| Tuesday, 24th January 2023, 10:26 am

ബി.ബി.സി ഡോക്യുമെന്ററി രാജ്യമെമ്പാടും പ്രദര്‍ശിപ്പിക്കാന്‍ ഡി.വൈ.എഫ്.ഐ; കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐയ്യും യൂത്ത് കോണ്‍ഗ്രസും. ഡോക്യുമെന്ററി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതിനു പിന്നാലെ രാജ്യത്തുടനീളം പ്രദര്‍ശിപ്പിക്കുമെന്നാണ് ഡി.വൈ.എഫ്.ഐ. പ്രഖ്യാപിച്ചത്. സത്യം എത്ര മൂടിവെക്കാന്‍ ശ്രമിച്ചാലും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കും. പ്രദര്‍ശിപ്പിക്കുന്നത് രാജ്യ വിരുദ്ധ പ്രവര്‍ത്തനമായി കാണേണ്ടതില്ല. ഡോക്യുമെന്ററിയില്‍ മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ ഒന്നുമില്ലെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു.

ഒറ്റുകൊടുത്തതിന്റെയും മാപ്പ് എഴുതിയതിന്റെയും വംശഹത്യ നടത്തിയതിന്റെയുമൊക്കെ ഓര്‍മപ്പെടുത്തലുകള്‍ അധികാരം ഉപയോഗിച്ച് മറച്ച് പിടിക്കാവുന്നതല്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും പാലക്കാട് എം.എല്‍.എയുമായ ഷാഫി പറമ്പില്‍ കുറിച്ചത്.

‘ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ സംഘപരിവാറിനും മോദിക്കുമൊക്കെ എന്നും ശത്രുപക്ഷത്താണ്. ഒറ്റുകൊടുത്തതിന്റെയും മാപ്പ് എഴുതിയതിന്റെയും വംശഹത്യ നടത്തിയതിന്റെയുമൊക്കെ ഓര്‍മപ്പെടുത്തലുകള്‍ അധികാരം ഉപയോഗിച്ച് മറച്ച് പിടിക്കാവുന്നതല്ല. ബി.ബി.സി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കും,’ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ ഷാഫി കുറിച്ചു.

കേന്ദ്ര സര്‍ക്കാര്‍ വിലക്കിയ ഡോക്യുമെന്ററി കഴിഞ്ഞ ദിവസം ഹൈദരാബാദ് സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതേസമയം ബി.ബി.സി ഡോക്യുമെന്ററിയുടെ ഒന്നാം ഭാഗം പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ച ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ അധികാരികള്‍ വിലക്കിയിരുന്നു. ഡോക്യുമെന്ററിയുടെ പ്രദര്‍ശനം റദ്ദാക്കണമെന്നാണ് ജെ.എന്‍.യു അധികാരികള്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്.

ചൊവ്വാഴ്ച രാത്രി ഒമ്പത് മണിക്ക് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ പദ്ധതിയിട്ടിരുന്നതായി സര്‍വകലാശാലാ അഡ്മിനിസ്ട്രേഷന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. ‘ഈ പരിപാടിക്ക് ജെ.എന്‍.യു അധികാരികളില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ല’ എന്നാണ് പ്രസ്താവനയിലുള്ളത്.

ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍ (India: The Modi Question) എന്ന ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്ന് പ്രദര്‍ശിപ്പിക്കാനൊരുങ്ങുകയാണ് ബി.ബി.സി. ഗുജറാത്ത് കലാപത്തിന് പുറമെ 2019 തെരഞ്ഞെടുപ്പ് കാലത്ത് മോദി സ്വീകരിച്ച നയങ്ങളും നിലപാടുകളും സംബന്ധിച്ചുള്ള വിലയിരുത്തലുകളും രണ്ടാം ഭാഗത്തിലുണ്ടാകുമെന്നാണ് ബി.ബി.സി നല്‍കുന്ന സൂചന.

ഇക്കഴിഞ്ഞ 17ാം തീയതിയായിരുന്നു ഡോക്യുമെന്ററിയുടെ ആദ്യഭാഗം ബി.ബി.സി സംപ്രേക്ഷണം ചെയ്തത്. വേണ്ടത്ര ഗവേഷണം നടത്തിയ ശേഷമാണ് ഡോക്യുമെന്ററി തയ്യാറാക്കിയതെന്നും വിവാദ വിഷയങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നുവെന്നും എന്നാല്‍ ഇന്ത്യ പ്രതികരിച്ചില്ലെന്നുമാണ് ബി.ബി.സി വ്യക്തമാക്കിയത്. ബി.ജെ.പി നേതാക്കളുടെ അഭിപ്രായം ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ബ്രിട്ടീഷ് മാധ്യമം പ്രതികരിച്ചിരുന്നു.

ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പ്രൊപ്പഗാണ്ടയുടെ ഭാഗമാണെന്നാണ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ ഡെറിക് ഒബ്രിയാന്‍, മഹുവ മൊയ്ത്ര അടക്കമുള്ളവര്‍ ഡോക്യുമെന്ററി ലിങ്കുകള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചു. ഇതിനിടെ ഡോക്യുമെന്ററിയുടെ പല ക്ലിപ്പിങ്ങുകളും ലിങ്കുകളും യൂട്യൂബ് പിന്‍വലിച്ചിരുന്നു.

Content Highlight: Shafi Parampil said that the BBC documentary will be screened in Kerala

We use cookies to give you the best possible experience. Learn more