ക്കും കൂട്ടുനിന്ന ചരിത്രമാണ് ഇ.പി. ജയരാജന്റേത്, ദേശാഭിമാനിയില്‍ ലോട്ടറി രാജാവ് സാന്‍ഡ്യോഗോ മാര്‍ട്ടിന് ബോണ്ട് നല്‍കിയതടക്കം സി.പി.ഐ.എം പാര്‍ട്ടിയുടെ എല്ലാവിധ മാഫിയ ബന്ധങ്ങളുടെയും ഇടനിലക്കാരനായിരുന്നു ഇ.പി. ജയരാജന്‍.
അങ്ങനെയുള്ള ജയരാജനോട് പിണറായി വിജയന്റെ സമീപനം എന്താണ് എന്ന് അറിയുവാന്‍ പൊതുസമൂഹം ആഗ്രഹിക്കുന്നുണ്ട്. പി. ജയരാജന്റെ ആരോപണത്തോട് കേരളത്തിന്റെ മുഖ്യമന്ത്രിയുടെ നിലപാടെന്താണ് എന്ന് പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു.
മുഖ്യമന്ത്രി വാ തുറക്കണം,’ ഷാഫി പറമ്പില്‍ പറഞ്ഞു.
അതേമസയം, ഇ.പി. ജയരാജനെതിരെ പരാതി നല്‍കിയെന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയാണെന്നായിരുന്നു പി. ജയരാജന്റെ പ്രതികരണം. ബുള്ളറ്റ് പ്രൂഫ് വാഹനമെന്ന പേരില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കൂട്ടരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇ.പി. ജയരാജന്‍ പാര്‍ട്ടിയുടെ സമുന്നത നേതാവാണ്. സി.പി.ഐ.എമ്മിനെ താറടിക്കാനുള്ള ശ്രമമാണ് ഇതുവഴി നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
‘പാര്‍ട്ടിക്ക് അകത്ത് നടന്ന ചര്‍ച്ചകള്‍ പുറത്ത് പങ്കുവെക്കാനാഗ്രഹിക്കുന്നില്ല. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടിയിലെ തെറ്റ് തിരുത്തല്‍ രേഖ അംഗീകരിച്ചിരുന്നു. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധത്തിനും തീരുമാനം എടുത്തു.
ഇ.പി. ജയരാജന്‍ റിസോര്‍ട്ട് നടത്തുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഞാന്‍ റിസോര്‍ട്ട് നിര്‍മിച്ച സ്ഥലത്ത് പോയിട്ടില്ല,’ പി. ജയരാജന്‍ പറഞ്ഞു.
സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയില്‍ ഇ.പി. ജയരാജനെതിരെ പി. ജയരാജന്‍ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ചെന്നായിരുന്നു വാര്‍ത്തകള്‍.
കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരിലാണ് സാമ്പത്തിക ആരോപണം. ഇ.പി. ജയരാജനെതിരെ അന്വേഷണവും നടപടിയും വേണെമെന്ന് പി. ജയരാജന്‍ ആരോപിച്ചെന്നും വിവിധ ടി.വി ചാനലുകള്‍ പുറത്തുവിട്ട വര്‍ത്തകളില്‍ പറഞ്ഞിരുന്നു.