'എന്താണ്, പുറത്താക്കീന്നൊക്കെ കേട്ടു'; തിരിച്ചടിച്ച് ഷാഫി പറമ്പില്‍
Kerala News
'എന്താണ്, പുറത്താക്കീന്നൊക്കെ കേട്ടു'; തിരിച്ചടിച്ച് ഷാഫി പറമ്പില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th November 2022, 11:40 pm

തിരുവനന്തപുരം: സി.പി.ഐ.എം നേതാവ് കെ.കെ. രാഗേഷിന്റെ പങ്കാളി പ്രിയ വര്‍ഗീസ് ഒന്നാമതെത്തിയ കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമന പട്ടിക പുനപരിശോധിക്കണമെന്ന ഹൈക്കോടതി വിധിയില്‍ വ്യത്യസ്ത പ്രതികരണവുമായി ഷാഫി പറമ്പില്‍ എം.എല്‍.എ.

‘എന്താണ്… പുറത്താക്കീന്നൊക്കെ കേട്ടു’ എന്ന ക്യാപ്ഷനില്‍ ‘കടക്ക് പുറത്ത്, പ്രതിയെ പുറത്താക്കി ഹൈക്കോടതി’ എന്നെഴുതിയ പോസ്റ്ററാണ് ഷാഫി പറമ്പില്‍ ഷെയര്‍ ചെയ്തത്. പ്രിയ വര്‍ഗീസിന്റെ ചിത്രമടക്കമുള്ള പോസ്റ്ററാണ് ഷാഫി പങ്കുവെച്ചത്.

നേരത്തെ കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ യു.ഡി.എഫ് ഭരണകാലത്തെ കത്തുകള്‍ കുത്തിപ്പൊക്കി സി.പി.ഐ.എം രംഗത്തെത്തിയിരുന്നു. ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ശിപാര്‍ശ കത്ത് നഗരസഭ ആസ്ഥാനത്തിന് മുന്നില്‍ ഫ്ളക്സടിച്ച് സ്ഥാപിച്ചായിരുന്നു സി.പി.ഐ.എം പ്രതിഷേധം.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഷാഫി എഴുതിയ കത്തിന്റെ പകര്‍പ്പാണ് ഫ്ളക്സിലുണ്ടായിരുന്നത്. ‘എന്താണ് ഷാഫീ കത്തൊക്കെ കൊടുത്തെന്ന് കേട്ടു,’ എന്ന പരിഹാസമായിരുന്നു ഫ്ളക്സിലുണ്ടായിരുന്നത്. ഇതിനാണ് പ്രയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കോടതി വിധിയില്‍ ഷാഫി തിരിച്ചടിച്ചത്.

അതേസമയം, കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറാകാന്‍ പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. പ്രിയ വര്‍ഗീസിന്റെ ഗവേഷണ കാലം അധ്യാപക പരിചയമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

പ്രിയ വര്‍ഗീസിന് അവകാശപ്പെടുന്ന സേവനങ്ങള്‍ അധ്യാപന പരിചയം ആകില്ല. പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് മതിയായ യോഗ്യതയില്ലെന്നും യോഗ്യതകളെല്ലാം അക്കാദമികമായി കണക്കാക്കാനാകില്ലെന്നും കോടതി പറഞ്ഞു.

അതിന്റെ അടിസ്ഥാനത്തില്‍ പ്രിയ വര്‍ഗീസിന് യോഗ്യതയുണ്ടോ എന്ന് സര്‍വകലാശാല പുനപരിശോധിക്കണം. ലിസ്റ്റില്‍ നിലനിര്‍ത്തണോ എന്ന് പരിശോധിച്ചുതീരുമാനിച്ച ശേഷം മാത്രം റാങ്ക് ലിസ്റ്റില്‍ തുടര്‍നടപടി എടുക്കാന്‍ കോടതി നിര്‍ദേശിച്ചു. ഒന്നരമണിക്കൂറില്‍ ഏറെയെടുത്താണ് ജഡ്ജിമാര്‍ വിധിപ്രസ്താവം വായിച്ചത്.

കോടതി വിധി മാനിക്കുന്നുവെന്നും നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും ചുരുക്കം വാക്കുകളിലൂടെയായിരുന്നു വിധിയില്‍ പ്രിയവര്‍ഗീസിന്റെ പ്രതികരണം.